വിവാഹം കഴിഞ്ഞാല്‍ ഭാര്യയുടെ മതം ഭര്‍ത്താവിന്റേതുമായി ലയിപ്പിക്കരുത്; സ്ത്രീക്ക് ഇഷ്ടമുള്ള മതം പിന്തുടരാമെന്ന് സുപ്രീംകോടതി

പാഴ്‌സി യുവതി അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ പരമ്പരാഗത മരണാനന്തര ചടങ്ങുകളില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വല്‍സദ് സൊറോസ്ട്രിയന്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്.

വിവാഹം കഴിഞ്ഞാല്‍ ഭാര്യയുടെ മതം ഭര്‍ത്താവിന്റേതുമായി ലയിപ്പിക്കരുത്;  സ്ത്രീക്ക് ഇഷ്ടമുള്ള മതം പിന്തുടരാമെന്ന് സുപ്രീംകോടതി

വിവാഹം കഴിഞ്ഞാല്‍ സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ചേര്‍ത്ത് കാണണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഗൂല്‍റോഖ് എം ഗുപ്ത എന്ന യുവതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാഴ്‌സി യുവതി അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ പരമ്പരാഗത മരണാനന്തര ചടങ്ങുകളില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വല്‍സദ് സൊറോസ്ട്രിയന്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി ഉത്തരവ്.

ഒരു പാഴ്‌സി യുവാവ് സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിച്ചാല്‍ അയാളെ പരമ്പരാഗത ചടങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്താറില്ല. എന്നാല്‍ സ്ത്രീകള്‍ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്ക് മാത്രം വിലക്ക് കല്‍പ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

ഗൂല്‍റോഖ് എം ഗുപ്ത എന്ന പാഴ്‌സി യുവതിയെ അവരുടെ രക്ഷിതാക്കളുടെ മരണശേഷം പരമ്പരാഗത മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വല്‍സദ് ട്രസ്റ്റ് വിലക്കുകയായിരുന്നു. വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു സ്ത്രീയ്ക്കുള്ള പൗരാവകാശങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നതിലൂടെ ഇരുവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാന്‍ കഴിയും. അവിടെ സ്ത്രീ ഭര്‍ത്താവിന്റെ മതവിശ്വാസം പിന്തുടരണമെന്നില്ല. സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് വിശ്വാസം പിന്തുടരണമെന്ന് തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

Read More >>