മതപരിവര്‍ത്തനശ്രമം: മധ്യപ്രദേശില്‍ മൂന്ന് ക്രിസ്ത്യന്‍ മിഷണറിമാര്‍ അറസ്റ്റില്‍

മലയാളിയായ പി ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ സഭയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. യേശു ക്രിസ്തുവില്‍ വിശ്വസിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ തങ്ങളുടെ രോഗം മാറുമെന്ന് ഗ്രാമവാസികളോട് പറഞ്ഞ് മതം മാറ്റാനുള്ള ശ്രമം നടത്തിയെന്നാണ് പോലീസ് കേസ്.

മതപരിവര്‍ത്തനശ്രമം: മധ്യപ്രദേശില്‍ മൂന്ന് ക്രിസ്ത്യന്‍ മിഷണറിമാര്‍ അറസ്റ്റില്‍

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ മൂന്ന് ക്രിസ്ത്യന്‍ മിഷണറിമാരെ അറസ്റ്റുചെയ്തു. ഖാണ്ഡ ജില്ലയിലെ സിതാബേലി ഗ്രാമത്തില്‍ നിന്നാണ് അമരസിംഗ് (35), കിഷോര്‍ ബാര്‍ല (30), പ്രഭാകര്‍ ബാര്‍ല (39) എന്നിവരെ അറസ്റ്റു ചെയ്യുന്നത്. യേശു ക്രിസ്തുവില്‍ വിശ്വസിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ തങ്ങളുടെ രോഗം മാറുമെന്ന് ഗ്രാമവാസികളോട് പറഞ്ഞ് മതം മാറ്റാനുള്ള ശ്രമം നടത്തിയെന്നാണ് പോലീസ് കേസ്.

അറസ്റ്റിലായവര്‍ ഇന്ത്യന്‍ ഇവാഞ്ചനിക്കല്‍ സഭാംഗങ്ങളാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ ശശികാന്ത് ശര്യം പറഞ്ഞു. രാജു ബറേല എന്ന പ്രദേശവാസിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സംസ്ഥാനത്ത് നിലവിലുള്ള മതംമാറ്റല്‍ നിരോധിത നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി അദ്ദേഹം പറഞ്ഞു. പ്രതികളില്‍ നിന്ന് കൊന്തയും ക്രിസ്തുമത ഗ്രന്ഥങ്ങളും കണ്ടെടുത്തു. 40 മുതല്‍ 50 വരെ ഗ്രാമീണര്‍ ഇവര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു.