ജയലളിതയുടെ മരണത്തിന് ശേഷം നടന്ന കോടനാട് കവർച്ചയ്ക്കും കൊലപാതക പരമ്പരയ്ക്കും പിന്നിൽ എടപ്പാടി പളനിസാമിയെന്ന് വെളിപ്പെടുത്തൽ; നാരദാ എക്സ്ക്ലുസീവ്

കേസിലെ മുഖ്യപ്രതിയും പിന്നീട് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതുമായ കനകരാജ് എന്ന ജയലളിതയുടെ മുൻ ഡ്രൈവറിനെ ഉൾപ്പെടുത്തിയാണ് എടപ്പാടി പളനിസ്വാമി ഈ കവർച്ചാശ്രമം ആസൂത്രണം ചെയ്തതെന്ന് ഇവർ വ്യക്തമാക്കുന്നു.

ജയലളിതയുടെ മരണത്തിന് ശേഷം നടന്ന കോടനാട് കവർച്ചയ്ക്കും കൊലപാതക പരമ്പരയ്ക്കും പിന്നിൽ എടപ്പാടി പളനിസാമിയെന്ന് വെളിപ്പെടുത്തൽ; നാരദാ എക്സ്ക്ലുസീവ്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണത്തിനു പിന്നാലെ അവരുടെ ഉടമസ്ഥതയിലുള്ള നീല​ഗിരി കോടനാട് എസ്റ്റേസ്റ്റിലെ കവർച്ചാശ്രമത്തിനും തുടർന്നു നടന്ന കൊലപാതക പരമ്പരയ്ക്കും പിന്നിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെന്ന് വെളിപ്പെടുത്തൽ.

കവർച്ചാ കേസിലെ രണ്ടാം പ്രതി കെ വി സയൻ, മൂന്നാംപ്രതി മനോജ് എന്നിവരാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ അടങ്ങിയ സംഘത്തോടാണ് മലയാളികൾ കൂടിയായ പ്രതികൾ പളനിസാമിയുടെ നിഗൂഢ നീക്കങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

കേസിലെ മുഖ്യപ്രതിയും പിന്നീട് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതുമായ കനകരാജ് എന്ന ജയലളിതയുടെ മുൻ ഡ്രൈവറിനെ ഉൾപ്പെടുത്തിയാണ് എടപ്പാടി പളനിസ്വാമി ഈ കവർച്ചാശ്രമം ആസൂത്രണം ചെയ്തതെന്ന് ഇവർ വ്യക്തമാക്കുന്നു. ഇവരുമായുള്ള അഭിമുഖത്തിന്റെ വീഡിയോ നാരദാ ന്യൂസ് പുറത്തുവിടുന്നു.

ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ തന്നെ ഈ പദ്ധതിയെക്കുറിച്ച് സയനോടു തന്റെ ഉറ്റ സുഹൃത്തായ കനകാരജ് പറയുകയും കോടനാട് എസ്റ്റേറ്റിൽ നിന്നും വിലപ്പെട്ട ചിലത് മോഷ്ടിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ജയലളിതയുടെ മരണത്തിനു ശേഷവും കനകരാജ് ഇതേകാര്യം സയനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അഞ്ചു കോടി രൂപ പ്രതിഫലമായി നൽകാമെന്നും എടപ്പാടി പളനിസ്വാമി ഈ കേസിനു പിന്നിൽ ഉള്ളതു കൊണ്ട് നിയമപരമായ സംരക്ഷണം ലഭിക്കുമെന്നുമുള്ള ഉറപ്പ് കനകരാജ് നൽകുകയും ചെയ്തു.

എസ്റ്റേറ്റിൽ 2000 കോടി രൂപ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് കവർച്ചയ്ക്കായി സയൻ വഴി ക്രിമിനൽ പശ്ചാത്തലമുള്ള മറ്റുള്ളവരെ കൂടി പങ്കെടുക്കുകയായിരുന്നു. ഈ സംഭവങ്ങൾക്കു പിന്നിൽ എല്ലാം എടപ്പാടി പളനിസ്വാമി ആണ് എന്ന് തന്നെ അടുത്ത ബന്ധുവായ മനോജിനോടും അന്ന് സയൻ സൂചിപ്പിച്ചു. ‌കോടനാട് എസ്റ്റേറ്റ് കവർച്ച ചെയ്യുന്നത് എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണ് എന്ന് വ്യക്തമായി അറിയാവുന്ന രണ്ടു പേരായിരുന്നു കനകരാജനും കെ വി സയനും.

എന്നാൽ, മോഷണം നടന്നു രണ്ടു ദിവസങ്ങൾക്കകം അത്യന്തം ദുരൂഹതസാഹചര്യത്തിൽ കനകരാജ് ഒരു അപകടത്തിൽ കൊല്ലപ്പെട്ടു. അതേ സമയം തന്നെ കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്ന രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ദുരൂഹസാഹചര്യത്തിൽ അപകടത്തിൽപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യയും മകളും തത്സമയം കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ കോടനാട് എസ്റ്റേറ്റിലെ സിസിടിവി ഓഫിസർ ദിനേശ് സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. താൻ വധശ്രമത്തിൽ നിന്ന് നേരിയ വ്യത്യാസത്തിൽ രക്ഷപെടുകയായിരുന്നുവെന്ന് സയൻ പറയുന്നു.

ജയലളിത ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്നെയാണ് ഈ കവർച്ച ആസൂത്രണം ചെയ്തതെന്നിരിക്കെ പളനിസാമിയുടെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്നാൽ ജയലളിത മരിച്ച ശേഷം ആ വിവരം പുറത്തുവിടാതെ മൃതദേഹം 75 ദിവസത്തോളം അപ്പോളോ ആശുപത്രിയിൽ തന്നെ വച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതിനു പിന്നിലും പളനിസാമിയാണെന്ന ആരോപണം ഉയർന്നിരുന്നു. ജയലളിത തിരിച്ചുവരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പളനിസാമി കോടനാട് എസ്റ്റേറ്റിൽ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് വിലയിരുത്തൽ. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പ്രതികളെ കൊല്ലാനുള്ള നീക്കം നടത്തിയതെന്നും ആരോപണമുണ്ട്. പളനിസാമിക്കെതിരെ ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായ സ്ഥിതിക്ക് അദ്ദേഹം മറുപടി പറയേണ്ടിവരും.