താനല്ല കിംഗ്ഫിഷർ എയർലൈൻസാണ് കടമെടുത്തതെന്ന വാദവുമായി വിജയ് മല്യ

"ജാമ്യം നിൽക്കുന്നത് വഞ്ചനയല്ല"-ട്വീറ്റിലൂടെ മല്യ പറയുന്നു.

താനല്ല കിംഗ്ഫിഷർ എയർലൈൻസാണ് കടമെടുത്തതെന്ന വാദവുമായി വിജയ് മല്യ

ഇന്ത്യയിലെ ബാങ്കുകളില്‍ കടമെടുത്തത് താനല്ലെന്ന വാദവുമായി മദ്യവ്യവസായി വിജയ്​ മല്യ. താൻ ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്നും കിങ്​ഫിഷര്‍ എയര്‍ലൈന്‍സാണ്​ ബാങ്കുകളില്‍ നിന്ന്​ വായ്​പയെടുത്തതെന്നും മല്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പരാമർശം. ന്യൂസ് 18 ന്യൂസ് ചാനലിന്റെ ഒരു ട്വീറ്റിനു മറുപടി ആയിട്ടാണ് മല്യയുടെ ട്വീറ്റ്.


"ബഹുമാനപൂർവ്വം ചോദിക്കട്ടെ, ഞാൻ ബാങ്ക് തട്ടിപ്പ് നടത്തിയിട്ടുണ്ടോ? ഞാൻ ഒരു രൂപ പോലും കടമെടുത്തിട്ടില്ല. കടമെടുത്തത് കിങ്ഫിഷർ എയർലൈൻസ് ആയിരുന്നു. വളരെ സാധാരണവും ദുഖകരവുമായ കച്ചവടത്തകർച്ച മൂലം പണം നഷ്ടമായി. ജാമ്യം നിൽക്കുന്നത് വഞ്ചനയല്ല"-ട്വീറ്റിലൂടെ മല്യ പറയുന്നു.

വായ്​പയെടുത്ത തുക ബാങ്കുകളില്‍ തിരിച്ചടക്കാമെന്ന്​ അറിയിച്ചതിന്​ പിന്നാലെയാണ്​ മല്യയുടെ പുതിയ ട്വീറ്റ്​ പുറത്ത്​ വന്നിരിക്കുന്നത്​. തനിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ വിജയ്​ മല്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സുപ്രീംകോടതി എന്‍ഫോഴ്​സ്​മമെന്റ് ഡയറക്​ടറേറ്റിന്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

2016ലാണ്​ എസ്​ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന്​ 9000 കോടി വായ്​പയെടുത്ത്​ വിജയ്​ മല്യ ഇന്ത്യ വിട്ടത്​. യുകെയിലുള്ള മല്യയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.