ആര്‍ക്കു കുത്തിയാലും വോട്ട് ബിജെപിക്ക്; ആരോപണങ്ങളെ സാധൂകരിച്ച് മധ്യപ്രദേശിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട്

ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വിവിപിഎഎം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഏതു സ്ഥാനാര്‍ത്ഥിക്കു വോട്ട് ചെയ്താലും അത് ബിജെപി സ്ഥാനാര്‍ത്ഥിക്കു കിട്ടുന്ന രീതിയിലായിരുന്നു മെഷീന്റെ സെറ്റിങ്സ്.

ആര്‍ക്കു കുത്തിയാലും വോട്ട് ബിജെപിക്ക്; ആരോപണങ്ങളെ സാധൂകരിച്ച് മധ്യപ്രദേശിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട്

ഏപ്രില്‍ ഒമ്പതിനു മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എത്തിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട്. ആരുടെ പേരിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാലും വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കു വീഴുന്ന തരത്തിലാണ് മെഷീനില്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഇത് കയ്യോടെ പിടികൂടുകയായിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വിവിപിഎഎം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഏതു സ്ഥാനാര്‍ത്ഥിക്കു വോട്ട് ചെയ്താലും അത് ബിജെപി സ്ഥാനാര്‍ത്ഥിക്കു കിട്ടുന്ന രീതിയിലായിരുന്നു മെഷീന്റെ സെറ്റിങ്സ്.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണം വ്യാപകമായിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലെ തട്ടിപ്പ് വോട്ടെടുപ്പിനു മുമ്പുതന്നെ പുറത്തായിരിക്കുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലിന സിങ് വോട്ടിങ് മെഷീനില്‍ പരിശോധന നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയാണ്.

സലിന സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിങ് മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവിപിഎപി മെഷീന്റെ സഹായത്തോടെ വോട്ടിങ് മെഷീനില്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ പേപ്പര്‍ റെസീപ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുകയായിരുന്നു. ആദ്യനമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബിജെപിക്കു തന്നെ.

കഴിഞ്ഞമാസം യുപി ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബിഎസ്പി നേതാവ് മായാവതിയായിരുന്നു. സമാന ആരോപണവുമായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു യുപി തിരഞ്ഞെടുപ്പ് ഫലം.

325 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അവിടെ വിജയം നേടിയത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. മധ്യപ്രദേശ് തിരഞ്ഞെടുപ്പിനു മുമ്പായി നടത്തിയ പരിശോധനയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത് ഗുരുതര പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.


loading...