യുപിയിലെ ഷെൽട്ടർ ഹോമുകളിൽ നിന്ന് കാണാതായത് 26 പെൺകുട്ടികൾ; പിന്നിൽ ബിജെപി നേതാവും

പെൺകുട്ടികൾ വിവിധ ജോലികൾക്കായി പുറത്തുപോയതാണെന്നും വൈകിട്ടോടെ തിരിച്ചെത്തുമെന്നുമാണ് ജില്ലാ ജഡിജിയോട് ഇയാൾ പറഞ്ഞത്.

യുപിയിലെ ഷെൽട്ടർ ഹോമുകളിൽ നിന്ന് കാണാതായത് 26 പെൺകുട്ടികൾ; പിന്നിൽ ബിജെപി നേതാവും

ഉത്തർപ്രദേശിലെ രണ്ട് ഷെൽട്ടർ ഹോമുകളിൽ നിന്നായി 26 പെൺകുട്ടികളെ കാണാതയെന്ന് റിപ്പോർട്ട്. തിരോധാനങ്ങൾക്ക് പിന്നിൽ ബിജെപി യുവജനസംഘടനയുടെ നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഉത്തർപ്രദേശിലെ പ്രതാപ് നഗറിലുള്ള ഷെൽട്ടർ ഹോമുകളുമായി ബന്ധപ്പെട്ടാണ് വാർത്തകൾ വരുന്നത്.

പ്രതാപ്ഗർ ജില്ലാ മജിസ്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് അചാൽപുരിലെയും അഭുജാനഗറിലെയും രണ്ട് ഷെൽട്ടർ ഹോമിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായതായി കണ്ടെത്തിയത്. അഭുജാനഗറിലെ ഷെൽട്ടർ ഹോമിന്റെ നടത്തിപ്പുകാരൻ യുവമോർച്ചയുടെ ജില്ലാ മുൻ പ്രസിഡന്റും വ്യവസായിയുമായ റാം മിശ്രയാണ്. 16 പെൺകുട്ടികളെയാണ് ഇവിടെ നിന്നും കാണാതായത്. പെൺകുട്ടികൾ വിവിധ ജോലികൾക്കായി പുറത്തുപോയതാണെന്നും വൈകിട്ടോടെ തിരിച്ചെത്തുമെന്നുമാണ് ജില്ലാ ജഡിജിയോട് ഇയാൾ പറഞ്ഞത്. സ്ഥാപനത്തിലെ രേഖകൾ പിടിച്ചെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അചാൽപൂർ ഷെൽട്ടർ ഹോമിൽ 15 പെൺകുട്ടികളുണ്ടെന്നാണ് രേഖകളിലുള്ളത്. എന്നാൽ 11 പേർ എവിടെയാണെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തതയില്ല.

സർക്കാർ പണ്ടുകൾ വാങ്ങിയെടുക്കാനായി ഷെൽട്ടർ ഹോമിലെ രേഖകളിൽ കൂടുതൽ പേരുകൾ എഴുതി ചേർക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വൃത്തി ഹീനമായ സാഹചര്യത്തിലാണ് പല അഭയകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ആവശ്യത്തിനുള്ള ഭക്ഷണമോ സ്ഥലസൗകര്യങ്ങളോ ഇല്ലാതെയാണ് ഫണ്ട് തട്ടിയെടുക്കാൻ കുട്ടികളെ കുത്തി നിറയ്ക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് സർക്കാരിന് വ്യക്തമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ക്രമക്കേടുകൾ കണ്ടെത്തിയ അഭയകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ജില്ലാ ജഡ്ജി ശംഭു കുമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഡിയോറിയയിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽ നിന്നും രക്ഷപെട്ട് പുറത്തെത്തിയ 10 വയസുകാരി പെൺകുട്ടിയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്തറിയിച്ചത്. രാത്രിയിൽ കാറിലെത്തി ആളുകൾ പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയും രാവിലെ തിരിച്ചെത്തിക്കുകയും ചെയ്യും. ഷെൽട്ടർ ഹോം കേന്ദ്രീകരിച്ച് വൻ സെക്സ് റാക്കറ്റ് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസില്ലാതെയാണ് ഷെൽട്ടർ ഹോം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തുകയായിരുന്നു. 18 പെൺകുട്ടികൾ ഈ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായിട്ടുണ്ട്.

Read More >>