ക്രമക്കേട് ആരോപണം; ഉത്തരാഖണ്ഡിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപയോ​ഗിച്ച വോട്ടിങ് യന്ത്രങ്ങൾ കൂടി സീൽ ചെയ്യാൻ ഉത്തരവ്

48 മണിക്കൂറിനുള്ളില്‍ ഇവിഎം സീല്‍ ചെയ്യാനാണ് നിർദേശം. മുസോറി, രാജ്പൂര്‍, റായ്പൂര്‍, റാണിപൂര്‍, ഹരിദ്വാര്‍ റൂറല്‍, പ്രതാപൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപയോഗിച്ച ഇവിഎമ്മുകൾ സീല്‍ ചെയ്യാനാണ് കോടതിയുടെ ഉത്തരവ്.

ക്രമക്കേട് ആരോപണം; ഉത്തരാഖണ്ഡിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപയോ​ഗിച്ച വോട്ടിങ് യന്ത്രങ്ങൾ കൂടി സീൽ ചെയ്യാൻ ഉത്തരവ്

കൃത്രിമം നടന്നെന്ന പരാതിയെ തുടർന്ന്, ബിജെപി അധികാരത്തിലെത്തിയ ഉത്തരാഖണ്ഡിലെ ആറു നിയമസഭാ മണ്ഡലങ്ങളിൽ ഉപയോ​ഗിച്ച വോട്ടിങ് യന്ത്രങ്ങൾക്കൂടി സീൽ ചെയ്യാൻ ഉത്തരവ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

വോട്ടിങ്ങിൽ കൃത്രിമം നടന്നെന്നു കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സാര്‍വേഷ് കുമാര്‍ ഗുപ്തയുടെ ഉത്തരവ്.

48 മണിക്കൂറിനുള്ളില്‍ ഇവിഎം സീല്‍ ചെയ്യാനാണ് നിർദേശം. മുസോറി, രാജ്പൂര്‍, റായ്പൂര്‍, റാണിപൂര്‍, ഹരിദ്വാര്‍ റൂറല്‍, പ്രതാപൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപയോഗിച്ച ഇവിഎമ്മുകൾ സീല്‍ ചെയ്യാനാണ് കോടതിയുടെ ഉത്തരവ്.

വികാസ് ന​ഗർ മണ്ഡലത്തിലെ വോട്ടിങ് മെഷീന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് സെക്രട്ടറിക്കും വികാസ് ന​ഗർ ബിജെപി എംഎൽഎ മുന്ന സിങ് ചൗഹാനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ആറാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനായിരുന്നു നിർദേശം. ഇവിടുത്തെ വോട്ടിങ് മെഷീനുകൾ കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മാത്രമല്ല, പരിശോധനാ ഫലം പുറത്തുവരുന്നതുവരെ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. വികാസ് നഗര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥി നവ് പ്രഭാതിന്റെ പരാതിയിന്മേലായിരുന്നു കോടതിയുടെ ഈ നടപടി. ഫെബ്രുവരി 15നായിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ്.

ഡൽഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി കാണിച്ചതായി ആം ആദ്മി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഇടപെടൽ.