ആധാര്‍ കാര്‍ഡ്: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു; അന്ന് ആധാറില്‍ പറഞ്ഞത് വിഴുങ്ങി മോദിയും ബിജെപിയും

ബിജെപി അധികാരത്തിലെത്തുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ബിജെപി ആധാര്‍ വിഷയമാക്കിയിരുന്നു. 2013 സെപ്റ്റംബറില്‍ ട്രിച്ചിയില്‍ ബിജെപി യൂത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവേ മോദി ആധാര്‍ വിഷയത്തില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള നവമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയായിരുന്നു ആധാറെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കു ശേഷമാണ് പഴയ വിമര്‍ശനങ്ങള്‍ ബിജെപിയ്ക്ക് പാരയാകുന്നത്.

ആധാര്‍ കാര്‍ഡ്: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു; അന്ന് ആധാറില്‍ പറഞ്ഞത് വിഴുങ്ങി മോദിയും ബിജെപിയും

അധികാരത്തിലെത്തും മുമ്പ് ആധാര്‍ നടപ്പാക്കുന്നതിനെതിരെ ബിജെപിയും നരേന്ദ്രമോദിയും നടത്തിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ബൂമറാങ്ങായി അവര്‍ക്കുനേരെ തിരിച്ചടിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയാണ് ആധാറെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കു പിന്നാലെ നരേന്ദ്രമോദിയടക്കമുള്ളവരുടെ ആധാറിനെതിരെയുള്ള പഴയ പ്രസംഗങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. 2013 സെപ്റ്റംബര്‍ 26ന് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ മോദി നടത്തിയ പ്രസംഗമാണ് ട്വിറ്ററില്‍ ആളുകള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

ബിജെപിയുടെ യൂത്ത് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ആധാര്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ മോദി ആഞ്ഞടിച്ചത്. ആധാറിനായി എത്ര പണം ചെലവിട്ടെന്ന് അറിയാന്‍ രാജ്യത്തിനാഗ്രമുണ്ടെന്നും പണം മുഴുവന്‍ എവിടേയ്ക്കാണ് പോയതെന്നും ആര്‍ക്കാണ് ലാഭമുണ്ടായതെന്നും മോദി ചോദിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കത്ത് മുഖേനയും അല്ലാതെയും താനിത് പ്രധാനമന്ത്രിയോട് ചോദിക്കുന്നുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും മോദി പറയുന്നു.

അതിര്‍ത്തി സംസ്ഥാനമായ ഗുജറാത്തില്‍ അടക്കം വ്യാജ ആധാര്‍ നിര്‍മ്മിച്ച് നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ട്. ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്നും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തയ്യാറാകുന്നില്ലെന്നും മോദി പ്രധാനമന്ത്രിയാകും മുമ്പ് കുറ്റപ്പെടുത്തിയരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചരണ യോഗങ്ങളിലും ആധാര്‍ വിഷയമായിരുന്നു. എന്നാല്‍ ആധാറിന്മേലുള്ള നിലപാടില്‍ ബിജെപി ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയായിരുന്നു ആധാറെന്ന് ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. രാജ്യസഭയില്‍ ധനബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത് വന്നത്. സബ്സിഡികള്‍ നേരിട്ട് നല്‍കുന്നത്, നികുതി വെട്ടിപ്പ് പരിശേധിക്കുന്നതിന് തുടങ്ങിയ കാര്യങ്ങള്‍ക്കായി ആധാറിനെ മാറ്റിയത് പരാമര്‍ശിച്ചായിരുന്നു ജെയ്റ്റ്ലി രാജ്യസഭയില്‍ സംസാരിച്ചത്.

പ്രാധാനമന്ത്രി പുറത്തിറക്കിയ വിരലടയാളം മാത്രം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആധാറുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ വിരലടയാളം ഉപയോഗിച്ച് പണമിടപാട് നടത്താം. ആധാര്‍ എന്തിന് ഭീം ആപ്പ് എന്തിന് എന്നൊക്കെ ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നായിരുന്നു ആപ്ലിക്കേഷന്‍ പുറത്തിറക്കി മോദി ചോദിച്ചത്. അധികാരത്തിലെത്തും മുമ്പ് ആധാര്‍ വിഷയത്തില്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ ബിജെപിയും മോദിയും വിഴുങ്ങിയെന്ന വിമര്‍ശനമാണ് നവമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.