പശുവിന്റെ പേരില്‍ അക്രമങ്ങള്‍: ഗോസംരക്ഷകരെ നിരോധിക്കാത്തതെന്തെന്ന് സംസ്ഥാനസര്‍ക്കാരുകളോട് സുപ്രീം കോടതി

പശുവിന്റെ സംരക്ഷകർ എന്ന പേരിൽ ഒരു കൂട്ടം ആളുകൾ നടത്തുന്ന അക്രമസംഭവങ്ങൾ പതിവായിരിക്കുകയാണ്. ഇത്തരം അക്രമണങ്ങളിൽ ഇരയാക്കപ്പെടുന്നത് ദളിതരും ന്യൂനപക്ഷസമുദായക്കാരും ആണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗോസംരക്ഷകർ എന്നറിയപ്പെടുന്ന സംഘങ്ങളെ നിരോധിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ചോദിച്ചു.

പശുവിന്റെ പേരില്‍ അക്രമങ്ങള്‍: ഗോസംരക്ഷകരെ നിരോധിക്കാത്തതെന്തെന്ന് സംസ്ഥാനസര്‍ക്കാരുകളോട് സുപ്രീം കോടതി

ഗോസംരക്ഷകര്‍ എന്ന പേരില്‍ അക്രമം അഴിച്ചു വിടുന്ന സംഘങ്ങളെ നിരോധിക്കാത്തത് എന്തു കൊണ്ടാണെന്ന് സുപ്രീം കോടതി ആറ് സംസ്ഥാനങ്ങളോട് ആരാഞ്ഞു. രാജ്യത്തെ ജാതീയമായും മതപരമായും അസന്തുലിത സൃഷ്ടിക്കുന്ന ഇത്തരം സംഘങ്ങളുടെ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കോടതി സംസ്ഥാനങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടത്.

ജസ്റ്റിസുമാരായ ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, എം എം ഷന്താനഗൗധര്‍ എന്നിവരടങ്ങിയ ബഞ്ച് ആണ് കേന്ദ്ര സര്‍ക്കാരുനോടും ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനസര്‍ക്കാരുകളോടും മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഉത്തരവിട്ടത്.

ഗോരക്ഷകസംഘങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

രാജസ്ഥാനിലെ ആള്‍വാളില്‍ പെഹലു ഖാന്‍ എന്ന 55 വയസ്സുകാരനെ ഗോസംരക്ഷകര്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.

ആള്‍വാള്‍ സംഭവത്തിനെ ഉദ്ദരിച്ച് അഡ്വക്കേറ്റ് സഞ്ജയ് ഹെഗ്‌ഡെ ഇത്തരം സംഭവങ്ങള്‍ അടിയന്തിരമായി പരിശോധിക്കണമെന്നും സംസ്ഥാനസര്‍ക്കാരുകളോട് ഇത്തരം സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കരുതെന്ന് നിര്‍ദ്ദേശിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

ഗോസംരക്ഷകര്‍ എന്ന സംഘങ്ങള്‍ അക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ദളിതരേയും ന്യൂനപക്ഷസമുദായക്കാരേയും പീഡിപ്പിക്കുകയാണെന്നും ഹെഗ്‌ഡെ കോടതിയെ അറിയിച്ചു.