ഉത്തർ പ്രദേശിൽ അറവുശാലകളുടെ താഴിടൽ കാരണം കനത്ത തൊഴിൽ നഷ്ടം; മുസ്ലീം സമുദായത്തിന് ആശങ്ക

ഹിന്ദുക്കൾ താമസിക്കുന്ന ഇടങ്ങളിലെ കടകളും റസ്റ്റോറന്റുകളും പൊലീസ് പരിശോധിക്കുന്നുണ്ടോയെന്ന് അവർ ചോദിക്കുന്നു. മുസ്ലീംങ്ങൾ മാത്രമാണോ നിയമം പാലിക്കേണ്ടത് എന്നും അവർ പ്രതികരിക്കുന്നു.

ഉത്തർ പ്രദേശിൽ അറവുശാലകളുടെ താഴിടൽ കാരണം കനത്ത തൊഴിൽ നഷ്ടം; മുസ്ലീം സമുദായത്തിന് ആശങ്ക

ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രികയിൽ നിയമവിരുദ്ധമായ അറവുശാലകൾ അടച്ച് പൂട്ടുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ അറവുശാലകൾ അടച്ചു പൂട്ടുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഇന്ത്യയിൽ 72 സർക്കാർ അംഗീകൃത അറവുശാലകളാണുള്ളത്. അതിൽ 38 എണ്ണവും ഉത്തർ പ്രദേശിലാണ്. ഉത്തർ പ്രദേശിൽ ലൈസൻസ് ഇല്ലാത്ത അറവുശാലകൾ പെരുകുന്നതിനും കാരണമുണ്ട്. 38 അറവുശാലകളിൽ മിക്കവാറും എല്ലാം തന്നെ ഇറച്ചി കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുമുള്ള പോത്തിറച്ചിയ്ക്ക് വലിയ ആവശ്യമാണുള്ളത്. വില കുറവായതും ഹലാൽ രീതിയിൽ അറക്കുമെന്ന് ഉറപ്പുള്ളതും ആണ് ഇന്ത്യയിൽ നിന്നുള്ള ഇറച്ചിയ്ക്ക് ആവശ്യം ഏറുന്നത്. നിയമവിരുദ്ധമായ അറവുശാലകളുടെ എണ്ണത്തിൽ കൃത്യതയില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ ഇറച്ചിവിപണിയാണ് ഉത്തർ പ്രദേശ്. ലൈസൻസ് ഇല്ലാത്ത 140 അറവുശാലകളും 50000 ഇറച്ചിക്കടകളും ഉണ്ടെന്നാണ് ഏകദേശക്കണക്ക്. രാജ്യത്ത് പ്രതിവർഷം 26685 കോടി രൂപയുടെ ഇറച്ചി കയറ്റുമതി നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഉത്തർ പ്രദേശിന് മാത്രം 11350 കോടി രൂപയുടെ കയറ്റുമതി. അറവുശാലകൾ അടച്ചു പൂട്ടുന്നതോടെ ഇല്ലാതാകുന്നത് ഈ വലിയ വിപണിയാണ്. 25 ലക്ഷത്തോളം ആളുകളുടെ ഉപജീവനമാർഗം ആണ് അറവുശാലകളും ഇറച്ചിക്കടകളും.

പ്രധാനപ്പെട്ട കാര്യം ഇറച്ചിക്കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം മുസ്ലീങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നാണ്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ മുസ്ലീംങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു മുസ്ലീമിന് പോലും സീറ്റ് നൽകാതെയാണ് ബിജെപി യുപി തെരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും ചേർത്ത് വായിക്കേണ്ടതുണ്ട്.

ഹിന്ദുക്കൾ താമസിക്കുന്ന ഇടങ്ങളിലെ കടകളും റസ്റ്റോറന്റുകളും പൊലീസ് പരിശോധിക്കുന്നുണ്ടോയെന്ന് അവർ ചോദിക്കുന്നു. മുസ്ലീംങ്ങൾ മാത്രമാണോ നിയമം പാലിക്കേണ്ടത് എന്നും അവർ പ്രതികരിക്കുന്നു. മുസ്ലീങ്ങൾക്ക് തൊഴിൽ നൽകുന്നു എന്ന കാരണം കൊണ്ടാണ് ഇറച്ചിയ്ക്കെതിരെ സർക്കാർ നടപടിയെടുക്കുന്നതെന്നും അഭിപ്രായമുയരുന്നു.