ബംഗളൂരുവിൽ മഞ്ഞുമഴ; പെയ്യുന്നത് വിഷം നിറഞ്ഞ മാലിന്യപ്പത

തടാകത്തിലെ ഉയർന്ന അളവിലുള്ള അമോണിയയുടേയും ഫോസ്ഫേറ്റിന്റേയും സാന്നിധ്യം ആണ് പതയുടെ രൂപത്തിൽ ഉയർന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മാലിന്യം അടിയുന്നത് വർത്തൂർ തടാകത്തിലാണ്.

ബംഗളൂരുവിൽ മഞ്ഞുമഴ; പെയ്യുന്നത് വിഷം നിറഞ്ഞ മാലിന്യപ്പത

ഈ കനത്ത ഉഷ്ണകാലത്ത് മഞ്ഞ് പെയ്യുന്നത് കാണുന്നത് തന്നെ കുളിർമ പകരുന്നതായിരിക്കും. ബംഗളൂരു നഗരത്തിലെ യാത്രക്കാർക്ക് അങ്ങിനെ ഒരു അനുഭവമുണ്ടായിൽ പക്ഷേ, അവർ അതിൽ നിന്നും രക്ഷപ്പെടാനാണ് നോക്കിയത്. കാരണം, അത് ശരിക്കുള്ള മഞ്ഞുവീഴ്ച അല്ലായിരുന്നു.

നഗരത്തിലെ ഏറ്റവും മലിനമായ വാർത്തൂർ തടാകത്തിലെ മാലിന്യം പതയായി പറന്നിറങ്ങിയതായിരുന്നു ആ മഞ്ഞുവീഴ്ച. വിഷമയമായ വെള്ളപ്പതയിൽ നിന്നും രക്ഷപ്പെടാൻ ഇരുചക്രവാഹനക്കാർ വേഗം കൂട്ടി. കാറിൽ പോകുന്നവർ കണ്ണാടികൾ ഉയർത്തി.

ബംഗളൂരു നഗരത്തിലെ മാലിന്യം അടിഞ്ഞ് മലീമസമായ വാർത്തൂർ തടാകം സമീപകാലത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിഷമയമായ മാലിന്യം പതയായി ഉയർന്ന് നിരത്തിലേയ്ക്ക് കയറിയത് ചർച്ചയായിരുന്നു. ഒരുകാലത്ത് മുപ്പതോളം മത്സ്യയിനങ്ങൾ ഉണ്ടായിരുന്ന വർത്തൂർ തടാകത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് രണ്ട് ഇനങ്ങൾ മാത്രമാണ്.

തടാകത്തിലെ ഉയർന്ന അളവിലുള്ള അമോണിയയുടേയും ഫോസ്ഫേറ്റിന്റേയും സാന്നിധ്യം ആണ് പതയുടെ രൂപത്തിൽ ഉയർന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മാലിന്യം അടിയുന്നത് വർത്തൂർ തടാകത്തിലാണ്. തടാകത്തിനരിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ചൊറിച്ചിലും ത്വക്ക് രോഗങ്ങളും ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും തടാകം പരിശോധിച്ച് പരിഹാരം കാണുമെന്ന് അറിയിക്കുന്നു.