കസേര മോഷ്ടിച്ചെന്നാരോപിച്ച് ബീഹാറിൽ രണ്ടു യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു

ഗ്രാമത്തിലെ പൗരപ്രമുഖനായ മഹങ്കു ബിന്ദും സംഘവുമാണ് ഇരുവരേയും മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചത്. മൂന്നു മണിക്കൂറാണ് ഇരുവരും ഇത്തരത്തിൽ തലകീഴായി കിടന്നത്. ഒടുവിൽ കസേരകളുടെ വിലയായി 3000 രൂപ നിർധനരായ ഇരുവരുടേയും വീട്ടുകാരിൽ നിന്നും പിടിച്ചുവാങ്ങിയിട്ടാണ് മഹങ്കു ബിന്ദ് ഇവരുടെ കെട്ടഴിച്ചുവിട്ടത്.

കസേര മോഷ്ടിച്ചെന്നാരോപിച്ച് ബീഹാറിൽ രണ്ടു യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു

ബീഹാറിൽ കല്ല്യാണ വീട്ടിൽ നിന്നും കസേര മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. ബീഹാറിലെ കൈമൂർ ജില്ലയിലെ സൊൻബരാസ ​ഗ്രാമത്തിലാണു സംഭവം. രാജ്കുമാർ ബിന്ദ്, ബിർബൽ ബിന്ദ് എന്നീ യുവാക്കളെയാണ് ഒരു സംഘം ​ഗ്രാമപ്രമുഖർ പരസ്യമായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചത്.

ഗ്രാമത്തിലെ പൗരപ്രമുഖനായ മഹങ്കു ബിന്ദ് എന്നയാളുടെ മകളുടെ കല്ല്യാണം കഴിഞ്ഞയാഴ്ച നടന്നിരുന്നു. ഇതിലേക്കുള്ള സാധനസാമ​ഗ്രികൾ ടൗണിലെ ഒരു കടയിൽ നിന്നും ഇയാൾ വാടകയ്ക്ക് എടുക്കുകയായിരുന്നു. ചടങ്ങുകൾക്കു ശേഷം ഇവ തിരിച്ചുകൊടുക്കാൻ പോവുമ്പോഴാണ് കസേരകളിൽ അഞ്ചെണ്ണം കുറവ് കണ്ടത്.

ഇത് രാജ്കുമാർ ബിന്ദും ബിർബൽ ബിന്ദും എടുത്തതാണെന്ന് ആരോപിച്ച് മഹങ്കു ബിന്ദ് ഇരുവരേയും വീട്ടിലേക്കു വിളിച്ചുവരുത്തുകയും മറ്റു ചിലരേയും കൂട്ടി മുറ്റത്തെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മൂന്നു മണിക്കൂറാണ് ഇരുവരും ഇത്തരത്തിൽ തലകീഴായി കിടന്നത്. ഒടുവിൽ കസേരകളുടെ വിലയായി 3000 രൂപ നിർധനരായ ഇരുവരുടേയും വീട്ടുകാരിൽ നിന്നും പിടിച്ചുവാങ്ങിയിട്ടാണ് മഹങ്കു ബിന്ദ് ഇവരുടെ കെട്ടഴിച്ചുവിട്ടത്.

സംഭവം വിവാദമായതോടെ പൊലീസിൽ പരാതി നൽകുന്നതിൽ നിന്നും രാജ്കുമാറിനെയും ബിർബലിനെയും ചിലർ തടഞ്ഞു. ഇതറിഞ്ഞെത്തിയ പൊലീസിന്റെ സംരക്ഷണയിലാണ് ഇരുവരും കുറ്റക്കാർക്കെതിരെ പരാതി സമർപ്പിച്ചത്. മഹങ്കു ബിന്ദ് ഉൾപ്പെടെയുള്ള നാലുപേർക്കെതിരെയാണ് പരാതി. ഇവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായും മഹങ്കു ബിന്ദ് ഉൾപ്പെടെ മൂന്നുപേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.