റാൻസെംവെയർ ആക്രമണം തിരുപ്പതി ​ക്ഷേത്രത്തിലും; കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടു

അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിലെ 10 കംപ്യൂട്ടറുകളാണ് വാനാക്രൈയുടെ ആക്രമണമത്തിനിരയായത്. ഇതേ തുടർന്ന് മുൻകരുതലെന്ന നിലയിൽ 20ഓളം കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നത് നിർത്തിവച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

റാൻസെംവെയർ ആക്രമണം തിരുപ്പതി ​ക്ഷേത്രത്തിലും; കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടു

സൈബർ ലോകമാകെ പടർന്നുപിടിക്കുന്ന റാൻസംവെയർ വാനാക്രൈ വൈറസ് ആക്രമണം തിരുമല തിരുപ്പതി ക്ഷേത്രത്തിലും. ക്ഷേത്രത്തിലെ കംപ്യൂട്ടറുകൾ റാൻസംവയർ ആക്രമണത്തെ തുടർന്ന് ഹാക്ക് ചെയ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിലെ 10 കംപ്യൂട്ടറുകളാണ് വാനാക്രൈയുടെ ആക്രമണമത്തിനിരയായത്. ഇതേ തുടർന്ന് മുൻകരുതലെന്ന നിലയിൽ 20ഓളം കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നത് നിർത്തിവച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ചില കംപ്യൂട്ടറുകളെ റാൻസംവെയർ വൈറസ് ബാധിച്ചതായി തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസർ അനിൽകുമാർ വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിലേതു കൂടാതെ, ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള ഫയലുകളും ഭക്തജനങ്ങള്‍ക്കായുള്ള സേവനങ്ങൾ സംബന്ധിച്ചുമുള്ള ഫയലുകളും റാന്‍സംവെയറിന്റെ ആക്രമണത്തില്‍പ്പെട്ടിട്ടുണ്ട്.

അതേസമയം, ഭക്തര്‍ക്കു നല്‍കുന്ന സേവനങ്ങളില്‍ യാതൊരു തടസവുമുണ്ടാകില്ലെന്നും അനിൽകുമാർ കൂട്ടിച്ചേര്‍ത്തു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ച കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 150ഓളം രാ​ജ്യങ്ങളെ ബാധിച്ചിരിക്കുന്ന റാൻസംവെയർ ആക്രമണം കേരളത്തിലുമെത്തിയിരുന്നു. പാലക്കാട് റെയിൽവേയിലെ 23 കംപ്യൂട്ടറുകളെയാണ് അവസാനമായി വൈറസ് ബാധിച്ചത്. പേഴ്‌സണല്‍, അക്കൗണ്ട് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്.

വിന്‍ഡോസ് 7 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകളെയാണ് ഇത് ബാധിച്ചിട്ടുള്ളത്. ലോകമെങ്ങും ഭീഷണി പരത്തിയ വാനാക്രൈ സൈബര്‍ ആക്രമണം പത്തനംതിട്ട, വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ എട്ട് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളിലും കണ്ടെത്തിയിരുന്നു.