ഭർത്താവിനെ ഉപേക്ഷിച്ച സ്ത്രീയും വിവാഹമോചനശേഷം ജീവനാംശത്തിന് അർഹ: സുപ്രീം കോടതി വിധി

വിവാഹമോചനത്തിനു ശേഷം സ്ത്രീ സാമൂഹികമായി അരികുവൽക്കരിക്കപ്പെടുകയോ ദാരിദ്ര്യത്തിൽ അകപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഭർത്താവിനെ ഉപേക്ഷിച്ച സ്ത്രീയും വിവാഹമോചനശേഷം ജീവനാംശത്തിന് അർഹ: സുപ്രീം കോടതി വിധി

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന സമയത്ത് ജീവനാംശത്തിനുള്ള അര്‍ഹതയില്ലെങ്കിലും വിവാഹമോചനത്തിനു ശേഷം വരുമാനമാര്‍ഗം ഇല്ലെങ്കില്‍ സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി.

ക്രിമിനല്‍ പ്രോസീജ്യര്‍ കോഡിലെ 125 വകുപ്പ് പ്രകാരം ഏത് മതത്തില്‍പ്പെട്ട ദമ്പതികളാണെങ്കിലും വിവാഹമോചനം വൈകുന്ന സാഹചര്യത്തില്‍ സ്ത്രീ ജീവനാംശത്തിന് അര്‍ഹയാണ്. എന്നാല്‍, ഇതേ വകുപ്പിലെ ഉപവകുപ്പ് (4) പ്രകാരം മൂന്ന് സാഹചര്യങ്ങളില്‍ സ്ത്രീ ജീവനാംശത്തിന് അര്‍ഹയല്ല: പരപുരുഷബന്ധം ഉണ്ടെങ്കില്‍, മതിയായ കാരണമില്ലാതെ ഭര്‍ത്താവുമായി അകന്ന് ജീവിക്കുകയാണെങ്കില്‍, പരസ്പരസമ്മതത്തോടെ വേര്‍പെട്ട് ജീവിക്കുകയാണെങ്കില്‍.

ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ഒരു വിധിയെ ചോദ്യം ചെയ്ത് മനോജ് കുമാര്‍ എന്നയാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് ഹര്‍ജിയാണ് കോടതിയെ ആശയക്കുഴപ്പത്തിലാക്കിയത്. മനോജിന്‌റെ ഭാര്യ ചമ്പാ ദേവി അയാളെ ഉപേക്ഷിച്ച് പോയതായിരുന്നിട്ടും അവര്‍ക്ക് പ്രതിമാസം 3000 രൂപ ജീവനാംശം കൊടുക്കണമെന്ന് വിധിയ്‌ക്കെതിരേയാണ് മനോജ് സുപ്രീം കോടതിയെ സമീപിച്ചത്.

125 (4) വകുപ്പ് പ്രകാരം ജീവനാംശത്തിന് സ്ത്രീ അര്‍ഹയല്ലെന്നായിരുന്നു മനോജിന്‌റെ വക്കീല്‍ നിഷ പ്രിയ ഭാട്ടിയ വാദിച്ചത്. എന്നാല്‍ സ്ത്രീയുടെ ഭാഗത്തു നിന്നും എന്ത് വീഴ്ചയുണ്ടായാലും അവര്‍ ദാരിദ്ര്യത്തില്‍ അകപ്പെടാതിരിക്കാന്‍ ജീവനാംശം നല്‍കണമെന്ന് ചമ്പാദേവിയുടെ വക്കീല്‍ അനില്‍ നാഗ് വാദിച്ചു.

വിവാഹമോചിതരായ സ്ത്രീകള്‍ സാമൂഹികമായി അരികുവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന സുപ്രീം കോടതിയുടെ തന്നെ ഒരു പഴയ വിധിയും നാഗ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതോടെ ഹിമാചല്‍ കോടതിയുടെ വിധി സുപ്രീം കോടതി ശരി വച്ചു.