ട്രിബ്യൂണല്‍ സംവിധാനത്തെ തകര്‍ത്ത് ധനകാര്യ ബില്‍; ജനാധിപത്യത്തില്‍ ഫാസിസം പിടിമുറുക്കുന്നതായി ആശങ്ക

ട്രിബ്യൂണലുകളുടെ മുകളിലുള്ള നിയന്ത്രണം ഇനി മുതല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടാവും. 2017 ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനോ ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനോ സാധിക്കില്ല.

ട്രിബ്യൂണല്‍ സംവിധാനത്തെ തകര്‍ത്ത് ധനകാര്യ ബില്‍; ജനാധിപത്യത്തില്‍ ഫാസിസം പിടിമുറുക്കുന്നതായി ആശങ്ക

രാജ്യത്തെ ട്രിബ്യൂണല്‍ സംവിധാനത്തെ തകര്‍ത്തും ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിച്ചും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ധനനയം. രാജ്യത്തെ വിവിധ ട്രിബ്യൂണലുകളുടെ സ്വയംഭരണാവകാശം എടുത്തുകളയുന്ന നടപടിയാണ് പുതിയ ധനബില്ലിലൂടെ ഉണ്ടായിരിക്കുന്നത്. ഫെഡറല്‍ ഭരണഘടനയുള്ള രാജ്യത്ത് ജനാധിപത്യ വിരുദ്ധമായി മറ്റ് വകുപ്പുകളില്‍ ഇടപെടുകയും നിലവിലെ സുതാര്യമായ സംവിധാനങ്ങളെ ഇല്ലാതാക്കുന്നതുമാണ് പുതിയ ധനകാര്യ നയമെന്നാണ് പൊതുവില്‍ വിമര്‍ശനം.

കഴിഞ്ഞ ബുധനാഴ്ച ലോക്‌സഭയില്‍ നടന്ന ധനകാര്യ ബില്‍ അവതരണത്തില്‍ ആധാര്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് 2017 ജൂലൈ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനാകില്ലെന്ന തീരുമാനവും ഉണ്ടായിട്ടുണ്ട്. ധനകാര്യ ബില്ലില്‍ 40 ഭേദഗതികള്‍ വരുത്താനും ഈ യോഗത്തില്‍ തീരുമാനമായി. പുതിയ ധനകാര്യ ബില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനും പാന്‍ കാര്‍ഡ് ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പ്രധാനപ്പെട്ട ചില ധനകാര്യ ട്രിബ്യൂണലുകള്‍ പുനഃക്രമീകരിക്കാനും മറ്റ് ചിലത് ലയിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എട്ട് ട്രിബ്യൂണലുകളെ നിലവിലുള്ള മറ്റ് ട്രിബ്യൂണലുകളില്‍ ലയിപ്പിക്കാനാണ് തീരുമാനം.

വിവിധ വകുപ്പുകള്‍ക്കു കീഴിലുള്ള ട്രിബ്യൂണുകളുടെ പ്രവര്‍ത്തനത്തെ അട്ടമിറിക്കുന്ന നയങ്ങളാണ് ധനകാര്യ ബില്ലിലുള്ളത് നിലവില്‍ ട്രിബ്യൂണലിലെ ചെയര്‍പേഴ്‌സന്റേയും അംഗങ്ങളുടേയും നിയമനം നടക്കുന്നത് സ്റ്റിയറിങ്‌ കമ്മിറ്റി മുഖേനയാണ്. അപ്പലേറ്റ് അതോറിറ്റികളും മറ്റ് സമാനമായ അതോറിറ്റികളും പ്രവര്‍ത്തിക്കുന്നത് സ്വയംഭരണാധികാരത്തോടെയാണ്. ധനകാര്യബില്ലിലെ പുതിയ ശുപാര്‍ശകള്‍ പ്രകാരം ഇനിയങ്ങോട്ട് ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും.

ട്രിബ്യൂണലിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും പിരിച്ചുവിടുന്നതും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിനു കീഴിലാകുന്നതോടെ അവയുടെ സ്വയംഭരണാധികാരമാണ് ഇല്ലാതാകുന്നത്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ധനകാര്യ ബില്‍ അവതരിപ്പിക്കുമ്പോഴാണ് ഈ മേഖലയ്ക്കു പുറത്തുപ്രവര്‍ത്തിക്കുന്ന മറ്റ് ട്രിബ്യൂണലുകളിലും നിയന്ത്രണം കൊണ്ടുവന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. സായുധസേന ട്രിബ്യൂണല്‍, ദേശീയ ഹരിത ട്രിബ്യൂണല്‍, ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ എന്നിവയിലും സര്‍ക്കാര്‍ ഇപ്പോള്‍ ഇടപെട്ടിരിക്കുകയാണ്.

ഇത് ജനാധിപത്യ വ്യവസ്ഥയില്‍ പാലിക്കേണ്ട മര്യാദകള്‍ക്കെതിരാണെന്നാണ് പൊതുവായ വിമര്‍ശനം. കോര്‍പറേറ്റുകളുടെ പണം സംഭാവന ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയും പേരോ വിവരങ്ങളോ വെളിപ്പെടുത്താതെ സംഭാവന ചെയ്യാനുള്ള അനുമതിയും നല്‍കുന്നുണ്ട്. 2017 ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡില്ലാതെ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനാകില്ല. ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡില്ല എന്നതിന്റെ പേരില്‍ നികുതിയായി അടച്ച തുക തിരികെ ലഭിക്കാനാകാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അധികാര പരിധി ഉയര്‍ത്തുന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി. ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് ആരുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനും വസ്തുവകകളോ പണമോ പിടികൂടാനുമാകും. എന്നാല്‍ നിരപരാധിയായ ആളുകള്‍ക്ക് പോലും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകാനാകില്ല എന്നതാണ് ഇതിനെ വിമര്‍ശനവിധേയമാക്കുന്നത്. ചുരുക്കത്തില്‍ ഫെഡറല്‍ ഭരണഘടനയുള്ള രാജ്യത്ത് ജനാധിപത്യ വിരുദ്ധമായി മറ്റ് വകുപ്പുകളില്‍ ഇടപെടുകയും നിലവിലെ സുതാര്യമായ സംവിധാനങ്ങളെ ഇല്ലാതാക്കുന്നതുമാണ് പുതിയ ധനകാര്യ നയമെന്ന് പറയാം.