മദര്‍ തെരേസയെ ഗൂഢാലോചനക്കാരിയും ഷാരൂഖിനെ തീവ്രവാദിയുമാക്കി നിയുക്ത യുപി മുഖ്യന്‍; ആദിത്യനാഥിന്റെ അഞ്ച് വിവാദ പ്രസ്താവനകള്‍

ഈ സമുദായം 35 ശതമാനമുള്ള പ്രദേശങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ സ്ഥിരമായി നടക്കുന്നു. ഈ പ്രദേശങ്ങളില്‍ മുസ്ലീമല്ലാത്തവര്‍ക്ക് താമസിക്കാന്‍ പോലുമാകില്ല-യോഗി പറയുന്നു

മദര്‍ തെരേസയെ ഗൂഢാലോചനക്കാരിയും ഷാരൂഖിനെ തീവ്രവാദിയുമാക്കി നിയുക്ത യുപി മുഖ്യന്‍; ആദിത്യനാഥിന്റെ അഞ്ച് വിവാദ പ്രസ്താവനകള്‍

നിയുക്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാക്കാലത്തും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ്. വര്‍ഗീയമായ പ്രസ്താവനകള്‍ പലതവണ നടത്തി പുലിവാല്‍ പിടിച്ച ആദിത്യനാഥിന്റെ പ്രധാനപ്പെട്ട അഞ്ച് വിവാദ പ്രസ്താവനകള്‍

1) ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യയിലെ വര്‍ധന കാരണം കഴിഞ്ഞ രണ്ടര വര്‍ഷമായി 450 കലാപങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. എന്തുകൊണ്ടാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ ലഹളകള്‍ നടക്കാത്തത്? അവിടെ ഒരു പ്രത്യേക സമുദായം 10-20 ശതമാനം മാത്രമുള്ളതുകൊണ്ടാണ്. ഈ സമുദായം 35 ശതമാനമുള്ള പ്രദേശങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ സ്ഥിരമായി നടക്കുന്നു. ഈ പ്രദേശങ്ങളില്‍ മുസ്ലീമല്ലാത്തവര്‍ക്ക് താമസിക്കാന്‍ പോലുമാകില്ല.

2) യോഗി എന്നാല്‍ വര്‍ത്തമാന കാലത്തെക്കുറിച്ച് പറയുന്നയാളല്ല, മറിച്ച് ഭൂതകാലത്തെക്കുറിച്ച് പറയുന്നയാളാണ്. സംസ്ഥാനത്തെ ഹിന്ദുക്കളുടെ പലായനം വലിയൊരു പ്രശ്‌നമാണ്. പശ്ചിമ ഉത്തര്‍പ്രദേശിനെ മറ്റൊരു കശ്മീരാക്കാന്‍ ബി ജെ പി അനുവദിക്കില്ല.

3) ഇന്ത്യയെ ക്രിസ്ത്യന്‍ രാഷ്ട്രമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്ന മദര്‍ തെരേസ. സേവനത്തിന്റെ പേര് പറഞ്ഞ് നിരവധി ഹിന്ദുക്കളെയാണ് ഇവര്‍ മതം മാറ്റിയത്.

4) യോഗ ആരംഭിച്ച സ്വാമി ശങ്കറാണ് ഏറ്റവും വലിയ യോഗി. യോഗയേയും ശങ്കറിനേയും അംഗീകരിക്കാത്തവര്‍ ഹിന്ദുമതം വിട്ടുപോകണം5) ജനങ്ങള്‍ ഷാരൂഖ് ഖാന്റെ സിനിമകള്‍ ബഹിഷ്‌കരിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരു സാധാരണ മുസ്ലീമായി തെരുവിലൂടെ നടക്കേണ്ടി വന്നേനെ. ഷാരുഖ് ഖാനെപ്പോലുള്ളവര്‍ തീവ്രവാദികളുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഷാരൂഖ് ഖാന്റെയും ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദിന്റേയും ഭാഷ തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.