ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിക്കുന്നു; പുതിയ തൊഴിലവസരങ്ങൾ സൃഷ്ഠിക്കുന്നതിൽ മോദി സർക്കാർ പരാജയം; ഐടി രംഗത്തെ കൂട്ടപ്പിരിച്ചുവിടലുകൾ പ്രതിസന്ധി രൂക്ഷമാക്കും

പുതിയ സംരംഭങ്ങളെയും നിക്ഷേപങ്ങളെയും 'മെയ്ക് ഇൻ ഇന്ത്യ' തലക്കെട്ടിനു കീഴിൽ കൊണ്ടുവന്നു ആഘോഷിക്കാനായിരുന്നു മോഡി സർക്കാരിന്റെ തിടുക്കം. എന്നാൽ ഇവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെ വാഗ്‌ദാനം ചെയ്യപ്പെട്ട തൊഴിലവസരങ്ങളുടെ കാര്യവും പാളി.

ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിക്കുന്നു; പുതിയ തൊഴിലവസരങ്ങൾ സൃഷ്ഠിക്കുന്നതിൽ മോദി സർക്കാർ പരാജയം; ഐടി രംഗത്തെ കൂട്ടപ്പിരിച്ചുവിടലുകൾ പ്രതിസന്ധി രൂക്ഷമാക്കും

കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഇന്ത്യ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കിൽ. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകാതിരുന്നതാണ് പ്രധാനമായും ഈ പ്രതിസന്ധിക്ക് കാരണം. ഐടി മേഖലയിൽ കൂടി കൂട്ടപ്പിരിച്ചുവിടലുകൾ വർധിക്കുന്നതോടെ, നിലവിലെ തൊഴിലവസരങ്ങളിൽ കൂടി വലിയ കുറവുണ്ടാവുകയും തൊഴിലില്ലാത്ത പൗരന്മാരുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്യും.

കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന കണക്കുകളാണ് മോഡി സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷം പിന്നിടുമ്പോൾ പുറത്ത് വരുന്നത്. ലേബർ ബ്യുറോ പുറത്തു വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോഡി സർക്കാർ പരാജയപ്പെടുന്നതായാണ് വ്യക്തമാക്കുന്നത്. 2015ൽ 1.55 ലക്ഷവും 2016ൽ 2.31 ലക്ഷവും തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ മൻമോഹൻ സിംഗിന്റെ കാലത്ത് പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് 2009ൽ മാത്രം സൃഷ്ടിക്കപ്പെട്ടത്.

ഐടി മേഖലയിൽ നിന്നും അശുഭകരമായ വാർത്തകളാണ് വരുന്നത്. ഈ വർഷത്തോടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടുമെന്നുവരെ റിപ്പോർട്ടുകൾ ഉണ്ട്. പ്രമുഖ ഐടി സ്ഥാപനങ്ങൾ പോലും കൂട്ടപ്പിരിച്ചുവിടലുകൾ തുടങ്ങിക്കഴിഞ്ഞു. നിലവിലെ തൊഴിലവസരങ്ങളുടെ എണ്ണം കുത്തനെ കുറക്കുന്ന ഈ സാഹചര്യത്തിനോട് ഇതുവരെയായി കേന്ദ്ര സർക്കാരോ ബന്ധപ്പെട്ട ഏജൻസികളോ പ്രതികരിച്ചിട്ടില്ല.

തൊഴിലവസരങ്ങൾ വന്ന ഈ ഇടിവിനെ പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വ്യവസായ രംഗത്തെ വ്യാപക യന്ത്രവൽക്കരണവും ഡിജിറ്റലൈസേഷനും ആണെന്നാണ്. കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണങ്ങളുടെ വർദ്ധനവ് ഉണ്ടായതോടെ തൊഴിൽ വേതനം നൽകുന്നതിലും കുറഞ്ഞ ചെലവേ ഉണ്ടാകുന്നുള്ളൂ എന്നത് വ്യവസായ സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ പ്രേരിപ്പിക്കുകയാണ്.

പ്രതിവർഷം രണ്ടു കോടി തൊഴിൽ അവസരം സൃഷ്‌ടിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന മോഡി സർക്കാരിന് ഇപ്പോൾ പുറത്തുവരുന്ന കണക്കുകളും വർധിച്ചു വരുന്ന തൊഴിലില്ലായ്മക്കാരുടെ എണ്ണവും ഏറെ തലവേദന സൃഷ്ടിക്കും. 2020 ആകുമ്പോഴേക്കും ശരാശരി 29 വയസ്സുള്ള യുവാക്കൾക്കെല്ലാം തൊഴിൽ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും ജലരേഖയാവും.

ആഗോള തലത്തിലെ പ്രശ്നങ്ങൾക്കൊപ്പം ദേശീയ തലത്തിലെ പ്രതിസന്ധികളും കോർപറേറ്റ് മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ കാരണമാവുകയാണെന്നു സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ മുൻ ചെയർമാൻ പ്രണാബ് സെൻ പറയുന്നു. നോട്ടു നിരോധനത്തെത്തുടർന്ന് ജിഡിപിയിൽ ഉൾപ്പെടാത്ത അനൗപചാരിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. അനൗപചാരിക മേഖലയിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലാത്തതിനാൽ തന്നെ അവ ഇപ്പോഴത്തെ ഈ കണക്കുകൾക്ക് പുറമെയായിരിക്കുമെന്നും പ്രണാബ് സെൻ കൂട്ടിച്ചേർക്കുന്നു.

2015-16 വർഷത്തെ സാമ്പത്തിക സർവേയിലെ വിവരങ്ങൾ പ്രണാബ് സെന്നിന്റെ അഭിപ്രായത്തെ ശരിവെക്കുന്നു. വെറും 35 ശതമാനം, അതായത് 3.7 മില്യൺ തൊഴിലവസരങ്ങൾ മാത്രമാണ് 1989 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ഔപചാരിക മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്. മൊത്തം 10.5 മില്യൺ തൊഴിലവസരങ്ങളുടെ ബാക്കിയുള്ള ഭാഗം മുഴുവൻ അനൗപചാരിക മേഖലയിലായിരുന്നു.

പുതിയ സംരംഭങ്ങളെയും നിക്ഷേപങ്ങളെയും 'മെയ്ക് ഇൻ ഇന്ത്യ' തലക്കെട്ടിനു കീഴിൽ കൊണ്ടുവന്നു ആഘോഷിക്കാനായിരുന്നു മോഡി സർക്കാരിന്റെ തിടുക്കം. എന്നാൽ ഇവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെ വാഗ്‌ദാനം ചെയ്യപ്പെട്ട തൊഴിലവസരങ്ങളുടെ കാര്യവും പാളി.

മുന്നോട്ടു പോകുംതോറും തൊഴിലില്ലായ്മാ നിരക്ക് വർധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ സാമ്ബത്തികകാര്യ ഉപദേശക സമിതിയിലെ മുൻ അംഗം ഗോവിന്ദ റാവു അഭിപ്രായപ്പെടുന്നത്. ഐടി മേഖലയിൽ വലിയതോതിലുള്ള പിരിച്ചു വിടലുകൾ ആരംഭിച്ചുകഴിഞ്ഞു. തൊഴിലാളികളുടെ വൈദഗ്ധ്യം ഉയർത്തുന്നതിലോ കുറഞ്ഞ ചൈനീസ് വേതനത്തോട് കിടപിടിക്കുന്നതിലോ നമുക്കിതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല - റാവു വ്യക്തമാക്കുന്നു.

ഇന്ത്യൻ ഐടി മേഖല അതിന്റെ ചരിത്രത്തിലെ ഉയർന്ന കൂട്ടപ്പിരിച്ചുവിടലുകളിലൂടെയാണ് കടന്നുപോകുന്നത്. ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ് മുതലായ ഏഴു ഭീമന്മാർ 56,000 എഞ്ചിനീയർമാരെ ഈ വർഷം പിരിച്ചു വിടാനൊരുങ്ങുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതനമാർഗങ്ങൾ ഐടി വ്യവസായത്തിൽ പരീക്ഷിക്കപ്പെടുന്നതോടെ തൊഴിലവസരങ്ങൾ വീണ്ടും കുത്തനെ കുറയുകയും നിരവധിപ്പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്യും. യുഎസിൽ ട്രംപ് ഭരണകൂടം വിസാ നിയന്ത്രണം ഏർപ്പെടുത്തിയതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

ആഗോള മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസേ ആൻഡ് കമ്പനിയുടെ ഒരു പഠനറിപ്പോർട്ട് പ്രകാരം നിലവിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ജീവനക്കാരിൽ പകുതിപ്പേരും മൂന്നോ നാലോ വർഷത്തിനുള്ളിൽ "അനാവശ്യം' ആയി മാറുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതുപ്രകാരം ആറു ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും.

ഐടി രംഗത്ത് മാത്രല്ല, ടെലികോം, ഫിനാൻസ് തുടങ്ങിയ വൈറ്റ് കോളർ ജോലികളിൽ ഏർപ്പെടുന്നവരെല്ലാം ജോലി പോകൽ ഭീഷണി നേരിടുകയാണെന്നാണ് മനുഷ്യവിഭവശേഷി ഗവേഷണ രംഗത്തെ വിദഗ്ദ്ധനായ അമജീത് ബാനർജി അഭിപ്രായപ്പെടുത്തു. ഈ രംഗത്തെ സാങ്കേതിക വളർച്ചയുൾപ്പെടെയുള്ള കാരണങ്ങളാൽ പത്ത് ലക്ഷത്തോളം തൊഴിലുകൾ ഈ മേഖലകളിൽ മൂന്നോ നാലോ വർഷത്തിനുള്ളിൽ ഉണ്ടാവുമെന്നാണ് അമജീത് വിശദീകരിക്കുന്നത്.

സാധന - സേവന മേഖലയുടെ ആഗോള കച്ചവടത്തിൽ വന്ന ഇടിവും തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2013 -14 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും 31440 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 2015 - 16 സാമ്പത്തിക വർഷമായപ്പോഴേക്കും 19660 കോടി ഡോളറിന്റെ വരുമാനം മാത്രമാണ് ഉണ്ടായിരിക്കുന്നത്. മുപ്പത്തിയേഴ് ശതമാനത്തിന്റെ കനത്ത ഇടിവാണ് ഇത്.

സർക്കാർ ലക്ഷ്യമിട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുപോലും പാടുപെടുകയാണ്. ഇത് ഇന്ത്യയിലെ മാത്രം പ്രത്യേകമായ പ്രശ്നമല്ല. ഇത് ഒരു ആഗോള പ്രശ്നമാണ്. പല രാജ്യങ്ങളും പ്രത്യേക സാമ്പത്തിക സംരക്ഷണ നയങ്ങൾ തന്നെ നടപ്പിലാക്കുകയാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ എൻ ആർ ഭാനുമൂർത്തി പറയുന്നു.

സ്റ്റീൽ മിനിസ്റ്ററി ഉദ്യോഗസ്ഥർ പറയുന്നത് ഓരോ പത്തുലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കുമ്പോഴും മുപ്പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ കഴിയേണ്ടതാണ്, എന്നാൽ അതും താളം തെറ്റിയിരിക്കുകയാണ്. സ്റ്റീൽ ഉൽപ്പാദകർ പ്രതിവർഷം 3500 മുതൽ 4000 വരെയുള്ള ആളുകൾക്ക് തൊഴിൽ നൽകുന്നതാണ്. എന്നാൽ സാങ്കേതിക വിദ്യയുടെ ഉപയോഗം ആയിരക്കണക്കിനാളുകളുടെ ജോലി തെറുപ്പിച്ചിരിക്കുകയാണ്. ജാർഖണ്ഡിലെയും ഛത്തീസ്‌ഗഡിലെയും ഈ മേഖലയിൽനിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് മറ്റു തൊഴിലുകളിൽ പരിശീലനം നൽകുന്നതും അസാധ്യമാണ്.

തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് ഇത്തരത്തിൽ തുടരുന്നത് ഭീദിതമാണ്. ഒരു വികസ്വര സാമ്പത്തിക വ്യവസ്ഥയിൽ തൊഴിൽ വളർച്ച കുറയുന്നത് നാശത്തിനു വഴിവെക്കും. ഉയർന്ന പ്രതീക്ഷകളോടെ വളർന്നുവരുന്ന ഇന്ത്യൻ യുവത്വം തൊഴിലില്ലായ്മ മൂലം അക്രമത്തിലേക്കും കലാപത്തിലേക്കും നീങ്ങാനിടയുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന സാമൂഹികവും രാഷ്ട്രീയവുമായ കലാപങ്ങളും അക്രമങ്ങളും ഇതിന്റെ സൂചനയാണ്. ജെല്ലിക്കെട്ട് സമരം പോലെയുള്ള പ്രക്ഷോഭങ്ങളും അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ കാരണവും മറിച്ചല്ല - ജാമിയ മിലിയ ഇസ്‌ലാമിയയിലെ സോഷ്യോളജി വിഭാഗം തലവൻ നേശത്ത് ക്വയ്‌സർ പറയുന്നു.

ഏറ്റവും പുതിയ ലേബർ ബ്യുറോ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എട്ടു വിഭാഗങ്ങളിലായി 2016 ഡിസംബർ വരെ കുറഞ്ഞ തൊഴിലവരങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നാണ്. നിർമാണമേഖല, ഹോട്ടൽ - റെസ്റ്റോറന്റ് മേഖലകളിൽ തൊഴിലവസരങ്ങൾ കുറയുകയാണ്.

കെട്ടിടനിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നാൽ എല്ലാം വായ്പകളിലാണ് നടക്കുന്നത്. പുതുതായി മൂലധനം ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ പണം ചാക്രികമായി നീങ്ങുകയും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുക എന്നതിൽ നിന്ന് പിൻവാങ്ങുകയും ചെയ്യും - സെൻ പറയുന്നു

ലേബർ ബ്യുറോയുടെ കണക്കുകൾ പ്രകാരം 2016 ഒക്ടോബർ - ഡിസംബർ കാലഘട്ടം തൊഴിലവസരങ്ങൾ ഉണ്ടാവുന്നതിന്റെ സുവര്ണകാലഘട്ടമായിരുന്നു. 1.22 ലക്ഷം പുതിയ തൊഴിലുകളാണ് ഈ സമയത്ത് ഉണ്ടായത്. ഈ കണക്കുകളിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. നോട്ടു നിരോധനം ഒരിക്കലും ഒരു പ്രതിവിധിയായിരുന്നില്ല - റാവു പറയുന്നു.