ഉത്തർ പ്രദേശിലെ അറവുശാലകൾ അടച്ചുപൂട്ടുമോ? ബിജെപി വാഗ്ദാനം നടപ്പിലാക്കുമോ?

മാംസം കയറ്റുമതി ഉത്തർ പ്രദേശിന്റെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്നാണെന്ന്. അപ്പോൾ അറവുശാലകൾ എല്ലാം പൂട്ടുക എന്നത് യു പിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ തീരുമാനം ആയിരിക്കും. അതുകൊണ്ടാണ് ബീഫ് ഉൽപാദനം മാത്രം നിരോധിക്കുമോ അതോ എല്ലാ ഇറച്ചികളും നിരോധിക്കുമോ എന്നതിൽ വ്യക്തമായ മറുപടി നൽകാൻ ബിജെപിയ്ക്ക് കഴിയാത്തത്.

ഉത്തർ പ്രദേശിലെ അറവുശാലകൾ അടച്ചുപൂട്ടുമോ? ബിജെപി വാഗ്ദാനം നടപ്പിലാക്കുമോ?

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്ന് സംസ്ഥാനത്തിലെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകൾ അടച്ചുപൂട്ടുമെന്നായിരുന്നു. ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ പിന്നീട് അത് എല്ലാ അറവുശാലകളും എന്നാക്കി പുതുക്കി. വാഗ്ദാനം അനുസരിച്ച് മാർച്ച് 12 നാണ് അറവുശാലകൾ അടച്ചുപൂട്ടേണ്ടത്. എന്നാൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഞായറാഴ്ചയിലെ ഒരു പത്രസമ്മേളനത്തിൽ ബിജെപി മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞത് നിയമസഭ ചേർന്നതിന് ശേഷം തീരുമാനം ഉണ്ടാകുമെന്നായിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തുന്നതിന് യോഗിയുടെ വിലക്കുമുണ്ട്.

വിഷയം അതൊന്നുമല്ല. അറവുശാലകൾ അടച്ചുപൂട്ടുന്നതോടെ സംസ്ഥാനത്ത് ഉണ്ടാകാനിരിക്കുന്ന സാമ്പത്തികനഷ്ടം ആണ്. കണക്കുകൾ അനുസരിച്ച് 2014-15 കാലയളവിൽ ഉത്തർ പ്രദേശ് ഉല്പാദിപ്പിച്ചത് 7515.14 ലക്ഷം കിലോ പോത്തിറച്ചി, 1171.65 ലക്ഷം കിലോ ആട്ടിറച്ചി, 230.99 ലക്ഷം കിലോ ചെമ്മരിയാട്ടിറച്ചി, 1410.32 ലക്ഷം കിലോ പന്നിയിറച്ചി എന്നിങ്ങനെയാണ്.

ഇന്ത്യയിൽ നിലവിൽ 72 സർക്കാർ അംഗീകൃത അറവുശാലകളാണുള്ളത്. അതിൽ 38 എണ്ണവും ഉത്തർ പ്രദേശിലാണ്. എന്നു വച്ചാൽ മാംസം കയറ്റുമതി ഉത്തർ പ്രദേശിന്റെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്നാണെന്ന്. അപ്പോൾ അറവുശാലകൾ എല്ലാം പൂട്ടുക എന്നത് യു പിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ തീരുമാനം ആയിരിക്കും. അതുകൊണ്ടാണ് ബീഫ് ഉൽപാദനം മാത്രം നിരോധിക്കുമോ അതോ എല്ലാ ഇറച്ചികളും നിരോധിക്കുമോ എന്നതിൽ വ്യക്തമായ മറുപടി നൽകാൻ ബിജെപിയ്ക്ക് കഴിയാത്തത്.

അറവുശാലകൾ എല്ലാം തന്നെ പൂട്ടുകയാണെങ്കിൽ സംസ്ഥാനത്തിനുണ്ടാകാൻ പോകുന്ന നഷ്ടം 11350 കോടി രൂപയോളമാണ്. അത്രയും നഷ്ടം സഹിച്ച് വാഗ്ദാനം നടപ്പിലാക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണാം.