വനിതാ മന്ത്രിയുടെ അരക്കെട്ടിൽ കൈവെച്ചു; ബിജെപി മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു സംഭവം.

വനിതാ മന്ത്രിയുടെ അരക്കെട്ടിൽ കൈവെച്ചു; ബിജെപി മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ത്രിപുരമന്ത്രി വനിതാമന്ത്രിയുടെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച ബിജെപി മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലിക്കിടെയായിരുന്നു സംഭവം. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി സന്താന ചാക്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് നിൽക്കുന്ന ത്രിപുര കായിക മന്ത്രി മനോജ് കാന്തി ദേബിൻ്റെ നടപടിക്കെതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്. സംഭവത്തിൻ്റെ വീഡിയോ പുറത്തായിരുന്നു.

വനിതാമന്ത്രിയോട് അപമര്യാദയായി പെരുമാറിയ ഭക്ഷ്യ മന്ത്രി മനോജ് കാന്തി ദേബിനെ പുറത്താക്കണമെന്ന് പ്രതിപക്ഷമായ ഇടതുമുന്നണി ആവശ്യപ്പെട്ടു. കൺവീനർ ബിജന്‍ ധര്‍ ആണ് മനോജ് കാന്തി ദേബിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടത്. മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ബിജെപി ആരോപണം നിഷേധിച്ചു. മന്ത്രി പ്രതികരിക്കാന്‍ കൂട്ടാക്കിയതുമില്ല. വനിതാമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രസ്താവന ഉണ്ടാവുകയോ പരാതി ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും എന്തിനാണ് ഇടതുമുന്നണി ഇത്തരം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതെന്നുമായിരുന്നു ബിജെപി വക്താവ് നബേന്ദ്രു ഭട്ടാചാരി ചോദിച്ചത്.