കോടതിയലക്ഷ്യ കേസില്‍ ഹാജരായില്ല; കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിക്കെതിരെ അറസ്റ്റ് വാറന്റ്

നേരത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ഇദ്ദേഹത്തെ മറ്റ് ജഡ്ജിമാരുടെ പരാതിയെത്തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കോടതിയലക്ഷ്യ കേസില്‍ ഹാജരായില്ല; കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിക്കെതിരെ അറസ്റ്റ് വാറന്റ്

കോടതിയലക്ഷ്യ കേസില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിന് സുപ്രീം കോടതി നേരത്തെ എടുത്ത കോടതിയലക്ഷ്യ കേസില്‍ ഹാജരാകാതിരുന്നതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ ഇന്ന് ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31നുള്ളില്‍ ജസ്റ്റിസിനെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഏഴംഗ ബെഞ്ച് കല്‍ക്കട്ട പോലീസ് തലവനോട് ഉത്തരവിട്ടു.

രാജ്യത്തെ നിരവധി ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണമുന്നയിച്ച് ജസ്റ്റിസ് കര്‍ണന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവര്‍ക്ക് കത്തെഴുതിയിരുന്നു. തന്റെ ഭര്‍ത്താവിനെതിരെ വ്യാജ പരാതി നല്‍കിയതായും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് ജസ്റ്റിസ് കര്‍ണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ ഭാര്യ നല്‍കിയ പരാതിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യ കേസില്‍പ്പെട്ട കര്‍ണന്റെ ഹൈക്കോടതി ജഡ്ജിയെന്ന നിലയിലുള്ള അധികാരങ്ങള്‍ സുപ്രീം കോടതി നേരത്തെ എടുത്തുകളഞ്ഞിരുന്നു. താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ വേട്ടയാടപ്പെടുകയാണെന്ന് കര്‍ണന്‍ സുപ്രീം കോടതിക്കയച്ച കത്തില്‍ ആരോപിച്ചിരുന്നു. നേരത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ഇദ്ദേഹത്തെ മറ്റ് ജഡ്ജിമാരുടെ പരാതിയെത്തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു.