ആ കല്ലുകൾ എങ്ങിനെ തിരിച്ചെത്തുന്നു? കശ്മീരിലെ തൂപ്പുകാർക്കറിയാത്ത രഹസ്യം!

എല്ലാ ശനിയാഴ്ചയും തലേന്നത്തെ കലാപത്തിന് ശേഷമുള്ള കല്ലുകൾ തെരുവുകളിൽ നിന്നും നീക്കം ചെയ്യും. അടുത്ത ആഴ്ച അവയെല്ലാം തിരിച്ചെത്തുകയും ചെയ്യും. ഇനിയും ചുരുളഴിയാത്ത രഹസ്യമാണത്.

ആ കല്ലുകൾ എങ്ങിനെ തിരിച്ചെത്തുന്നു? കശ്മീരിലെ തൂപ്പുകാർക്കറിയാത്ത രഹസ്യം!

നേരം പുലരുമ്പോള്‍ത്തന്നെ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളിയായ മുഹമ്മദ് യൂസഫ് ജോലിക്കിറങ്ങും. ശ്രീനഗറിലെ തെരുവുകള്‍ വൃത്തിയാക്കലാണു ജോലി. യൂസഫിനും, മുഹമ്മദ് ഷാഫി, മിസ്രാ ബീഗം എന്നീ രണ്ടു പേര്‍ക്കും നൗഹാട്ടയിലെ ജാമിയ മസ്ജിദ് പ്രദേശത്താണു ജോലിയേല്‍പ്പിച്ചിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രണ്ടു മണിക്കൂറില്‍ ജോലി കഴിയും. അവര്‍ക്കു പേടി ശനിയാഴ്ചകളേയാണ്. വെള്ളിയാഴ്ചയിലെ കല്ലേറു കഴിഞ്ഞു തെരുവുകള്‍ വൃത്തിയാക്കുക എന്നതു അമ്പതുകാരനായ യൂസഫിനും സംഘത്തിനും വെല്ലുവിളിയാണ്. ഇപ്പോള്‍ അതു കൂടുതലും ശനിയാഴ്ചകളിലാണ്.

ഓള്‍ഡ് സിറ്റിയിലെ ജാമിയ മസ്ജിദ് ഹുറിയത് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ കേന്ദ്രമാണ്. പ്രതിഷേധക്കാരുടെ ഗ്രൗണ്ട് സീറോ. കല്ലേറുണ്ടായാല്‍ തെരുവുകള്‍ വൃത്തിയാക്കാന്‍ മൂന്നു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. പാതകള്‍ കല്ലുകളും കണ്ണീര്‍വാതക ഷെല്ലുകളുടെ അവശിഷ്ടങ്ങളും കൊണ്ടു നിറഞ്ഞിരിക്കും.

'എല്ലായിടത്തും കല്ലുകളും ഇഷ്ടികകളും. ചിലതിനു മൂന്നു കിലോയോളം ഭാരം വരും. സഹിക്കാന്‍ പറ്റാത്തതു ടിയര്‍ ഗ്യാസിന്റെയും പെപ്പര്‍ ഗ്രനേഡിന്റെയും ദുര്‍ഗന്ധമാണ്,' യൂസഫ് പറയുന്നു.

നൗഹാട്ടയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണു യൂസഫിന്റെ താമസം. മിസ്രാ ബീഗം (45) തന്റെ 24 വയസ്സുള്ള ജാവീദ് അഹമ്മദ് വാണി എന്ന മകനേയും കൂടെ കൊണ്ടുവരും.

'അവരൊരു പ്രായമായ സ്ത്രീയാണ്. പാത വൃത്തിയാക്കല്‍, പ്രത്യേകിച്ചു വലിയ കല്ലുകള്‍ പെറുക്കി മാറ്റാന്‍ അവര്‍ക്കു പ്രയാസമായിരിക്കും. അവരുടെ മകനാണു മിക്കവാറും എല്ലാ ജോലികളും ചെയ്യുന്നത്,' യൂസഫ് അറിയിച്ചു.

വയ്യായ്കയുണ്ടെങ്കിലും ദാരിദ്ര്യം കാരണമാണു ഈ ജോലിയ്ക്കു വരുന്നതെന്നു ബീഗം പറയുന്നു.

'ആദ്യമെല്ലാം എനിക്കു ജോലി ചെയ്യാന്‍ പറ്റുമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരിക്കല്‍ കല്ലുകള്‍ നിറച്ച ഉന്തുവണ്ടി തള്ളുമ്പോള്‍, അതു തിരിച്ചു വന്നു എന്റെ കാലില്‍ ഇടിച്ചു. അപ്പോള്‍ മുതല്‍, എനിക്കു നടക്കാന്‍ പ്രയാസമാണു. ഇപ്പോള്‍ ഞാന്‍ മകനേയും കൂടെ കൊണ്ടുവരും, അവന്റെ ഒരു കാല് പോളിയോ ബാധിച്ചതാണെങ്കിലും. ചിലപ്പോള്‍ എന്റെ ഭര്‍ത്താവ് സഹായിക്കും,' ബീഗത്തിന്‌റെ കഥ ഇങ്ങനെയാണ്.

ആദ്യം വലിയ കല്ലുകള്‍ ഒരു വശത്തു കൂട്ടിയിടും. പിന്നെ ചെറുകല്ലുകള്‍ ചൂലു കൊണ്ടു അടിച്ചു വാരിയെടുക്കും. എല്ലാ ശനിയാഴ്ചകളിലും രാവിലെ രണ്ടോ മൂന്നോ ഉന്തുവണ്ടി നിറയെ കല്ലുകള്‍ ഉണ്ടാകും. ഇതാണു ശനിയാഴ്ചകളിലെ അവസ്ഥ.

പതിനെട്ടു വര്‍ഷമായി യൂസഫ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. മാസം 4500 രൂപ ശമ്പളത്തിനു ദിവസക്കൂലിക്കാരനായിട്ടായിരുന്നു തുടക്കം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു ജോലി സ്ഥിരപ്പെടുകയും 13, 700 രൂപയായി ശമ്പളം ഉയരുകയും ചെയ്തു.

'ഇതു പോര. ഞങ്ങളുടെ ജോലി പ്രയാസമുള്ളതാണെന്നു മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. രണ്ടു ദിവസം മുമ്പാണു ചില പരിശോധനകള്‍ക്കായി 7,000 രൂപ ചെലവായത്. എനിക്കു നെഞ്ചില്‍ ഇന്‍ഫക്ഷനുണ്ട്. പെപ്പര്‍ ഗ്രനേഡിന്റെ പുക ശ്വസിക്കുന്നതു കൊണ്ടാണെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞതു,' യൂസഫ് പറഞ്ഞു.

കല്ലേറില്ലെങ്കിലും അവിടത്തെ അന്തരീക്ഷത്തിൽ സംഘര്‍ഷമുണ്ടെന്നു യൂസഫ് പറയുന്നു. ഉദാഹരണത്തിനു കെട്ടിടം പണി നടക്കുകയാണെങ്കില്‍, അവര്‍ കല്ലും മണ്ണും റോഡില്‍ നിക്ഷേപിക്കുകയാണെങ്കില്‍, പൊലീസ് ഞങ്ങളെ വിളിയ്ക്കും. അതു കല്ലേറിനെത്തുന്നവര്‍ ഉപയോഗിച്ചാലോയെന്ന ഭയം കാരണം. വെള്ളിയാഴ്ചയ്ക്കു മുമ്പു അവ നീക്കം ചെയ്യണമെന്നു അവര്‍ ആജ്ഞാപിക്കും. ഞങ്ങള്‍ കൂടുതല്‍ ആളുകളെ വിളിച്ചു വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കു മുമ്പു എല്ലാം വൃത്തിയാക്കും, യൂസഫിന്റെ വാക്കുകള്‍.

എസ്എംസി കമ്മീഷണര്‍ ഡോ. ശഫ്ഖത് ഖാന്‍ പറയുന്നത് അതവര്‍ക്കു കൂടുതല്‍ ഭാരമാണെന്നാണ്. കല്ലേറുണ്ടായാല്‍ പൊലീസില്‍ നിന്നും ജനങ്ങളില്‍ നിന്നും വിളി വരും. ചിലപ്പോള്‍ തൂപ്പുകാരെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുവന്നു പാതകള്‍ വൃത്തിയാക്കേണ്ടി വരും.

നൗഹാട്ടയില്‍ കല്ലേറില്ലാത്ത വെള്ളിയാഴ്ച യൂസഫ് ഓര്‍ക്കുന്നില്ല. ആ ദിവസം ഈദ് ആണെങ്കിലേ അങ്ങിനെയല്ലാതെയാകൂ. കര്‍ഫ്യൂ കാരണം ചിലപ്പോള്‍ അവര്‍ക്കു അവിടേയ്ക്കു പോകാനുമാവില്ല. ശ്രീനഗറില്‍ എല്ലാ ദിവസവും പ്രതിഷേധങ്ങള്‍ ഉണ്ടാകുമെങ്കിലും 2010 പോലെ അത്ര രൂക്ഷമല്ലെന്നും യൂസഫ് പറയുന്നു.

കല്ലുകള്‍ പെറുക്കി അടുത്തുള്ള ഒരിടത്തു നിക്ഷേപിച്ചു കഴിഞ്ഞാല്‍ എസ്എംസിയുടെ വണ്ടി വന്ന് അതു കൊണ്ടുപോകും. അങ്ങിനെയാണെങ്കില്‍ കല്ലെറിയുന്നവര്‍ക്കു കല്ലുകള്‍ എവിടന്നു കിട്ടും?

'അതു ഞങ്ങളെ കുഴക്കുന്ന ചോദ്യമാണ്.അവര്‍ക്കു കല്ലുകള്‍ എവിടുന്നു കിട്ടുന്നു എന്നത്. അതിനുത്തരമില്ല. വെള്ളിയാഴ്ച രാവിലെ ഞങ്ങള്‍ പാതകള്‍ തൂത്തു വൃത്തിയാക്കുമ്പോള്‍ ഒരു കല്ലു കാണുകയാണെങ്കില്‍ അത് അപ്പോള്‍ത്തന്നെ മാറ്റും, അടുത്ത ദിവസം അത് എന്തായാലും പെറുക്കേണ്ടി വരും എന്നറിയാമെങ്കിലും. അതു ഞങ്ങള്‍ക്കു അജ്ഞാതമായ രഹസ്യമാണ്,' യൂസഫ് പറഞ്ഞു.

എന്നിട്ടു ഉന്തുവണ്ടിയുമായി തെരുവിലെ കല്ലുകളും ടിയർഗ്യാസ് അവശിഷ്ടങ്ങളും പെറുക്കാൻ യൂസഫ് നടന്നു.

Courtesy: Indian Express