സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വര്‍ഗീയവാദിയായിരുന്നോ?

വല്ലഭായി പട്ടേലിനെക്കുറിച്ചുള്ള ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ പുതിയ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വര്‍ഗീയവാദിയായിരുന്നോ?

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ മൃദുഹിന്ദുത്വവാദിയായും മുസ്ലീം വിരുദ്ധനായുമൊക്കെ പലതവണ ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പല ചരിത്രകാരന്‍മാരും അത്തരത്തിലാണ് വിവരിക്കുന്നത്. എന്നാല്‍ ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പട്ടേല്‍ ശക്തമായ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറയുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 'വല്ലഭായി പട്ടേല്‍ 1933ല്‍ ഇങ്ങനെ പറഞ്ഞു: ഹിന്ദു മതം സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന വിഡ്ഢിത്തങ്ങളും തോന്ന്യവാസങ്ങളും ഞാന്‍ അറിയുകയും കാണുകയും ചെയ്യുന്നു' ഇന്നലെ പോസ്റ്റ് ചെയ്ത ട്വീറ്റിനു കീഴില്‍ പട്ടേല്‍ ദീര്‍ഘവീക്ഷണമുള്ളയാളായിരുന്നുവെന്നാണ് എന്‍ കെ സിങ്ങെന്ന റിട്ടയേര്‍ഡ് ഐ പി എസ് ഉദ്യോഗസ്ഥന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതേ പട്ടേലിനെ വര്‍ഗീയവാദിയെന്ന് വിളിച്ചത് നിങ്ങളുടെ നെഹ്റുവാണെന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവിന്റെ കമന്റ്.മുമ്പ്‌ചരിത്രകാരനും അഭിഭാഷകനുമായ എ ജി നൂറാനി വല്ലഭായ് പട്ടേലിനെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അദ്ദേഹം മൃദുഹിന്ദുത്വവാദിയും മുസ്ലീം വിരുദ്ധനുമാണെന്ന് പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ ചുവടെ.പാര്‍ട്ടി നേതാവ് വല്ലഭായ് പട്ടേലിന് മുകളിലൂടെ തന്റെ പിന്‍ഗാമിയായി ജവഹര്‍ലാല്‍ നെഹ്റുവിനെ അവരോധിച്ചത് മഹാത്മ ഗാന്ധിയാണ്. പാര്‍ട്ടിക്ക് ഒരുപാട് നേട്ടമുണ്ടാക്കിക്കൊടുക്കുകയും മികച്ച രീതിയില്‍ ഫണ്ട് പിരിവു നടത്തുകയും ചെയ്ത നേതാവായിട്ടും പട്ടേലിനെ തഴഞ്ഞ് ഗാന്ധി തന്റെ ഇഷ്ടക്കാരനായ നെഹ്റുവിനെ തെരഞ്ഞെടുക്കുകയായിരുന്നു.നെഹ്റു സഹൃദയനും സാംസ്‌കാരികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യക്തിയുമായിരുന്നപ്പോള്‍ പട്ടേല്‍ കര്‍ക്കശക്കാരനും മര്‍ക്കട മുഷ്ടിക്കാരനുമായിരുന്നു. ലോക കാര്യങ്ങളക്കുറിച്ച് പട്ടേലിന് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടി നേതാവെന്ന നിലയില്‍ പല അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും നെഹ്റുവിന്റെ അറിവും കഴിവുകളും മികച്ചതായിരുന്നു.

ഹിന്ദുമതത്തോടുള്ള പട്ടേലിന്റെ താല്‍പര്യവും ആര്‍ എസ് എസ് നേതാക്കളോടുള്ള സൗഹൃദവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും തള്ളിക്കളഞ്ഞിട്ടില്ല-ലേഖനം പറയുന്നു. പട്ടേലിന്റെ മൃദുഹിന്ദുത്വവും മുസ്ലീം വിരോധവും തെളിയിക്കുന്ന ചരിത്രരേഖകളെന്ന് അവകാശപ്പെടുന്ന പ്രസ്താവനകളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കശ്മീരില്‍ മുസ്ലീങ്ങള്‍ കൂട്ടക്കൊലയ്ക്കിരയായപ്പോള്‍ പട്ടേല്‍ കുറ്റകരമായ മൗനം പുലര്‍ത്തിയതായി നൂറാനി പറയുന്നു.

ആര്‍ എസ് എസിനെക്കുറിച്ച് നെഹ്റു പരാതി പറഞ്ഞപ്പോള്‍ സംഘടനയെ ന്യായീകരിക്കുകയാണ് പട്ടേല്‍ ചെയ്തത്. രാജ്യവിഭജനത്തിന് ശേഷം മുസ്ലീങ്ങള്‍ നഗരങ്ങളില്‍ ഇറങ്ങുന്നതില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി നൂറാനിയുടെ ലേഖനം ആരോപിക്കുന്നു. ഹിന്ദു മഹാസഭ, ആര്‍ എസ് എസ് എന്നിവയെ കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണിച്ച പട്ടേല്‍ 'രണ്ട് തോണിയില്‍ കാലുവെയ്ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക്് പോകാന്‍' ആവശ്യപ്പെട്ടതായും നൂറാനി പറയുന്നു. ഈ സാഹചര്യത്തിലാണ് രാമചന്ദ്ര ഗുഹയുടെ പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്.

Read More >>