കശ്മീരില്‍ ഇപ്പോള്‍ ശരിക്കും സംഭവിക്കുന്നത്: നാരദാ ന്യൂസ് കാശ്മീരില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു

ലോകത്തെ ആകമാനം ആശയക്കുഴപ്പത്തിലാക്കുകയാണ് കശ്മീരി യുവാക്കളുടെ പ്രതിരോധം. സംഘടനകളോ ആഹ്വാനങ്ങളോ ഇല്ലാതെ കൗമാരക്കാരും യുവാക്കളും സൈന്യത്തിനെതിരെ തെരുവിലിറങ്ങുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് മാറ്റി. ഒപ്പം ഭീകരരുടേയും പാക്ക് സൈന്യത്തിന്റേയും കടന്നാക്രമണങ്ങളും. അതിരൂക്ഷമായ യുദ്ധഭീതിയില്‍ അശാന്തമായ കശ്മീരില്‍ നിന്ന് നാരദാ ന്യൂസ് സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് റിയാസ് വാനി എഴുതുന്നു- കശ്മീരില്‍ ശരിക്കും എന്താണ് സംഭവിക്കുന്നത്?

കശ്മീരില്‍ ഇപ്പോള്‍ ശരിക്കും സംഭവിക്കുന്നത്: നാരദാ ന്യൂസ് കാശ്മീരില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു

ഏപ്രില്‍ 27 ന് കുപ്പുവാര ജില്ലയിലെ പന്‍സാഗമിലെ 155 ഫീല്‍ഡ് റെജിമെന്റിന്റെ ആയുധപ്പുരയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആയുഷ് യാദവടക്കം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ഭീകരന്‍മാരും കൊല്ലപ്പെട്ടു. പിറ്റേന്ന് രാവിലെയോടെ സൈനിക നടപടി പൂര്‍ത്തിയായി. എന്നാല്‍ കുറച്ചുസമയത്തിന് ശേഷം സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള യുവാക്കള്‍ സൈനിക താവളത്തിനടുത്ത് തമ്പടിച്ച് പ്രതിഷേധം ആരംഭിച്ചു. സമീപത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കാനായി ഭീകരന്‍മാരുടെ മൃതദേഹം വിട്ടുകിട്ടണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭീകരന്‍മാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പ്രദേശവാസികള്‍ക്ക് വിട്ടുകൊടുക്കാനാവില്ലെന്ന സർക്കാരിന്റെ പുതിയ നയമുള്ളതിനാല്‍ പ്രാദേശിക ഭരണകൂടം യുവാക്കളുടെ ഈ ആവശ്യം നിരാകരിക്കുകയാണുണ്ടായത്. പ്രക്ഷോഭം നടത്തുന്നവരെ ഇത് പ്രകോപ്പിക്കുകയും അത് അക്രമാസക്തമാവുകയും ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ സ്വാതന്ത്ര്യാനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും സൈനികര്‍ക്കു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ഇതിനു ശേഷം സൈനിക ക്യാമ്പിനു നേരെ നടത്തിയ മാര്‍ച്ചിനു നേരെ സൈന്യം നടത്തിയ വെടിവെയ്പില്‍ മുഹമ്മദ് യൂസഫെന്ന 62കാരന്‍ കൊല്ലപ്പെട്ടു.

ആദ്യമായാണ് കശ്മീര്‍ താഴ്‌വരയില്‍ ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ ഇത്തരത്തിലൊരു പ്രക്ഷോഭം നടക്കുന്നത്. സാധാരണ പോലെ ഒളിച്ചിരുന്ന് വെടിവെയ്പ് നടത്തുന്നതിനു പകരം സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറി സൈന്യത്തിന് കനത്ത നാശനഷ്ടം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഭീകരാക്രമണം നടന്നത്.

എന്തിനേറെ പറയുന്നു. പന്‍സഗാമില്‍ പ്രതിഷേധം നടത്തിയവര്‍ പല കാര്യങ്ങള്‍ക്കും സൈന്യത്തെ ആശ്രയിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഒരു ഭീകരാക്രമണത്തിനു ശേഷം നടന്ന അസാധാരണമായ പ്രക്ഷോഭം കശ്മീര്‍ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ മാത്രമുള്ള അസാധാരണമായ ഒറ്റപ്പെടലും വൈരാഗ്യവുമാണ് പ്രതിഷേധത്തിലൂടെ അടിവരയിട്ടത്.

ദക്ഷിണ കശ്മീരിലെ ഒരു കോളേജില്‍ പൊലീസ് നടത്തിയ അക്രമത്തിനെതിരെ കശ്മീര്‍ താഴ്‌വരയിലെ വിദ്യാര്‍ത്ഥികളൊന്നടങ്കം തെരുവിലിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. പ്രതിഷേധത്തില്‍ ഏകദേശം 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സഹപാഠികള്‍ക്കു നേരെയുണ്ടായ അക്രമത്തോടുള്ള വിദ്യാര്‍ത്ഥികളുടെ അന്നത്തെ പ്രതിഷേധം സമാനതകളില്ലാത്തതായിരുന്നു. താഴ്‌വരയിലെ എല്ലാ കോളജുകളിലും ഒരേ സമയം പ്രതിഷേധ പരിപാടികള്‍ നടന്നു. ഏറെ സൈന്യത്തേയും പൊലീസിനേയും ഉപയോഗിച്ചാണ് സർക്കാർ പ്രതിഷേധം ശമിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് 70 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.

ഏപ്രില്‍ ഒമ്പതിനു നടന്ന ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പെട്ടെന്നു രൂപം കൊണ്ടത്. മണ്ഡലത്തില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ്ങായ ഏഴു ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് തടസ്സപ്പെടുത്താനായി യുവാക്കള്‍ പോളിങ് ബൂത്തിനു സമീപം കല്ലേറ് നടത്തിയത് ചെറുക്കാന്‍ സൈന്യത്തിനു രംഗത്തിറങ്ങേണ്ടി വന്നു. ഈ പ്രതിഷേധങ്ങള്‍ അനന്ത്‌നാഗ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ബന്ധിതമാക്കി.

കാര്യങ്ങള്‍ വഷളാകുന്നു

ആവർത്തിക്കുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാനത്തു നിലനില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിന്റെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുന്നു. അതും ശിശിരകാലം വസന്തകാലത്തിനു വഴിമാറുന്ന, ജനങ്ങള്‍ വ്യാപാരത്തിലൂടെയും വിനോദ സഞ്ചാരമേഖലയില്‍ നിന്നും കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന സമയത്ത്. അതെന്തായാലും, യുവാക്കളുടെ ഇടയില്‍ സ്വാധീനമുണ്ടായിരുന്ന ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനു ശേഷമുണ്ടായ അക്രമങ്ങള്‍ നിര്‍ത്തിയയിടത്തുവെച്ച് തുടങ്ങുമെന്നുള്ള സൂചനകളാണ് സമീപ ദിവസങ്ങളിലെ പ്രക്ഷോഭങ്ങള്‍ നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ഭീകരരുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുക വഴി ഭീകരന്‍മാര്‍ക്കു പിന്തുണ നല്‍കുന്നത് ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചെങ്കില്‍ സൈന്യവുമായി ഭീകരര്‍ ഏറ്റുമുട്ടല്‍ നടത്തുന്നിടത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ഒരു വിഭാഗം ഇപ്പോള്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്. സൈന്യം ഭീകരന്‍മാരെ കണ്ടെത്തി ഏറ്റുമുട്ടല്‍ നടത്തുന്നിടങ്ങളില്‍ മാത്രമല്ല, സൈന്യത്തിനു നേരെ ഭീകരര്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍ക്കും ഈ പിന്തുണയാണ് ജനം കൊടുക്കുന്നതെന്നു കാണാം.

എന്തിനധികം പറയുന്നു, ഇപ്പോള്‍ പ്രതിദിനം നടക്കുന്ന സംഘര്‍ഷങ്ങളില്‍ പങ്കെടുക്കുന്നത് സ്വയം തയ്യാറായി വരുന്ന യുവാക്കളും കൗമാരക്കാരുമാണ്. ഹുറിയത്തിനു ഹര്‍ത്താല്‍-ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കപ്പുറം മേഖലയില്‍ വലിയ സ്വാധീനമൊന്നുമില്ല. പ്രക്ഷോഭത്തിനിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേക സംഘടനയുടെ പിന്തുണയോ ആശയസംഹിതയോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതുവരെയുള്ള പ്രക്ഷോഭങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചവയോ ആരുടെയെങ്കിലും ആഹ്വാനപ്രകാരമുള്ളതോ ആയിരുന്നില്ല, മറിച്ച് സ്വാഭാവികവും പെട്ടെന്നുള്ളതുമായിരുന്നുവെന്ന് കാണാം. ഹുറിയത്തിനു പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മാത്രമേ ഇവിടെ കഴിയുന്നുള്ളു.

ഈ പ്രക്ഷോഭങ്ങള്‍ സൈന്യത്തിനു കടുത്ത തലവേദനയാണ് സൃഷ്ടിച്ചത്. 2014 ല്‍ സൈന്യം 150 ഭീകരരെ നേരിട്ടപ്പോള്‍ ഈ വര്‍ഷം അത് ഇരട്ടിയായി. പ്രദേശവാസികളായ യുവാക്കള്‍ കൂടി സൈന്യത്തിനെതിരെ തിരിഞ്ഞതോടെയാണിത്.

ഉദാസീന നിലപാടുമായി കേന്ദ്രം

അതേസമയം, പുതിയ സംഭവ വികാസങ്ങളില്‍ കാര്യമായി ഇടപെടാതെ ഉദാസീന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥന നിരാകരിക്കപ്പെടുകയാണ് ചെയ്തത്. കൂടിക്കാഴ്ചയ്ക്കപ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കശ്മീര്‍ സമാധാനം കൈവരിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകൂവെന്ന അവരുടെ പ്രസ്താവനയെ തീവ്രവാദ സംഘടനകള്‍ പരിഹാസത്തോടെയാണ് സ്വീകരിച്ചത്.

''ഒരു ഭാഗത്തുകൂടി ചര്‍ച്ചകളിലൂടെ മാത്രമേ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാകൂവെന്ന് പറയുന്ന മെഹ്ബൂബ മറുഭാഗത്തുകൂടി ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്നും പറയുന്നു. ഇത് കടകവിരുദ്ധമായ കാര്യമാണ്''- കശ്മീര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ചെയര്‍ പേഴ്‌സണ്‍ ഹമീദ നയിം നാരദാ ന്യൂസിനോടു പറഞ്ഞു. ''അധികാരത്തില്‍ തുടരുക എന്നതു മാത്രമാണ് മുഖ്യമന്ത്രിയെ അലട്ടുന്ന പ്രശ്‌നം. പ്രധാനമന്ത്രിയുമായുള്ള അവരുടെ കൂടിക്കാഴ്ച ഇക്കാര്യം അടിവരയിടുന്നു''- ഹമീദ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര നിലപാട് 'കുലങ്കഷമായ സുരക്ഷയാണെ'ന്ന് കോളമിസ്റ്റ് നസീര്‍ അഹമ്മദ് പറഞ്ഞു.

''ഈ സമീപനവുമായി മുന്നോട്ടു പോകാന്‍ മെഹ്ബൂബയ്ക്കു മുകളില്‍ സമ്മര്‍ദ്ദമുണ്ട്. ഇത് കശ്മീരിലെ സാഹചര്യം മെച്ചപ്പെടുത്തില്ല. മറിച്ച് മുഖ്യമന്ത്രിയുടെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് ചെയ്യുന്നത്,'' അഹമ്മദ് വ്യക്തമാക്കി. ''കശ്മീരിലെ സാഹചര്യം ഇങ്ങനെ തുടരാനാണ് സാധ്യത. മെഹ്ബൂബയുടെ കണക്കുകൂട്ടലുകളെ കേന്ദ്രം വിശ്വാസത്തിലെടുക്കാന്‍ സാധ്യതയില്ല. അതിനായി അവര്‍ അധികം സമ്മര്‍ദ്ദം ചെലുത്താനും സാധ്യതയില്ല''- അദ്ദേഹം പറയുന്നു.

അതുപോലെ തന്നെ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താന്‍ വിഘടനവാദികള്‍ക്കു താല്‍പര്യമില്ലെന്നതാണ് മറ്റൊരു വസ്തുത. ചര്‍ച്ചകള്‍ നടത്തണമെന്ന മെഹ്ബൂബയുടെ പ്രസ്താവനകളെ അവര്‍ അപഹസിക്കുകയാണ് ചെയ്യുന്നത്. ''മെഹ്ബൂബ ആരുമല്ല. ഇന്ത്യയോട് താല്‍പര്യമുള്ള കശ്മീരി നേതാക്കളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അവര്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയ വ്യക്തിത്വമില്ല. അധികാരത്തിന്റെ സുഖം ആസ്വദിക്കാനാണ് അവര്‍ ഏതുവിധേനയും രാഷ്ട്രീയത്തില്‍ തുടരുന്നത്. കശ്മീര്‍ ജനതയുടെ ദുരിതത്തെക്കുറിച്ച് അവര്‍ക്ക് വേവലാതികളില്ല'' ഹുറിയതിന്റെ സയ്യിദ് അലി ഷാ ഗിലാനി വിഭാഗം വക്താവ് ആയസ് അക്ബര്‍ പറഞ്ഞു.

''കേന്ദ്ര സര്‍ക്കാരിനു കശ്മീരിലെ പ്രമുഖ നേതാക്കളെ ബഹുമാനമില്ല. അവരെ അടിമകളെപ്പോലെയാണ് കേന്ദ്രം കണക്കാക്കുന്നത്. ചര്‍ച്ചകള്‍ നടത്തണമെന്ന് പറയാന്‍ മെഹ്ബൂബ ആരാണ്? കേന്ദ്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയാണ് അവര്‍ ജീവിക്കുന്നത്''- ആയസ് അക്ബര്‍ ചൂണ്ടിക്കാട്ടി.

കശ്മീരികള്‍ കൊല്ലപ്പെടുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മെഹ്ബൂബ മുഫ്തിയോട് രാജിവയ്ക്കാന്‍ ആയസ് ആവശ്യപ്പെട്ടു. ''എന്നാല്‍ നമുക്കറിയാം. അവര്‍ രാജിവെക്കില്ല. അവര്‍ക്കാവശ്യം അധികാരം മാത്രമാണ്. അതുകൊണ്ടു തന്നെ അവരുടെ രാഷ്ട്രീയ മുന്‍ഗണനകളില്‍ കശ്മീരില്ല''- ആയസ് കൂട്ടിച്ചേർത്തു.

സമ്മര്‍ദ്ദത്തിലായ കശ്മീര്‍ സർക്കാർ

കശ്മീര്‍ വിഷയത്തിനു വലിയ പ്രാധാന്യം കൊടുക്കേണ്ടന്നും വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്നും സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്ത കേന്ദ്രത്തിന്റെ നടപടി ബിജെപി പിന്തുണയോടെ ഭരിക്കുന്ന പിഡിപി സര്‍ക്കാരിനു കനത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന ആശങ്കയാണ് പിഡിപി നേതാക്കള്‍ക്കുളളത്.

സംസ്ഥാനം ഭരിക്കുന്ന മുന്നണിക്ക് ഇതിനകം ധാര്‍മികത നഷ്ടപ്പെട്ടു കഴിഞ്ഞതായാണ് പൊതുവേ കശ്മീര്‍ താഴ്‌വരയില്‍ താമസിക്കുന്നവര്‍ക്കിടയിലെ അഭിപ്രായം. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിലൂന്നിയ ദേശീയവാദമാണ് പിഡിപിയെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്‌നം. സംസ്ഥാനത്തിനു പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള സംഘപരിവാര്‍ നീക്കത്തെ പിഡിപി തടഞ്ഞുവെങ്കിലും കശ്മീരിനെ മറ്റ് സംസ്ഥാനങ്ങള്‍ക്കു തുല്യമാക്കാനുള്ള ദേശീയോദ്ഗ്രഥനത്തിലൂന്നിയ പ്രമേയങ്ങള്‍ക്ക് തുടക്കം കുറിക്കാനായി എന്നത് ബിജെപിയുടെ രാഷ്ട്രീയ വിജയമായി കാണാം. അഫ്‌സ്പ (സായുധനേസ പ്രത്യേകാധികാര നിയമം) ഭാഗികമായി പിന്‍വലിക്കല്‍, വിഘടനവാദികളുമായുള്ള ചര്‍ച്ച എന്നീ മുന്‍ വാഗ്ദാനങ്ങളില്‍ നിന്ന് ബിജെപി പിന്‍വലിയുകയും ചെയ്തു.

രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണവും പ്രശ്‌നങ്ങള്‍ വഷളാക്കി. പിഡിപി സഖ്യ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് കശ്മീരികള്‍ക്കിടയില്‍ കഠിനമായ അസംതൃപ്തിക്കു കാരണമായിട്ടുണ്ട്. ബിജെപിയേക്കാള്‍ കൂടുതല്‍ അതിന്റെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍മാറിയത് പിഡിപിയാണെന്നു കാണാം.

സംസ്ഥാനത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനൊപ്പം നഷ്ടമാകുന്ന വിശ്വാസ്യത തിരികെ നേടുക എന്നതും പിഡിപിയെ അലട്ടുന്നുണ്ട്. ബിജെപി സഖ്യം തുടരുക എന്നത് കേവലം അധികാരം കൈയാളുന്നതിനു മാത്രം കാരണമാകുകയും പാര്‍ട്ടി ബിജെപിയുടെ നിഴലായി തുടരുന്നതിനു കാരണമാകുകയും ചെയ്യും.

എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിക്കു മുന്നിലും ഏറെ വഴികളൊന്നുമില്ല. കശ്മീരികളെ സൈനികമായി കൂടുതല്‍ കര്‍ക്കശമായി നേരിടുക എന്നതാകും പ്രധാന വഴി. സൈന്യമാണെങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കശ്മീര്‍ പ്രശ്‌നം സങ്കീര്‍ണമാക്കിയതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. പാര്‍ട്ടികളുടെ സഖ്യമോ സഖ്യമില്ലായ്മയോ അല്ല, മറിച്ച് സംസ്ഥാനത്തു നിലനില്‍ക്കുന്ന വിഷയങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാന വിഷയം. സഖ്യകക്ഷി സർക്കാർ ചിലപ്പോള്‍ കശ്മീരിന് ഒരു ഗുണവും നേടിത്തരില്ല. എന്നാല്‍ ഗവര്‍ണറുടെ ഭരണം നിലവിലെ പ്രശ്‌നം രൂക്ഷമാകാനേ ഉപകരിക്കൂ. സാഹചര്യങ്ങള്‍ നിലവില്‍ ഏറ്റവും സങ്കീര്‍ണമാണ്. അതിനെ അഭിമുഖീകരിച്ചില്ലെങ്കില്‍ കശ്മീര്‍ അശാന്തിയുടെ വേനല്‍ക്കാലത്തിലേക്കാകും ചുവടുവെയ്ക്കുക.