വര്‍ണിക കുണ്ഡു കേസ്; വികാസ് ബറാലയുടെ ജാമ്യാപേക്ഷ തള്ളിയതോടെ വര്‍ണികയുടെ അച്ഛനെ സ്ഥലം മാറ്റി

എന്തിനാണ് സ്ഥലംമാറ്റിയത് എന്ന് ഓര്‍ഡറില്‍ വ്യക്തമാക്കിയിട്ടില്ല. വര്‍ണികയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ വികാസ് ബറാല നല്‍കിയ ജാമ്യാപേക്ഷ ഹരിയാന കോടതി തള്ളിക്കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സ്ഥലംമാറ്റിയതായി ഉത്തരവ

വര്‍ണിക കുണ്ഡു കേസ്; വികാസ് ബറാലയുടെ ജാമ്യാപേക്ഷ തള്ളിയതോടെ 
വര്‍ണികയുടെ അച്ഛനെ സ്ഥലം മാറ്റി

ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാല വര്‍ണിക കുണ്ഡുവിനെ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. ഹരിയാന കേഡര്‍ ഐഎഎസ് ഓഫീസറായ വര്‍ണികയുടെ അച്ഛന്‍ വിഎസ് കുണ്ഡുവിനെ സ്ഥലംമാറ്റിക്കൊണ്ടാണ് ഹരിയാന സര്‍ക്കാര്‍ പകവീട്ടിയത്. സംസ്ഥാനത്തെ ടൂറിസം വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കുണ്ഡുവിനെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിട്ടാണ് സ്ഥാനം മാറ്റിയത്. റോഹ്തകിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സിന്റെ വൈസ് ചാന്‍സലറായി കുണ്ഡു തുടരും. നിലവില്‍ വഹിച്ചിരുന്നതിനേക്കാള്‍ താഴ്ന്ന പദവിയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

തന്റെ കഴിവുകള്‍ അനുസരിച്ച് തന്നെ എവിടെ നിയമിക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണ്. അതില്‍ തനിക്ക് പ്രശ്‌നമില്ല. ട്രാന്‍സ്ഫര്‍ ഓര്‍ഡറിനെ പ്രതിരോധിക്കാന്‍ താന്‍ ഒന്നും ചെയ്തില്ലെന്നും വിഎസ് കുണ്ഡു മാധ്യമങ്ങളെ അറിയിച്ചു. വര്‍ണിക കുണ്ഡുവിനെ അതിക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ വികാസ് ബറാലയുടെ ജാമ്യാപേക്ഷ ഛണ്ഡീഗഢ് കോടതി തള്ളിക്കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വിഎസ് കുണ്ഡുവിന് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയത്.

സ്ഥലംമാറ്റത്തിന്റെ കാരണം എന്തെന്ന് ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ വ്യക്തമാക്കിയിട്ടില്ല. മകള്‍ക്കായി നീതിക്കുവേണ്ടി ബിജെപിക്കെതിരെ നിലകൊണ്ടതിനാണോ കുണ്ഡുവിനെ സ്ഥലം മാറ്റുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സര്‍ജേവാല ട്വീറ്റ് ചെയ്തു.


രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വര്‍ണിക കുണ്ഡുവിനെ വികാസ് ബറാല പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. വര്‍ണിക ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. സംസ്ഥാനത്തെ ബിജെപി നേതൃത്വം വര്‍ണികയ്‌ക്കെതിരെ വിദ്വേഷ പ്രചരണവും അപവാദ പ്രചരണവും നടത്തിയിരുന്നു.

ബിജെപി മേധാവിയുടെ മകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് നിയമപോരാട്ടം നടത്താനുള്ള പ്രത്യേകാധികാരം എല്ലാവര്‍ക്കും കിട്ടുന്നതല്ലെന്നും അത് കൈവശമുള്ളതിനാല്‍ അവര്‍ക്കെതിരെ നിയമപോരാട്ടത്തിന് തയ്യാറാണ് എന്നും വര്‍ണികയുടെ അച്ഛന്‍ വിഎസ് കുണ്ഡു മുമ്പ് അറിയിച്ചിരുന്നു. അധികാരം കയ്യാളുന്നവര്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ എല്ലാവര്‍ക്കും കഴിയുന്നില്ല എന്ന നിസ്സഹായാവസ്ഥയെപ്പറ്റിയും കുണ്ഡു മാധ്യമങ്ങളോട് സംസാരിക്കവേ സൂചിപ്പിച്ചിരുന്നു.

Read More >>