ഉത്തര്‍പ്രദേശിലെ റോഡുകളില്‍ ജൂണ്‍ 15 മുതല്‍ കുഴികളുണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ്

താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് ദിവസം 20 മണിക്കൂറും ഗ്രാമനിവാസികള്‍ക്ക് 18 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു

ഉത്തര്‍പ്രദേശിലെ റോഡുകളില്‍ ജൂണ്‍ 15 മുതല്‍ കുഴികളുണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ്

ജൂണ്‍ 15 നകം ഉത്തര്‍പ്രദേശിലെ റോഡുകളിലും തെരുവുകളിലും കുഴികളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ''ഉത്തര്‍പ്രദേശിലെ റോഡുകള്‍ കുഴികള്‍ കൊണ്ട്‌കുപ്രസിദ്ധമാണ്. ജൂണ്‍ 15ഓടെ ഇതിനൊരു പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍'' -ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുത്തുന്ന കാര്യവും ആലോചനയിലുള്ളതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് ദിവസം 20 മണിക്കൂറും ഗ്രാമനിവാസികള്‍ക്ക് 18 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്തുമെന്നും ആദിത്യനാഥ് പറഞ്ഞു. തന്റെ മണ്ഡലമായ ഗോരക്പൂരില്‍ ഇന്ന് പശുക്കള്‍ക്ക് തീറ്റ കൊടുത്ത് ദിവസമാരംഭിച്ച ആദിത്യനാഥ് പശുക്കളെ സംരക്ഷിക്കുന്നതിനുള്ള കൂടുതല്‍ ഗോശാലകള്‍ ആരംഭിക്കുമെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മികച്ച വിജയം നേടിത്തന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.