മുത്തലാഖ് ഏറ്റവും മോശമായ വിവാഹനമോചന രീതിയെന്ന് സുപ്രീംകോടതി; ദൈവത്തിന്റെ കണ്ണിലെ പാപമെങ്ങനെ നിയമവിധേയമാകും ?

പാപം ഒരിക്കലും മൗലികാവകാശമല്ലെന്നു വിലയിരുത്തിയ കോടതി, അനിഷ്ടമായി കാണുന്ന പ്രവൃത്തിക്ക് എങ്ങനെ നിയമസാധുത നൽകുമെന്നും ചോദിച്ചു. മതാചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന പവിത്രമായ ഉടമ്പടിയാണ് വിവാഹം. അതിനു രണ്ടു പേരുടെയും സമ്മതം വേണം. വിവാഹ ബന്ധം വേർപ്പെടുത്താനും അതു വേണ്ടേയെന്ന് കോടതി ചോദിച്ചു. മുത്തലാഖ് ഉഭയസമ്മത പ്രകാരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുത്തലാഖ് ഏറ്റവും മോശമായ വിവാഹനമോചന രീതിയെന്ന് സുപ്രീംകോടതി; ദൈവത്തിന്റെ കണ്ണിലെ പാപമെങ്ങനെ നിയമവിധേയമാകും ?

മുത്തലാഖ് ഏറ്റവും മോശമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീംകോടതി. മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പരി​ഗണിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ ഹരജി പരി​ഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ദൈവത്തിന്റെ കണ്ണിൽ മുത്തലാഖ് പാപമാണെങ്കിൽ അതെങ്ങനെ നിയമവിധേയമാകുമെന്നു സുപ്രീംകോടതി ചോദിച്ചു. പാപം ചെയ്യാൻ ഒരു മതവും അനുമതി നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

മുത്തലാഖ് ദൈവത്തിന്റെ കണ്ണിൽ പാപമാണെന്ന് അമിക്കസ് ക്യൂറി സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ മറുപടി. ഹരജികൾ പരി​ഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനു മുമ്പാകെയാണ് അമിക്കസ് ക്യൂറി അഭിപ്രായം രേഖപ്പെടുത്തിയത്.

മുത്തലാഖ് എതിർക്കേണ്ട വിഷയമാണെങ്കിലും വ്യക്തിനിയമപ്രകാരം അത് നിലനിൽക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. തുടർന്ന്, ഇന്ത്യയ്ക്കു പുറത്ത് എവിടെയെങ്കിലും മുത്തലാഖ് നടപ്പാക്കപ്പെടുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. ലോകത്ത് മറ്റൊരിടത്തും മുത്തലാഖിനു നിയമ സാധുതയില്ലെന്നായിരുന്നു സൽമാൻ ഖുർഷിദിന്റെ മറുപടി.

പാപം ഒരിക്കലും മൗലികാവകാശമല്ലെന്നു വിലയിരുത്തിയ കോടതി, അനിഷ്ടമായി കാണുന്ന പ്രവൃത്തിക്ക് എങ്ങനെ നിയമസാധുത നൽകുമെന്നും ചോദിച്ചു. മതാചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന പവിത്രമായ ഉടമ്പടിയാണ് വിവാഹം. അതിനു രണ്ടു പേരുടെയും സമ്മതം വേണം. വിവാഹ ബന്ധം വേർപ്പെടുത്താനും അതു വേണ്ടേയെന്ന് കോടതി ചോദിച്ചു. മുത്തലാഖ് ഉഭയസമ്മത പ്രകാരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, അഡ്വ. രാംജഠ് മലാനിയാണ് കേസിലെ കക്ഷികൾക്കായി ഹാജരായത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. മുത്തലാഖിനുള്ള അവകാശം ഭർത്താവിനു മാത്രമാണെന്നും ഇത് ഭരണഘടനയുടെ 14ാം ആർട്ടിക്കിളായ തുല്യതയ്ക്കുള്ള അവകാശത്തിനെതിരാണെന്നും രാം ജഠ്മലാനി കോടതിയെ ബോധിപ്പിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു യു വളിത്, രോഹിങ്ടണ്‍ നരിമാൻ, അബ്ദുൽ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാര്‍.