ഗോവധവും ഗാന്ധിയും: ഗാന്ധിജി ഗോവധത്തിന് എതിരായിരുന്നു എന്നത് നേരോ?

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും ഗോവധവുമായി ബന്ധപ്പെട്ട തന്‌റെ വീക്ഷണങ്ങള്‍ പങ്കുവച്ചിരുന്നു. 1947 ജൂലൈ 25 ന് അദ്ദേഹം തന്‌റെ പ്രസംഗത്തില്‍ ഗോവധത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നുണ്ട്.

ഗോവധവും ഗാന്ധിയും: ഗാന്ധിജി ഗോവധത്തിന് എതിരായിരുന്നു എന്നത് നേരോ?

ഹിന്ദുത്വശക്തികള്‍ കാലാലാകാലങ്ങളായി ഉന്നയിച്ചു വരുന്ന വിഷയമാണ് ഗോവധനിരോധനം. അവര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ അങ്ങേയറ്റം രൂക്ഷമായിട്ടാണ് ഗോവധവും അത് സംബന്ധിച്ചുള്ള സംഭവങ്ങളും നടന്നു കൊണ്ടിരിക്കുന്നത്. പശുക്കളെ മാതാവായി കരുതുന്ന ഹിന്ദുത്വവാദികള്‍ രാഷ്ട്രീയ ആയുധമായിട്ടാണ് ഗോവധത്തിനെ ഉപയോഗിക്കുന്നതും.

സമീപകാലത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥ് വളരെ പ്രാധാന്യത്തോടെയാണ് അറവുശാലകള്‍ അടച്ചു പൂട്ടിയത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഗോവധവും അറവുശാലകളും നിരന്തരമായ പ്രശ്‌നവിഷയമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്തും ഗോവധം ഒരു പുകയുന്ന പ്രശ്‌നം തന്നെയായിരുന്നു. സാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഗോവധനിരോധനം തര്‍ക്കവിഷയമായി മാറി. ഗോവധം നിരോധിക്കണോ വേണ്ടയോയെന്ന് അതാത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന നിലയിലാണ് ഇപ്പോള്‍ നിയമം അനുശാസിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും ഗോവധവുമായി ബന്ധപ്പെട്ട തന്‌റെ വീക്ഷണങ്ങള്‍ പങ്കുവച്ചിരുന്നു.

1947 ജൂലൈ 25 ന് അദ്ദേഹം തന്‌റെ പ്രസംഗത്തില്‍ ഗോവധത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഗോവധം നിരോധിക്കുന്നത് എങ്ങിനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഹിന്ദുക്കള്‍ പശുക്കളെ കൊല്ലുന്നത് വിലക്കുന്നുണ്ടെങ്കിലും അതെങ്ങിനെ മറ്റു മതക്കാര്‍ക്കും ബാധകമാകും എന്ന് ഗാന്ധിജി ചോദിക്കുന്നു. അത് മതസൗഹാര്‍ദ്ദത്തിനെ ബാധിക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും പാര്‍സികളും കൃസ്ത്യാനികളും മറ്റ് മതക്കാരും ഉണ്ട്. ഇന്ത്യ ഹിന്ദുക്കളുടേതായിക്കഴിഞ്ഞു എന്ന ഹിന്ദുക്കളുടെ ധാരണ അബദ്ധമാണ്. ഇവിടെ ഗോവധനിരോധനം നിയമം മൂലം കൊണ്ടുവന്നാല്‍ പാകിസ്താനില്‍ വിപരീതമായത് സംഭവിക്കും. അവിടെയുള്ള ഹിന്ദുക്കള്‍ അമ്പലത്തില്‍ പോകുന്നത് അവര്‍ വിലക്കുകയാണെങ്കില്‍ എന്താകും?- ഗാന്ധിജി ചോദിച്ചു.

ഇന്ത്യയില്‍ മതങ്ങള്‍ പരീക്ഷണത്തിനു വിധേയമാകുകയാണെന്നാണ് അന്ന് ഗാന്ധിജി പറഞ്ഞത്. ആ വാക്കുകള്‍ നടപ്പില്‍ വരുത്തുകയാണെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ രാഷ്ട്രപിതാവിന്‌റെ വാക്കുകള്‍ ഇപ്പോഴും പ്രസക്തമായി നിലനില്‍ക്കുന്നു.