പിതാവിന്റെ പാതയില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം: ഗൗരി ലങ്കേഷ്; തെരുവില്‍ പൊരുതിയ ജേര്‍ണലിസ്റ്റ്

. 'ഇന്നത്തെ കാലത്ത് മനുഷ്യാവകാശത്തിന് വേണ്ടിയും വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരേയും നിലകൊള്ളുന്നവരെ മാവോയിസ്റ്റുകളായാണ് മുദ്ര കുത്തുന്നത്'-ഗൗരി മുമ്പ് പറഞ്ഞ ഈ വാക്കുകളാണ് ഇവിടെ പ്രസക്തമാകുന്നത്.

പിതാവിന്റെ പാതയില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം: ഗൗരി ലങ്കേഷ്; തെരുവില്‍ പൊരുതിയ ജേര്‍ണലിസ്റ്റ്

കവിയും കഥാകൃത്തും സിനിമാ സംവിധായകനും കൂടിയായിരുന്നു ഗൗരി ലങ്കേഷിന്റെ പിതാവ് പി ലങ്കേഷ്. വ്യവസ്ഥാപിത മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് മാറി സഞ്ചരിച്ച തീപ്പൊരി ജേണലിസ്റ്റായിരുന്ന ലങ്കേഷ് രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിലൂടെ മരണം വരെ പലരുടേയും കണ്ണിലെ കരടായിരുന്നു. താന്‍ ആരംഭിച്ച ലങ്കേഷ് പത്രിക എന്ന പത്രത്തിലൂടെയാണ് അദ്ദേഹം പോരാട്ടം നടത്തിയിരുന്നത്. മൂന്ന് മക്കളില്‍ ഗൗരിയായിരുന്നു പിതാവിന്റെ പാത പിന്തുടര്‍ന്ന് ധീരമായ മാധ്യമപ്രവര്‍ത്തനം തെരഞ്ഞെടുത്തത്. 1962ല്‍ ബംഗളുരുവിലാണ് ഗൗരി ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരി ബംഗളുരുവില്‍ ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് വിവാഹശേഷം ഭര്‍ത്താവ് ചിദാനന്ദ രാജ്ഘട്ടയ്‌ക്കൊപ്പം ഡല്‍ഹിയിലേക്ക് പോയ ഗൗരി താമസിയാതെ തിരികെ ബംഗളുരുവിലെത്തി സണ്‍ഡേ മാഗസിന്‍ കറസ്‌പോണ്ടന്റായി 9 വര്‍ഷം പ്രവൃത്തിച്ചു. തുടര്‍ന്ന് ഈ നാട് എന്ന തെലുങ്ക് ടെലിവിഷന്‍ ചാനലില്‍ 16 വര്‍ഷം മാധ്യമപ്രവര്‍ത്തകയായി.


2002ല്‍ പിതാവിന്റെ ആകസ്മിക വേര്‍പാടാണ് ഗൗരിയിലെ മാധ്യമപ്രവര്‍ത്തകയുടെ പുതിയൊരു മുഖം പുറത്തുകൊണ്ടുവന്നത്. പിതാവ് നിര്‍ത്തിയിടത്തു വെച്ച് പോരാട്ടങ്ങള്‍ തുടരാനായി ഗൗരിയും സഹോദരന്‍ ഇന്ദ്രജിത്തും ലങ്കേഷ് പത്രിക എഡിറ്റര്‍ മണിയെ കണ്ട് പത്രം നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തു. പിന്നീടാണ് ഗൗരിയിലെ മാധ്യമപ്രവര്‍ത്തകയുടെ പോരാട്ടവീര്യം രാജ്യം കാണുന്നത്. പിന്നീടങ്ങോട്ട് സംഘപരിവാര്‍ ഫാസിസത്തിനെതിരെയും ഹിന്ദുത്വ പാര്‍ട്ടികള്‍ക്കെതിരെയും ഗൗരി നിരന്തരമായ പോരാട്ടങ്ങളാണ് നടത്തിയത്. ഇതിനിടെ സഹോദരന്‍ ഇന്ദ്രജിത്തുമായി ഗൗരിക്ക് വാര്‍ത്തയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പല വിയോജിപ്പുകളുമുണ്ടായി. പരസ്പരം പൊലീസ് കേസുകള്‍ നല്‍കുന്നതിലേക്ക് പോലും ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം വളരുകയുണ്ടായി.


സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍

ആക്റ്റിവിസ്റ്റ് കൂടിയായി മാറിയ ഗൗരി സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ പോരാടാന്‍ അക്ഷരങ്ങള്‍ക്കൊപ്പം സമരങ്ങളേയും കൂട്ടുപിടിച്ചു. ബാബ ബുധാന്‍ ഗിരിയില്‍ സ്ഥിതി ചെയ്യുന്ന ഗുരു ദത്താത്രേയ ബാബ ബുധാന്‍ ദര്‍ഗയെന്ന സൂഫി ആരാധനാലയത്തെ ഹൈന്ദവവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ ഗൗരി 2003ല്‍ രംഗത്തുവന്നതാണ് ഇതില്‍ ശ്രദ്ധേയമായ പോരാട്ടം. 2012ല്‍ മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ഇവര്‍ നടത്തിയ 'ഹിന്ദു എന്നൊരു മതമില്ല, മറിച്ച് സമൂഹത്തിലെ അധികാര ശ്രേണികള്‍' (ഹയരാര്‍ക്കി) എന്ന പ്രസ്താവന വിവാദമായി. നിലവിലെ ഹിന്ദു സമൂഹത്തില്‍ സ്ത്രീകളെ രണ്ടാം നിര വ്യക്തികളായാണ് പരിഗണിക്കുന്നതെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ലിങ്കായത്ത് വിഭാഗത്തിന് ന്യൂനപക്ഷ പദവി വേണമെന്നാവശ്യപ്പെട്ട ഗൗരി കന്നട കവിയും തത്വചിന്തകനുമായ ബസവണ്ണയുടെ അനുയായികള്‍ ഹിന്ദുക്കളല്ലെന്നും പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനായി എക്കാലത്തും പോരാടിയ വ്യക്തിയാണ് ഗൗരി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്ന ഡോ. കെ ശിവകുമാറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. 2014 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മാധ്യമ ഉപദേശകനായി മാറിയതിനാല്‍ മാധ്യമപ്രവര്‍ത്തകനായ പ്രകാശ് ബെലവാദിയുമായുള്ള 34 വര്‍ഷത്തെ ബന്ധം ഒരു ദിവസം കൊണ്ടാണ് ഗൗരി അവസാനിപ്പിച്ചത്. ബ്രാഹ്മണ മേധാവിത്വത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെ നിരന്തരമായി കലഹിച്ച ഗൗരി പെരുമാള്‍ മുരുകന്‍ വിഷയത്തില്‍ നിരവധി തവണയാണ് തെരുവിലിറങ്ങിയത്.


ബിജെപി നേതാക്കള്‍ക്കെതിരെയുള്ള വാര്‍ത്തയും അനുബന്ധ ജയില്‍വാസവും

ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷി, ഉമേഷ് ദുഷി, ശിവാനന്ദ് ഭട്ട്, വെങ്കിടേഷ് മേസ്ത്രി എന്നിവര്‍ക്കെതിരെ 2008ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഗൗരിയ ജയിലിലാക്കി. ജ്വല്ലറിയുടമയെ കബളിപ്പിച്ച് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. എംപി കൂടിയായിരുന്ന പ്രഹ്ലാദ് ജോഷിയും ഉമേഷ് ദുഷിയും നല്‍കിയ വെവ്വേറെ മാനനഷ്ടക്കേസുകളില്‍ കോടതി ഗൗരിയെ പ്രതി ചേര്‍ത്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൗരി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് 2016 ഒക്ടോബറില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഗൗരിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ ആറ് മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബിജെപിയില്‍ നിന്ന് തന്നെയാണ് തനിക്ക് കൈക്കൂലിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും എന്നാല്‍ അത് തന്നയാളുടെ സ്വകാര്യതയെ മാനിക്കുന്നതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് ഗൗരി കേസിനോട് പ്രതികരിച്ചത്.


സോഷ്യലിസ്റ്റ് പാതയില്‍ വര്‍ഗീയ വിരുദ്ധ പോരാട്ടം

കറകളഞ്ഞ സോഷ്യലിസ്റ്റായിരുന്ന പിതാവ് ലങ്കേഷിന്റെ പാതയിലൂടെയായിരുന്നു ഗൗരിയുടേയും യാത്ര. പിതാവ് പിന്തുടര്‍ന്ന സാമൂഹ്യ-രാഷ്ട്രീയ തത്വശാസ്ത്രത്തെയും ജാതിക്കും മതത്തിനും വര്‍ഗീതയ്ക്കുമെതിരായ പോരാട്ടങ്ങളെ ഏറ്റെടുക്കുകയായിരുന്നു ഗൗരി. ഒരു രൂപയുടെ പരസ്യം പോലും സ്വീകരിക്കാതെയാണ് ഗൗരി മരണം വരെ ലങ്കേഷ് പത്രിക പ്രസിദ്ധീകരിച്ചതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ അഴിമതിയ്ക്കും ബിജെപിയുടെ വര്‍ഗീയതയ്ക്കുമെതിരെ അവര്‍ ഒരു പോലെ പോരാടി. വാര്‍ത്തകള്‍ക്കപ്പുറം തെരുവിലിറങ്ങി പോരാട്ടം നടത്തുക കൂടി ചെയ്ത ഗൗരി ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി എക്കാലത്തും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചുവന്നത്. മോദി ഭക്തരും ഹിന്ദുത്വവാദികളും തന്നെ ജയിലില്‍ അടയ്ക്കാന്‍ ആഗ്രഹിക്കുന്നതായി ഗൗരി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അതേസമയം അരികുവല്‍ക്കരിക്കപ്പെട്ട ജനത്തോടൊപ്പം നിന്ന ഗൗരിയെ എല്ലാക്കാലത്തും വേട്ടയാടിയ സംഘപരിവാര്‍ പാര്‍ട്ടികള്‍ അവരെ മരണശേഷവും നക്‌സല്‍ നേതാവ്, മതംമാറ്റ ലോബിയുടെ പണം വാങ്ങി പ്രവര്‍ത്തിക്കുന്നയാള്‍, ഇടതുപാര്‍ട്ടികളുടെ വക്താവ് എന്നൊക്കെ മുദ്രകുത്തുകയാണ് ചെയ്യുന്നത്.

'ഇന്നത്തെ കാലത്ത് മനുഷ്യാവകാശത്തിന് വേണ്ടിയും വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരേയും നിലകൊള്ളുന്നവരെ മാവോയിസ്റ്റുകളായാണ് മുദ്ര കുത്തുന്നത്'-ഗൗരി മുമ്പ് പറഞ്ഞ ഈ വാക്കുകളാണ് ഇവിടെ പ്രസക്തമാകുന്നത്.

Read More >>