സ്‌കൂളുകളില്‍ ആര്‍എസ്എസ് സമാന യൂണിഫോം; വിവാദത്തിലായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം

ആര്‍എസ്എസ് തങ്ങളുടെ യൂണിഫോം കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചിരുന്നു. ട്രൗസറില്‍ നിന്നും പാന്റ്‌സിലേക്കു മാറുകയും കാക്കി നിറം ബ്രൗണാക്കി മാറ്റികയും ചെയ്തിരുന്നു. അതിനു സമാനമായ യൂണിഫോമാണ് അടുത്ത അധ്യായന വര്‍ഷം മുതല്‍ രാജ്സ്ഥാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ധിരിക്കേണ്ടത്.

സ്‌കൂളുകളില്‍ ആര്‍എസ്എസ് സമാന യൂണിഫോം; വിവാദത്തിലായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ആര്‍എസ്എസ് യൂണിഫോമിന് സമാനമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ യൂണിഫോം നിലവില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവാനി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍കുര്‍ത്തയ്‌ക്കോ, ഷര്‍ട്ടിനോ പകരം ബ്രൗണ്‍ സാല്‍വാറോ സ്‌കര്‍ട്ടോ ആയിരിക്കും. ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടിനൊപ്പം ബ്രൗണ്‍ ട്രൗസര്‍ അല്ലെങ്കില്‍ പാന്റ്‌സ് ആയിരിക്കും പുതിയ യൂണിഫോം.

നിലവില്‍ പെണ്‍കുട്ടികള്‍ക്ക് നീല കുര്‍ത്തയും വെള്ള സാല്‍വാറും, ആണ്‍കുട്ടികള്‍ക്ക് നീല ഷര്‍ട്ടും കാക്കി ട്രൗസറുമായിരുന്നു യൂണിഫോമിന്റെ നിറം. പുതിയ യൂണിഫോമിനായി ടെക്‌സറ്റൈല്‍ പട്ടണമായ ഭില്‍വാരയില്‍ നിന്നാണ് വിദ്യാഭ്യാസ വകുപ്പ് തുണിയുടെ മാതൃക ശേഖരിച്ചത്. ഇവിടെ നിന്നുമാണ് ആര്‍എസ്എസിന്റെ പുതിയ യൂണിഫോമിനായുള്ള തുണിത്തരങ്ങള്‍ വിതരണം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് പരിഷ്‌ക്കരിച്ച യൂണിഫോമിന് സമാനമായ നിറത്തിലുള്ളതാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പുതിയ യൂണിഫോം. കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയിലായിരുന്നു യൂണിഫോം മാറ്റാനുള്ള തീരുമാനമെടുത്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതിനെക്കാള്‍ മികച്ചതാക്കാനാണ് യൂണിഫോം പരിഷ്‌ക്കരിക്കുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. യൂണിഫോം പരിഷ്‌ക്കരണത്തിനായി ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

എന്നാല്‍ ആര്‍എസ്എസ് മാതൃകയിലാണ് യൂണിഫോം പരിഷ്‌ക്കരണമെന്ന ആരോപണം വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചു. ലഭ്യമായ നിരവധി നിരവധി കളറുകളില്‍ നിന്നാണ് പുതിയ യൂണിഫോം തെരഞ്ഞെടുത്തതെന്ന് മന്ത്രി വാസുദേവ് ദേവാനി പറഞ്ഞു.സ്‌കൂള്‍ സിലബസില്‍ ഹിന്ദുത്വ അജണ്ട തിരുകി കയറ്റുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ശ്യമപ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യായ വീര്‍സവര്‍ക്കര്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയും ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ കുറയ്ക്കുകയും ചെയ്തത് വിവാദമായിരുന്നു. 67137സര്‍ക്കാര്‍ വിദ്യലയങ്ങളിലായി 85 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജസ്ഥാനില്‍ ഉള്ളത്.

Read More >>