പട്ടിണി: പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 200 രൂപയ്ക്ക് വിറ്റു

ദേവർമയുടെ കുടുംബത്തിന് എപിഎല്‍ റേഷന്‍ കാര്‍ഡാണ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് റേഷന്‍ ആനുകൂല്യവും കിട്ടുന്നില്ല. കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ പലതവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ദേവർമ ആരോപിക്കുന്നു.

പട്ടിണി: പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 200 രൂപയ്ക്ക് വിറ്റു

ത്രിപുരയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ കൊടുംപട്ടിണിയെ തുടര്‍ന്ന് 18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ 200 രൂപയ്ക്ക് വിറ്റു. സംഭവം വിവാദമായിരിക്കുകയാണ്. പടിഞ്ഞാറന്‍ മഹാരാമിപൂരിലെ ഗോത്രവിഭാഗക്കാര്‍ അധിവസിക്കുന്ന ശരത്ചന്ദ്ര വില്ലേജിലാണ് സംഭവം. സംഭവം അറിഞ്ഞ കോവൈ ജില്ലാ അധികാരികള്‍ വില്ലേജിലേക്ക് പ്രത്യേക സംഘത്തെ അയച്ചു. പെൺകുഞ്ഞിനെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന അധികാരികൾ കുടുംബത്തിന് ആവശ്യമായ ഭക്ഷണവും വസ്ത്രവും നല്‍കി.

ഗോത്ര വിഭാഗക്കാരനായ ദേവർമ എന്ന യുവാവാണ് മകളെ വിറ്റത്. കൊടും പട്ടിണിയെ തുടര്‍ന്നാണ് കുഞ്ഞിനെ വിറ്റതെന്ന് ഇയാൾ ജില്ലാ അധികൃതരോട് പറഞ്ഞു. സ്വന്തമായി വീടില്ലാത്ത താനും കുടുംബവും ജീവിക്കുന്നത് മുളംതണ്ട് വിറ്റാണെന്ന് യുവാവ് പറയുന്നു. മിക്കപ്പോഴും വരുമാനമില്ലാതെ പട്ടിണിയിലാണ്. അതേസമയം എപിഎല്‍ റേഷന്‍ കാര്‍ഡാണ് ഈ കുടുംബത്തിന് സർക്കാർ അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് റേഷന്‍ ആനുകൂല്യവും കിട്ടുന്നില്ല. റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ പലതവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ദേവര്‍മ ആരോപിക്കുന്നു.

അർഹരായിരുന്നിട്ടും കുടുംബത്തിന്റെ പേര് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആറു പേരടങ്ങുന്ന തന്റെ കുടുംബത്തിന് യാതൊരു ആനുകൂല്യവും ഇല്ലെന്നും കക്കൂസ് പോലുമില്ലെന്നും ദേവർമ പറയുന്നു. ഗോത്ര വിഭാഗത്തിന്റെ വികസനത്തിനായി നിരവധി ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും യഥാവിധി ഇവരില്‍ എത്തുന്നില്ലെന്നാണ് ആരോപണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും വിശകലനം ചെയ്തതിന് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. എസ് മഹാതമെ പറഞ്ഞു. ത്രിപുരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ ശിശു വില്പനയാണിത്.

Read More >>