സമാജ് വാദി - കോൺഗ്രസ് സഖ്യത്തെ മുസ്ലിം വോട്ടർമാർ തള്ളിയതെന്തിന്?

'ഹിന്ദുത്വ ഭീഷണിയെ ചെറുക്കാൻ കോൺഗ്രസ്' എന്ന വിശ്വാസ പ്രമാണത്തെ മുസ്ലിം വോട്ടർമാർ നെറ്റിയ്ക്ക് ആണിയടിച്ച് പാലയിൽ തളച്ചിരിക്കുന്നു. കോൺഗ്രസെന്ന പ്രേതാത്മാവിന് ഇന്ത്യൻ മുസ്ലിങ്ങളുടെ തലതൊട്ടപ്പന്മാരുടെ ഭൂവിഭാഗത്തിൽ നിന്നുമുണ്ടായിരിക്കുന്ന അന്ത്യകർമ്മം.

സമാജ് വാദി - കോൺഗ്രസ് സഖ്യത്തെ മുസ്ലിം വോട്ടർമാർ തള്ളിയതെന്തിന്?

പതിനെട്ട് ശതമാനമാണ് യു.പി.യിലെ മുസ്ലിം ജനസംഖ്യ. അതു മാത്രമായിരുന്നു 'മുസ്ലിം രക്ഷകരാ'യി സ്വയം അവതരിപ്പിക്കാൻ കോൺഗ്രസ് -സമാജ് വാദി മുന്നണിക്ക് ഏക കാരണം. മുസഫർ നഗർ കലാപത്തിലടക്കം ഹിന്ദുത്വ ഭീകരതയ്ക്ക് കൂട്ടുനിന്നുവെന്ന് ആക്ഷേപിക്കപ്പെട്ട സമാജ് വാദി പാർട്ടി, മുസ്ലിം പിന്തുണ പിടിച്ചു നിർത്താൻ പുറത്തെടുത്തത് തീവ്ര പ്രീണനമാണ്. നരേന്ദ്ര മോഡി വിവിധ വിഭാഗം ഹിന്ദു വോട്ടർമാരെ ലാക്കാക്കി പുറത്തെടുത്ത വജ്രായുധത്തിന്റെ മറു രൂപം. ഹിന്ദു വോട്ടർമാരിൽ മോഡിയുടെ തുരുപ്പു ശീട്ട് ഫലിച്ചപ്പോൾ, മുസ്ലിം വോട്ടർമാർ കോൺഗ്രസ് - സമാജ് വാദി മുന്നണിയുടെ 'തെരഞ്ഞെടുപ്പ് നമ്പർ' മുഖവിലക്കെടുത്തില്ല. രാഷ്ട്രീയ മരണമാണ് സത്യസന്ധതയില്ലാത്ത മുന്നണിയെ പിന്തുണക്കുന്നതിലും ഭേദമെന്ന് യു.പി.യിലെ മുസ്ലിം ജനസാമാന്യം നിലപാടെടുത്തിരിക്കുന്നു.

ബാബരി പള്ളി തകർത്ത കാലം മുതൽ ചോർന്നു തുടങ്ങിയതാണ് യു.പി.യിൽ കോൺഗ്രസിനുള്ള മുസ്ലിം പിന്തുണ. ബി.ജെ.പി.യിലേക്കുള്ള ഒട്ടേറെ 'ഗയേ റാ' മുമാരെ തുടർ വർഷങ്ങളിൽ കോൺഗ്രസ് സംഭാവന ചെയ്തതോടെ ആ ചോർച്ചയുടെ വിടവടയ്ക്കൽ അസാധ്യമായിത്തീർന്നു. ഗാന്ധി കുടുംബം വേരാഴ്ത്തി നിന്ന സംസ്ഥാനത്ത് മണ്ഡലങ്ങളിലെല്ലാം സ്വന്തം കൊടിയോ ദേശീയ നേതാക്കൾക്ക് ആളു തിങ്ങിയ വേദിയോ കിട്ടാൻ സമാജ് വാദിയുടെ ഔദാര്യം വേണ്ടി വന്നു സs കൊഴിഞ്ഞ കോൺഗ്രസ് സിംഹത്തിന്. പുലിയായെങ്കിലും തോന്നിപ്പിക്കാമെന്നു കരുതിയത് മുസ്ലിം വോട്ടുകൾ 'മോഡി ഭയ'ത്താലെങ്കിലും കൈപ്പത്തിയിൽ പതിയുമെന്ന അതിരു കടന്ന വിശ്വാസത്തിലാണ്. 'ഹിന്ദുത്വ ഭീഷണിയെ ചെറുക്കാൻ കോൺഗ്രസ്' എന്ന വിശ്വാസ പ്രമാണത്തെ മുസ്ലിം വോട്ടർമാർ നെറ്റിയ്ക്ക് ആണിയടിച്ച് പാലയിൽ തളച്ചിരിക്കുന്നു. കോൺഗ്രസെന്ന പ്രേതാത്മാവിന് ഇന്ത്യൻ മുസ്ലിങ്ങളുടെ തലതൊട്ടപ്പന്മാരുടെ ഭൂവിഭാഗത്തിൽ നിന്നുമുണ്ടായിരിക്കുന്ന അന്ത്യകർമ്മം.

സമാജ് വാദി പാർട്ടിക്ക് കുറേക്കൂടി ആയുസ്സുണ്ടാകും മുസ്ലിം മനസ്സുകളിലെന്ന് കരുതിയവരെയാണ് യു.പി.യിലെ മുസ്ലിം ജനത കയ്യറപ്പുകൂടാതെ സലാം പറഞ്ഞ് മടക്കിയിരിക്കുന്നത്. ശരിക്കുമുള്ള പിണറായി സ്റ്റൈൽ 'നീണ്ട നമസ്കാരം'. അതിനു കാരണങ്ങളോ, നെടുനാളായി തുടരുന്ന മുസ്ലിങ്ങളോടുള്ള വഞ്ചനകളുടെ പരമ്പരയും.

ബി.ജെ.പി. ബുദ്ധികേന്ദ്രങ്ങളിൽ വിരിയുന്ന ഇസ്ലാമികഭീകരക്കേസുകളിൽ നല്ലൊരു പങ്കിന്റെയും കേന്ദ്രമായി ചിത്രീകരിക്കപ്പെടുന്നത് കുറെക്കാലമായി ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്നൗ ആണ്. പണ്ട് സിമിയും, പിന്നീട് ഹുജിയും, അടുത്തിടെയായി ഐസിസും പോലുള്ള ബാനറുകളിൽ കെട്ടിയുണ്ടാക്കിയ ഭീകരവാദ കേസുകളിൽ ഗണ്യമായ എണ്ണവും ലക്നൗ കോടതികളിൽ വിചാരണ ഘട്ടത്തിലും വിചാരണ കൂടാത്ത തടവുകളിലും അത്തരം പല പല വകുപ്പുകളിലും ചാർത്തപ്പെട്ടു കിടക്കുന്നവയാണ്. ഒന്നര പതിറ്റാണ്ടോളം മുമ്പ് ബി.ജെ.പി. ഭരണം പടിയിറങ്ങിയ സംസ്ഥാനമായിട്ടും ലക്നൗ, മുസ്ലിങ്ങൾക്ക് ജയിൽ കാലങ്ങൾ നേടിക്കൊടുക്കുന്ന ഇടമായി നിലനിന്നു, സമാജ് വാദി ഭരണങ്ങളിൽ. ബി.എസ്.പി.യും ഇക്കാര്യത്തിൽ മോശമായിരുന്നില്ലെങ്കിലും. മുല്ലാ മുലായത്തിന്റെ അകത്തെ കത്തിയോളം മൂർച്ചയുള്ളതായിരുന്നില്ല മായാവതിയുടെത്.

ഇക്കാലയളവിൽ ബി.ജെ.പി. ദേശവ്യാപകമായി വിജയപൂർവം നടപ്പാക്കിയ ഹിന്ദുത്വവൽക്കരണം, യു.പി.ദളിതരെ കാര്യമായി ബാധിച്ചില്ലെങ്കിലും, സമാജ് വാദി പാർട്ടിയുടെ നട്ടെല്ലായ യാദവരെ 'ഹിന്ദുക്കളാ'ക്കി മാറ്റി. വിവിധ തൊഴിൽ മേഖലകളിൽ വലിയ കലങ്ങിമറിയലുകൾ വന്ന ആഗോളീകരണ കാൽ നൂറ്റാണ്ടിൽ മുസ്ലിം പ്രാതിനിധ്യമുള്ള തൊഴിൽ മേഖലകൾ അല്പമായി നിലനിൽക്കുന്നതു പോലും പൊതുവിൽ യാദവർക്ക് അലോസരക്കാഴ്ചയായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വർഗീയ ചലനങ്ങളുണ്ടാക്കി സംസ്ഥാനത്തെങ്ങും 'ഹിന്ദു' ഏകോപനമുണ്ടാക്കാൻ ശ്രമിക്കലായിരുന്നു സംഘപരിവാര സംഘടനകളുടെ ഒറ്റ ശ്രുതിയിലുള്ള സാംസ്കാരിക പ്രവർത്തനം ഇക്കാലയളവിൽ. അദ്വാനിയുടെ രാമരഥത്തിനു മുന്നിൽ വിലങ്ങനെ നിന്ന മുലായമെന്ന കുറിയ മനുഷ്യന്റെ കാലിടകളിലൂടെ സ്വന്തം യാദവകുലത്തിലെ വെണ്ണപ്പാളി, സംഘപരിവാര മുദ്രാവാക്യങ്ങൾക്കൊത്ത് ഹൃദയം തുടിക്കുന്നവരായി മാറുകയും ചെയ്തു. ഫാസിസ്റ്റ് വിരുദ്ധ യുദ്ധം വഴിയിൽ നിർത്തി മുല്ലാ മുലായം തൊപ്പിയൂരി. മകന് ബാറ്റൺ കൈമാറി.

അച്ഛനും മകനും തമ്മിൽ നടന്ന അന്തർനാടകങ്ങളെക്കാൾ തീവ്രമായിരുന്നു അഖിലേഷിന്റെ ഭരണത്തിൽ നടന്ന ബി.ജെ.പി.-സമാജ് വാദി 'ഭായ് ഭായ്' കളികൾ. 2013 ലെ മുസഫർ നഗർ കലാപം പോലെ മുസ്ലിങ്ങൾ ചോരക്കളികളിലേക്ക് കാൽ വഴുതി വീണ സമീപ കാല വർഗീയ സംഘർഷങ്ങളിൽ പ്രതിപ്പട്ടികകളിൽ പരമ്പരാഗത മുസ്ലിം ശത്രുക്കളായ ജാട്ടുകളെപ്പോലുള്ളവർ മാത്രമായിരുന്നില്ല. യാദവ കുലാംഗങ്ങൾ മുസഫർ ന4ർ കലാപത്തിലെങ്കിലും മുസ്ലിങ്ങൾക്കെതിരെ പ്രത്യക്ഷ സാന്നിദ്ധ്യമായിരുന്നു. അമർഷാ ഊതിപ്പെരുപ്പിച്ച തീക്കാറ്റിൽ നിന്ന് ചൂട്ടു കത്തിച്ചിറങ്ങിയവരിൽ അഖിലേഷിന്റെ കിങ്കര നേതാക്കളുമുണ്ടായിരുന്നുവെന്ന് മുസ്ലിങ്ങൾ വൈകാതെ മനസ്സിലാക്കി.

ആ ഞെട്ടലിൽ നിന്ന് തല തണുക്കാൻ ഇട കിട്ടും മുമ്പാണ് ഈ തെരഞ്ഞെടുപ്പ് വന്നത്. കോൺഗ്രസിനെ കൂട്ടുപിടിച്ചത് മുസ്ലിങ്ങളിലെ വിശ്വാസ്യത വീണ്ടെടുക്കാനാണെന്ന പല സിദ്ധാന്തങ്ങൾ പടയ്ക്കപ്പെട്ടിരുന്നെങ്കിലും അതിലെ ആത്മാർത്ഥത മുസ്ലിങ്ങൾക്ക് പൊതുവിൽ ബോധിക്കുന്നതായിരുന്നില്ല. കോൺഗ്രസിനെ കൂട്ടിരുത്തി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽ മുഴക്കിയ മുസ്ലിം ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും അച്ചടിച്ചതിന്റെ ഈച്ചക്കോപ്പികളായിരുന്നു. എത്രയോ മുസ്ലിം നിരപരാധികൾ - രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ - ലക്നൗവിൽ ഭീകരവിരുദ്ധ സേനയുടെ ഇരകളാക്കപ്പെട്ടു കഴിയുമ്പോഴും, പറഞ്ഞു ചതഞ്ഞ മുസ്ലിം രക്ഷാ വാക്കുകൾ മുഴക്കിയത് നിന്ദയേ മുസ്ലിം വോട്ടർമാരിൽ ജനിപ്പിച്ചുള്ളൂ.

ഇതിലും ഉപരിയായിരുന്നു 'മുസ്ലിങ്ങൾക്കു വേണ്ടി'യുള്ള മോഡി മോഡൽ പ്രകടനങ്ങൾ. സമാജ് വാദി പാർട്ടിയുടെ സമുന്നത മുസ്ലിം മുഖങ്ങളിലൊന്നായ രാംപുർ എംഎൽഎ അസം ഖാന്റെ വിളയാട്ടങ്ങൾ മാത്രം മതി അവരുടെ 'രാഷ്ട്രീയ നൈപുണ്യം' വ്യക്തമാവാൻ. കാർഗിലിനെ വോട്ടാക്കി മാറ്റി ബി.ജെ.പി.യെങ്കിൽ, കാർഗിൽ ജയിപ്പിച്ചത് മുസ്ലിം സൈനികരാണെന്ന് മുസ്ലിം വികാരമുദ്ദീപിപ്പിക്കലായിരുന്നു അസം ഖാൻ പുറത്തെടുത്ത 'സ്ട്രാറ്റജി'കളിലൊന്ന്. പച്ചയായി വോട്ടു ബാങ്ക് പിടിക്കൽ മാത്രം ലക്ഷ്യമിട്ട അത്തരം 'മോഡി - അമിത് ഷാ' മാതൃകകളെ ഹൃദയശൂന്യം മറു പ്രചാരണത്തിനെടുക്കുകയായിരുന്നു സമാജ് വാദി പാർട്ടി. അഖിലേഷിന്റെ ഭരണം ഒരു പഴയ കേസുകളിലും നീതി നൽകുന്നതായി തോന്നിക്കുക പോലും ചെയ്യാത്തിടത്തായിരുന്നു ഇത്തരം മുസ്ലിം പ്രീണന തന്ത്രങ്ങളെന്നോർക്കണം.

കൃഷിഭൂമികൾ വെട്ടിപ്പിളർന്ന് എക്സ്പ്രസ് ഹൈവേകൾ തുറക്കുകയും, പാക്കിസ്ഥാനുമായുള്ള യുദ്ധ കാലങ്ങളിൽ വിമാനമിറക്കാവുന്നവയെന്ന് അവയെപ്പറ്റി വർണ്ണിക്കുകയും ചെയ്തു അഖിലേഷ് രാജകുമാരൻ. അതേസമയം, അരക്ഷിതത്വങ്ങളിലേക്ക് ആട്ടിയിറക്കപ്പെട്ടു അലിഗഢിലെ പൂട്ടു നിർമ്മാണത്തൊഴിലാളികളും ഫിറോസാബാദിലെ കുപ്പിവളത്തൊഴിലാളികളും കാൺപൂരിലെ തുകൽത്തൊഴിലാളികളും മോഡിയുടെ സ്വന്തം വാരണാസിയിലെ നെയ്ത്തു തൊഴിലാളികളുമെല്ലാം. എല്ലാവരും കാര്യമായും മുസ്ലിങ്ങൾ.

ഇവർക്ക് ആശ്വാസമേകുമെന്ന് കരുതപ്പെട്ട അഖിലേഷ് ഭരണം, ഇവരെല്ല പക്ഷെ നോക്കിയത്. മുസ്ലിം ജനതയിൽ വരേണ്യ പദവിയിലേക്കുയർത്തപ്പെട്ടവർക്ക് സമാജ് വാദി രക്ഷാകർതൃത്വമൊരുക്കി. മദ്രസകൾക്ക് സഹായം പോലുള്ള പദ്ധതികൾ വോട്ടു ബാങ്കുകളെ മാനിപ്പുലേറ്റ് ചെയ്യുകയെന്ന ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് മുസ്ലിം ബുദ്ധിജീവികളിൽ നിന്നു തന്നെ വിമർശനങ്ങളുയർന്നു. മറുവശത്ത്, സെക്കുലറിസ്റ്റുകളുടെ 'മുസ്ലിം പ്രീണന കഥ'കളുടെ പരമ്പരകളിൽപ്പെടുത്തി അടിച്ചിറക്കി ബി.ജെ.പി. ഇത്തരം ചെയ്തികളുടെ ഗുണഫലം ഹിന്ദുമത ഭ്രാന്തരിൽ നിന്ന് കൊയ്തെടുക്കുകയും ചെയ്തു.

Read More >>