അഭിപ്രായസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി സുപ്രീം കോടതി; എല്ലാ വിമർശനങ്ങളും മതവികാരത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടേണ്ടതല്ല

265 എ വകുപ്പ് പ്രകാരം മതങ്ങളേയോ ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തേയോ അപമാനിക്കുന്ന വിധം ഉള്ള എല്ലാ പ്രവര്‍ത്തികളേയും കുറ്റകൃത്യമായി കണക്കാക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. കരുതിക്കൂട്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാത്രമേ ഈ നിയമത്തിനു കീഴില്‍ വരുന്നുള്ളൂ എന്ന് സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി സുപ്രീം കോടതി; എല്ലാ വിമർശനങ്ങളും മതവികാരത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടേണ്ടതല്ല

മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയുയര്‍ത്തുന്ന എല്ലാ വിമര്‍ശനങ്ങളേയും കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. അഭിപ്രായസ്വാതന്ത്ര്യത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് മതവികാരം വ്രണപ്പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന ഐപിസി സെക്ഷന്‍ 295 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനു വിലങ്ങിടുകയാണ് പരമോന്നതനീതിപീഠം.

വ്യക്തമായ ഉദ്ദേശ്യത്തോടെ മതവികാരം വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ നടത്തുന്നതിനെതിരേയുള്ള നിയമമാണ് 295 എ വകുപ്പ്. എന്നാല്‍ ആലോചനയില്ലാതെ, വെറുതേ പറയുന്ന അഭിപ്രായങ്ങള്‍ പോലും മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് വിചാരണ ചെയ്യുന്ന പ്രവണതയാണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്.

'മതവികാരം വ്രണപ്പെടുത്തണമെന്ന കരുതിക്കൂട്ടിയുള്ള ഉദ്ദേശ്യം ഇല്ലാതെ അറിയാതെയും അലസമായും പറയുന്ന അഭിപ്രായങ്ങള്‍ ഈ നിയമത്തിനു കീഴില്‍ വരുന്നില്ല,' കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, എം എം സന്താനഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ച് ആണ് സുപ്രധാനമായ ഈ തീരുമാനം അറിയിച്ചത്.

ക്രിക്കറ്റ് താരം എം എസ് ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിച്ച സംഭവം മതവികാരം വ്രണപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കുറ്റം ചാര്‍ത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയ്‌ക്കെതിരേ ധോണി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അഭിപ്രായം പറഞ്ഞതിന്‌റെ പേരില്‍ മതവികാരം കൂട്ടിക്കലര്‍ത്തി പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതായിരിക്കും ഈ വിധി. അഭിപ്രായസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്ന 66എ വകുപ്പ് റദ്ദാക്കിയ നടപടിയ്ക്കു ശേഷം സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രധാനപ്പെട്ട ഇടപെടലാണ് 295 എ വകുപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

265 എ വകുപ്പ് പ്രകാരം മതങ്ങളേയോ ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തേയോ അപമാനിക്കുന്ന വിധം ഉള്ള എല്ലാ പ്രവര്‍ത്തികളേയും കുറ്റകൃത്യമായി കണക്കാക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. കരുതിക്കൂട്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാത്രമേ ഈ നിയമത്തിനു കീഴില്‍ വരുന്നുള്ളൂ എന്ന് ബഞ്ച് പറഞ്ഞു.

2012 ല്‍ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പേരില്‍ മുംബൈ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ദേശവ്യാപകമായി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഐറ്റി നിയമം 66എ ഉപയോഗിച്ച് കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി അദ്ധ്യാപകരായ അംബികേഷ് മഹാപരത്ര, സുബ്രത സെന്‍ഗുപ്ത, എയര്‍ ഇന്ത്യ ജീവനക്കാര്‍, ജമ്മു കാശ്മീര്‍ സ്വദേശികളായ കിഷ്ത്വാര്‍ സഹോദരന്മാര്‍, പോണ്ടിച്ചേരിയിലെ രവി ശ്രീനിവാസന്‍, ഉത്തര്‍ പ്രദേശിലെ കന്‍വാല്‍ ഭാരതി തുടങ്ങിയ അറസ്റ്റുകളും അഭിപ്രായസ്വാതന്ത്ര്യം വിലക്കുന്നതിന്‌റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.