ജിഎം കടുകിലെ അന്തിമ തീരുമാനത്തിനു മുന്നേയെത്തിയ മരണം; അനില്‍ മാധവ് ദവെ ബിജെപിയിലെ പരിസ്ഥിതിവാദി

ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായി നില്‍ക്കുമ്പോഴാണ് കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ വിയോഗം. ബിജെപിയിലെ പരിസ്ഥിതിവാദി എന്ന നിലയില്‍ ശ്രദ്ധേയനായ ദവെ നര്‍മദ നദി പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ജിഎം കടുകിലെ അന്തിമ തീരുമാനത്തിനു മുന്നേയെത്തിയ മരണം; അനില്‍ മാധവ് ദവെ ബിജെപിയിലെ പരിസ്ഥിതിവാദി

കേന്ദ്രപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയുടെ മരണം ജനിതക മാറ്റം വരുത്തിയ കടുകിനു അനുമതി നല്‍കുന്ന കാര്യത്തിലെ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാനിരിക്കുകയായിരുന്നു. ജനിതക മാറ്റം വരുത്തിയ കടുകിനു അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകള്‍ മന്ത്രാലയത്തിനു മുന്നിലേക്ക് ഇന്ന് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ചാല്‍ രാജ്യത്തെ ഭക്ഷ്യയോഗ്യ ജിഎം വിളയാകും കടുക്. ജിഎം കടുകിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സാങ്കേതിക സമിതിയായ ജനിറ്റിക് എഞ്ചിനീയറിങ് അപ്രൈസല്‍ കമ്മിറ്റി പച്ചക്കൊടി കാട്ടിയിരുന്നു. പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.

ഇന്നലെയടക്കം വിവിധ പരിസ്ഥിതി-കര്‍ഷക സംഘടനകള്‍ മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ജനിതക മാറ്റം വരുത്തിയ കടുകിനു അനുമതി നല്‍കരുതെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ജനിതക മാറ്റം വരുത്തിയ വിളകള്‍ക്ക് അനുമതി നല്‍കേണ്ടന്ന നിലപാടാണുള്ളത്. വേണ്ടത്ര ശാസ്ത്രീയ പഠനങ്ങളില്ലാതെ ജിഎം വിളകള്‍ക്ക് അനുമതി നല്‍കില്ലെന്നായിരുന്നു 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രഖ്യാപനം.

അതിനാല്‍ ജനിതകമാറ്റം വരുത്തിയ കടുകിനു അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് പരിസ്ഥിതി മന്ത്രാലയത്തിനു ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ബിജെപിയിലെ പരിസ്ഥിതിവാദിയായി അറിയപ്പെടുന്ന അനില്‍ മാധവ് ദവെ വകുപ്പ് കൈകാര്യം ചെയ്യുന്നതിനാല്‍ തീരുമാനം അനുകൂലമാകില്ലെന്ന പ്രതീക്ഷയായിരുന്നു പരിസ്ഥിതി സംഘടനകള്‍ക്കുണ്ടായിരുന്നത്.

ഡല്‍ഹി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ജനിറ്റിക് മാനിപുലേഷന്‍ ഓഫ് ക്രോപ്‌സ് പ്ലാന്റ്‌സ് ആണ് ജനിതക മാറ്റം വരുത്തിയ കടുക് വികസിപ്പിച്ചത്. മുമ്പ് യുപിഎ സര്‍ക്കാരിന്റെ കാലയളവില്‍ ജിഇഎസി ജിഎം വഴുതനയ്ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കേണ്ടന്ന നിലപാടായിരുന്നു അന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ നിലപാട്.

നര്‍മദ നദി പ്രക്ഷോഭത്തില്‍ പങ്കെടുത്ത അനില്‍ മാധവ് ദവെ നര്‍മദ സമഗ്ര എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ഭാരതപ്പുഴ സന്ദർശിക്കാനെത്തിയ അദ്ദേഹം കിലോമീറ്ററുകളോളം പുഴയിലൂടെ നടന്നിരുന്നു. വന്‍ അണക്കെട്ടുകള്‍ക്കെതിരെയുള്ള നിലപാടാണ് അനില്‍ ദവെ സ്വീകരിച്ചിരുന്നത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനില്‍ ദവെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മലയാളമടക്കമുള്ള ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.