മദ്യനിരോധനവും ഇറച്ചിക്കടപൂട്ടലും; ഉത്തര്‍ പ്രദേശ് നീങ്ങുന്നത് കടുത്ത തൊഴിലില്ലായ്മയിലേയ്ക്ക്

മദ്യനിരോധനം കൊണ്ടുവന്ന തൊഴില്‍നഷ്ടം ഒരുവശത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പിലാക്കിയ അറവുശാലകള്‍ക്ക് താഴിടല്‍ മറുവശത്ത്. ശ്വാസം മുട്ടുകയാണ് ഉത്തര്‍ പ്രദേശിലെ തൊഴില്‍ രംഗം.

മദ്യനിരോധനവും ഇറച്ചിക്കടപൂട്ടലും; ഉത്തര്‍ പ്രദേശ് നീങ്ങുന്നത് കടുത്ത തൊഴിലില്ലായ്മയിലേയ്ക്ക്

കോടതിയും കാവി സര്‍ക്കാരും തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉത്തര്‍ പ്രദേശിനെ കാര്‍ന്നു തിന്നുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മയാണ്. യന്ത്രവല്‍ക്കരണം കാരണം തൊഴിലില്ലായ്മ അനുഭവിക്കുന്ന സാഹചര്യത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ നിയമങ്ങള്‍ വരുമ്പോള്‍ ഉത്തര്‍ പ്രദേശിലെ ഇപ്പോഴത്തെ കാഴ്ച.

നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നതനുസരിച്ച് കുറഞ്ഞത് ഒരു ദശലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുത്താന്‍ പോന്നതാണ് ഹൈവേയോരത്തെ മദ്യവില്‍പന നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹോട്ടല്‍, ടൂറിസം മേഖലകളെയാണ് ഈ ഉത്തരവ് ബാധിക്കുക.

നഗരപരിസരത്തിലൂടെ കടന്നു പോകുന്ന ഹൈവേയോരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ 'ഡ്രൈ' ആകുമ്പോള്‍ ഇതില്‍ എന്ത് യുക്തിയാണുള്ളതെന്ന് ബിജെപി എംപി ആയ കിരണ്‍ ഖേറിനു പോലും ചോദിക്കേണ്ടി വന്നു.

മദ്യനിരോധനം കൊണ്ടുവന്ന തൊഴില്‍നഷ്ടം ഒരുവശത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പിലാക്കിയ അറവുശാലകള്‍ക്ക് താഴിടല്‍ മറുവശത്ത്. ശ്വാസം മുട്ടുകയാണ് ഉത്തര്‍ പ്രദേശിലെ തൊഴില്‍ മേഖല.

അറവുശാലകള്‍ അടച്ചു പൂട്ടുന്നത് പ്രധാനമായും മൂന്ന് തൊഴില്‍ സാഹചര്യങ്ങളെയാണ് ബാധിക്കുക. ഇറച്ചി പായ്ക്കിംഗ്, ഇറച്ചിക്കായി കന്നുകാലി വളര്‍ത്തല്‍, തുകല്‍ എന്നീ മേഖലകള്‍ ഒറ്റയടിയ്ക്കാണ് തകരുന്നത്. ഇന്ത്യയില്‍ തൊഴിലില്ലായ്മയ്ക്ക് രണ്ടാം സ്ഥാനത്തുള്ള യുപിയ്ക്ക് (ആദ്യസ്ഥാനം ജാര്‍ഖണ്ഡ്) ഈ നഷ്ടം ദേശീയശരാശരിയേക്കാള്‍ കൂടുതല്‍ തൊഴിലില്ലായ്മ എന്ന നിലയിലെത്തിച്ചു. മാത്രമല്ല ഇറച്ചി കയറ്റുമതി പ്രധാന വരുമാനം ആയതിനാല്‍ ദേശീയതലത്തിലും ഈ ഇടിവ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അറവുശാലകള്‍ ആധുനികവല്‍കരിച്ച് നല്ല ഇറച്ചി ഉല്‍പാദിപ്പിക്കുന്നതിനു പകരം ലൈസന്‍സ് ഇല്ലാത്ത അറവുശാലകള്‍ അടയ്ക്കും എന്ന നയത്തില്‍ നിന്നും എല്ലാ അറവുശാലകളും അടയ്ക്കുന്ന പ്രക്രിയയിലേയ്ക്ക് യോഗിയും ബിജെപിയും നീങ്ങി.

മദ്യ, ഇറച്ചി വ്യവസായങ്ങളുടെ തകര്‍ച്ച സൂചിപ്പിക്കുന്നത് തീരുമാനം എടുക്കുമ്പോള്‍ അതിന്‌റെ വരും വരായ്കകളെക്കുറിച്ച് നിയമസംവിധാനവും സര്‍ക്കാരുകളും ആലോചിക്കുന്നില്ല എന്നാണ്. ഹൈവേകളെ ഡീനോട്ടിഫൈ ചെയ്യുന്ന തരത്തിലുള്ള പോംവഴികള്‍ ഉപയോഗിച്ച് കോടതി ഉത്തരവിനെ മറികടക്കാന്‍ സര്‍ക്കാരുകള്‍ പദ്ധതിയിടുന്നുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തിനെ നേരിടാന്‍ എത്രത്തോളം ഫലപ്രദമാകും അതെന്ന് കണ്ടറിയണം.

രാജ്യമൊട്ടാകെ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്ന ഒന്നാണ് ഹൈവേകളിലെ മദ്യനിരോധനം. ഉത്തര്‍ പ്രദേശിലെ അറവുശാലകളുടെ കാര്യത്തിലും മൊത്തം അഭ്യന്തര ഉല്‍പാദനം കണക്കാക്കുമ്പോള്‍ ദേശീയ അളവിലായിരിക്കും അത് ബാധിക്കുക.

Read More >>