കാശ്മീരിൽ യുവാവിനെ ജീപ്പിനു മുന്നില്‍ കവചമാക്കി സൈന്യത്തിന്റെ ക്രൂരത; കല്ലെറിയുന്നവര്‍ക്ക് ഈ വിധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കാശ്മീരിലെ ബുഡ്ഗാം ജില്ലയിലാണ് യുവാവിനെ ജീപ്പിനു മുന്നില്‍ ബന്ധിച്ച് സൈന്യം പട്രോളിങ് നടത്തിയത്. ക്രൂരതയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിലാണ് സംഭവം.

കാശ്മീരിൽ യുവാവിനെ ജീപ്പിനു മുന്നില്‍ കവചമാക്കി സൈന്യത്തിന്റെ ക്രൂരത; കല്ലെറിയുന്നവര്‍ക്ക് ഈ വിധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

യുവാവിനെ ജീപ്പിനു മുന്നില്‍ കവചമാക്കി സൈന്യത്തിന്റെ ക്രൂരത. ജീപ്പിനു മുന്നില്‍ കയറുകൊണ്ട് യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ട് സൈന്യം പട്രോളിങ് നടത്തുന്ന വീഡിയോ ആണ് നവമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കഴിഞ്ഞദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന കാശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ബീര്‍വയിലാണ് സംഭവം. വീഡിയോയുടെ ആധികാരകത പരിശോധിച്ചതായി സൈനിക വക്താവ് പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലായത്. കല്ലെറിയുന്നവര്‍ക്ക് ഇതേ വിധിയാണുണ്ടാകുകയെന്ന് സൈനികന്‍ വിളിച്ചു പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. ജീപ്പ് കടന്നു പോകുന്നതിനു പിന്നാലെ മറ്റ് പട്രോളിങ് വാഹനങ്ങള്‍ പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വീഡിയോ ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇങ്ങനെയല്ല മറുപടി നല്‍കേണ്ടതെന്ന് അദ്ദഹം പറഞ്ഞു. ഒമര്‍ അബ്ദുള്ളയുടെ മണ്ഡലമാണ് ബീര്‍വാ.

ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. സിആര്‍പിഎഫ് ജവാനെ അക്രമകാരികള്‍ വളഞ്ഞിട്ടാക്രമിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് പട്രോളിങ് നടത്തിയ സൈന്യത്തിന്റെ നടപടിയെക്കെതിരെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.