പീഡനശ്രമം ആരോപിച്ചു യു.പിയില്‍ ആന്റി റോമിയോ സ്ക്വാഡ് രണ്ടു പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു

യു.പി പൊലീസിന്റെ ഈ നടപടിക്കെതിരെ വനിതാസംഘടനകളും പ്രതിപക്ഷ കക്ഷികള്‍ ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തി. 'ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തിയാണ് ആന്റി റോമിയോ സ്ക്വാഡ് നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു.

പീഡനശ്രമം ആരോപിച്ചു യു.പിയില്‍ ആന്റി റോമിയോ സ്ക്വാഡ് രണ്ടു പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു

യുവാക്കളെ പീഡിപ്പിച്ചെന്നാരോപിച്ചു ലക്നൗവിൽ നിന്ന് 250 കിലോമീറ്റർ അകലെ ആഗ്ര ടൗണിൽ ഉത്തർപ്രദേശ് പൊലീസിന്റെ 'ആന്റി റോമിമോ സ്ക്വാഡ്' രണ്ട് 'ജൂലിയറ്റു'കളെ പിടികൂടി. സുഹൃത്തുക്കളായ പുരുഷന്മാരോട് തങ്ങളെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയ യുവതികള്‍ തങ്ങളുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പീഡിപ്പിച്ചതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ജഗദീഷ്പുരയിൽ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റുചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പെൺകുട്ടികളല്ല തങ്ങളാണ് പീഡനത്തിൻറെ ഇരകളെന്നായിരുന്നു യുവാക്കളുടെ മൊഴി.

പെൺകുട്ടികളുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ യുവാക്കള്‍ കുറച്ചു കാലം വാടകയ്ക്ക് താമസിച്ചിരുന്നു എന്നും ഇവരുമായി പെണ്‍കുട്ടികള്‍ പ്രണയത്തിലായിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നു വിവാഹാഭ്യര്‍ത്ഥനയ്ക്കുള്ള സമ്മര്‍ദ്ദം നിരസിക്കപ്പെട്ടതോടെ പെണ്‍കുട്ടികള്‍ പീഡനശ്രമത്തിനു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്നാണ്‌ യു.പി പൊലീസിന്റെ വിചിത്രമായ നടപടിയുണ്ടായത്. യുവാക്കളെ പീഡിപ്പിച്ചെന്നാരോപിച്ചു പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായത്. ഇനിയും മേലാല്‍ യുവാക്കളെ ശല്യം ചെയ്യരുതെന്ന താക്കീത് നല്‍കി പൊലീസ് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

യു.പി പൊലീസിന്റെ ഈ നടപടിക്കെതിരെ വനിതാസംഘടനകളും പ്രതിപക്ഷ കക്ഷികള്‍ ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തി. 'ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തിയാണ് ആന്റി റോമിയോ സ്ക്വാഡ് നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. എന്നാൽ സ്ക്വാഡ് വലിയ വിജയമാണെന്നും ജനങ്ങളുടെ സ്തുതിയും പിന്തുണയും നേടിയെടുക്കുമെന്നും സംസ്ഥാന സർക്കാർ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 3.38 ലക്ഷം റോമിയോമാര്‍ക്ക് ഇവര്‍ നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആയിരത്തോളം പേർക്ക് പൊതുവിടങ്ങളില്‍ അപമര്യാദയായി പ്രവര്‍ത്തിച്ചതിനും , ലൈംഗിക പീഡനത്തിനും ആന്റി റോമിയോ സ്ക്വാഡ് കേസെടുത്തിരുന്നു.