'രാം മഹോത്സവ്'; രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് വി എച്ച് പി പ്രക്ഷോഭം ആരംഭിക്കുന്നു

ഉത്തര്‍പ്രദേശിലെ എല്ലാ വീടുകളിലും കാവിക്കൊടി ഉയരുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും ഈശ്വരി പ്രസാദ് അവകാശപ്പെട്ടു.

രാം മഹോത്സവ്; രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് വി എച്ച് പി പ്രക്ഷോഭം ആരംഭിക്കുന്നു

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടേയും ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റേയും പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത് പുതിയ പ്രക്ഷോഭം ആരംഭിക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി രാം മഹോത്സവ് എന്ന പേരില്‍ പുതിയ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത് അറിയിച്ചു.

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയ്ക്ക് പുറത്ത് ഉചിതമായ പരിഹാരം കണ്ടെത്താന്‍ ഇന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതും തീവ്ര ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതും രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നതിന് വി എച്ച്് പിയ്ക്ക് പ്രചോദനമായിട്ടുണ്ട്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 16 വരെയാണ് രാം മഹോത്സവ് നടത്തുകയെന്ന് വി എച്ച് പി അറിയിച്ചു. ഗ്രാമപ്രദേശങ്ങളില്‍ സഞ്ചരിച്ച് ശ്രീ രാമനെക്കുറിച്ച് ജനങ്ങളെ കൂടുതലായി ബോധവല്‍ക്കരിക്കുമെന്ന് സംഘടന പറയുന്നു.

എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജാഗ്രണ്‍ യാത്രകള്‍ നടത്തുമെന്നും വി എച്ച് പി പറയുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഇനി കാലതാമസം വരുത്തേണ്ടതില്ലെന്ന് വി എച്ച് പി നേതാവ് ഈശ്വരി പ്രസാദ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ എല്ലാ വീടുകളിലും കാവിക്കൊടി ഉയരുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും ഈശ്വരി പ്രസാദ് അവകാശപ്പെട്ടു. യോഗി ആദിത്യനാഥിന്റെ സ്ഥാനാരോഹണം രാമക്ഷേത്ര നിര്‍മാണം എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.