കൊളീജിയം; ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ പൂര്‍ണ്ണ അധികാരമുള്ള സംവിധാനം

സുപ്രീംകോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങിയ സമിതിക്കാണ് കൊളീജിയം എന്ന് പറയുന്നത്.

കൊളീജിയം; ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ പൂര്‍ണ്ണ അധികാരമുള്ള സംവിധാനം

നിലവില്‍ രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപന്മാരെ നിയമിക്കുന്നത് കൊളീജിയം ആണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങിയ സമിതിക്കാണ് കൊളീജിയം എന്ന് പറയുന്നത്. എന്നാല്‍ കൊളീജിയം രീതിയെക്കുറിച്ചു ഭരണഘടനയില്‍ പറയുന്നില്ല. ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനും സ്ഥലം മാറ്റുന്ന കാര്യം തീരുമാനിക്കാനുമുള്ള പൂര്‍ണ്ണ അധികാരം ഈ സംവിധാനത്തില്‍ നിക്ഷിപ്തമാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ നിയമനിര്‍മ്മാണ സഭയ്ക്കും സര്‍ക്കാരിനും പങ്കുണ്ടായാല്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നഷ്ടമാകുമെന്ന ആശങ്കയില്‍ നിന്നാണ് കൊളീജിയം എന്ന സംവിധാനം രൂപപ്പെട്ടത്.

ജഡ്ജിമാരെ സീനിയര്‍ ജഡ്ജിമാര്‍ തിരഞ്ഞെടുക്കുന്ന കൊളീജിയത്തിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് യുപിഎ സര്‍ക്കാറിന്റെ കാലത്ത് ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിറ്റി നിയമം (എന്‍ജെഎസി ആക്ട്) മുന്നോട്ടുവെച്ചത്. ഇതിന്റെ രൂപത്തില്‍ മാറ്റംവരുത്തി എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 2014 ഡിസംബറില്‍ അത് പാസാക്കുകയുംചെയ്തു. ഈ നിയമമനുസരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍, നിയമമന്ത്രി, രണ്ട് പ്രമുഖര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയില്‍ ഉന്നതജഡ്ജിമാരുടെ നിയമനം നിക്ഷിപ്തമാക്കി. കമ്മിറ്റിയിലെ രണ്ടുപ്രമുഖരെ നിശ്ചയിക്കാനുള്ള അധികാരം പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിക്കു നല്‍കാനും നിശ്ചയിച്ചിരുന്നു.

എന്നാല്‍, 2015 ഒക്ടോബര്‍ 16ന് ഈ നിയമം സുപ്രീം കോടതി റദ്ദാക്കുകയും പഴയ കൊളീജിയം സമ്പ്രദായം വീണ്ടും കൊണ്ടുവരികയുംചെയ്തു. ഈ തീരുമാനമെടുത്ത അഞ്ചംഗ ജഡ്ജിമാരില്‍ ജെ ചെലമേശ്വര്‍ വിയോജനക്കുറിപ്പെഴുതുകയാണുണ്ടായത്. ഭൂരിപക്ഷവിധിയെ പിന്താങ്ങിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് ജഡ്ജി നിയമനക്കാര്യത്തില്‍ 'ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും' വേണമെന്ന് വിധിന്യായത്തില്‍ എഴുതുകയുണ്ടായി.

Read More >>