ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരുഷന്‍മാര്‍ ശ്രമിച്ചാല്‍ തെരുവില്‍ വാളു കൊണ്ട് നേരിടും: ഹിന്ദു യുവ വാഹിനി

പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘടനയിലെ യുവാക്കള്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിനടുത്തുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വാളുകളേന്തി മോട്ടോര്‍ സൈക്കിളുകള്‍ റോന്തുചുറ്റിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരുഷന്‍മാര്‍ ശ്രമിച്ചാല്‍ തെരുവില്‍ വാളു കൊണ്ട് നേരിടും: ഹിന്ദു യുവ വാഹിനി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി മുസ്ലീങ്ങള്‍ക്കെതിരെ തെരുവുയുദ്ധ പ്രഖ്യാപനവുമായി രംഗത്ത്. ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഏതെങ്കിലും മുസ്ലീം യുവാവ് ശ്രമിച്ചാല്‍ അവരെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്നാണ് തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനയുടെ ഭീഷണി.

പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘടനയിലെ യുവാക്കള്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിനടുത്തുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കൈകളില്‍ വാളുമായി മോട്ടോര്‍ സൈക്കിളുകള്‍ റോന്തുചുറ്റി. 'ഭഗവാന്‍ രാമനെ ആരാധിക്കുക' എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കാവി വസ്ത്രം ധരിച്ച സംഘടനയിലെ അംഗങ്ങള്‍ റോന്തുചുറ്റിയത്. 2002ലാണ് യോഗി ആദിത്യനാഥ് ഹിന്ദുക്കളുടെ സംരക്ഷണമെന്ന പേരില്‍ ഹിന്ദു യുവവാഹിനിയെന്ന സംഘടന ആരംഭിച്ചത്. മതന്യൂനപക്ഷങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനത്തിനെന്ന പേരിലാണ് സംഘടന ആരംഭിച്ചത്.


കഴിഞ്ഞ ആഴ്ചകളില്‍ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള മാംസ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുന്നതിന് പോലീസിനെ 'സഹായിച്ച' സംഘടന മുസ്ലീം യുവാക്കള്‍ തെരുവില്‍ ഹിന്ദു സ്ത്രീകളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷമാണ് സംഘടന കുടൂതല്‍ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തുവന്നിട്ടുള്ളത്. ''ഹിന്ദു സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിക്കുന്ന മുസ്ലീങ്ങളുടെ രക്തം തെരുവില്‍ ചിന്തപ്പെടും'' യുവവാഹിനി നേതാവ് പങ്കജ് സിംഗ് ലക്‌നൗവിനടുത്ത് നടന്ന റാലിക്ക് മുന്നോടിയായി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ദക്ഷിണ ലക്‌നൗ നഗരമായ ഉന്നാവോയില്‍ നടന്ന സംഘടനയുടെ റാലി അക്രമാസക്തമായിരുന്നു. ഗതാഗതം തടയുകയും വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി വാഹനങ്ങളില്‍ സഞ്ചരിക്കുകയും ചെയ്ത സംഘടനാംഗങ്ങള്‍ ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി. മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ ഇതെല്ലാം ശ്രദ്ധിച്ച് ശാന്തമായി നില്‍ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More >>