ഹാജി മസ്താനെ മോശമായി ചിത്രീകരിക്കരുത്; രജനീകാന്തിന് മുംബൈയില്‍ നിന്നും ഭീഷണി

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ രജനീകാന്ത് അഭിനയിക്കുന്ന ചിത്രത്തിൽ മുംബൈ അധോലോകനായകൻ ഹാജി മസ്താന്റെ കഥയാണ് പറയുന്നത്. മസ്താനെ മോശമായി ചിത്രീകരിക്കരുത് എന്നാണ് മുംബൈയിൽ നിന്നുമുള്ള ഭീഷണിയിൽ പറയുന്നത്.

ഹാജി മസ്താനെ മോശമായി ചിത്രീകരിക്കരുത്; രജനീകാന്തിന് മുംബൈയില്‍ നിന്നും ഭീഷണി

കബാലിയ്ക്കു ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും പാ രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. മുംബൈ അധോലാകനായകനായിരുന്ന ഹാജി മസ്താന്‌റെ ജീവിതമാണു രഞ്ജിത്ത് പുതിയ സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്നും അറിയുന്നു.

സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും അതിൻ്റെ പേരില്‍ മുംബൈ അധോലോകത്തു നിന്നും രജനീകാന്തിനു ഭീഷണി വന്നിട്ടുണ്ടെന്നാണു ഏറ്റവും പുതിയ വാര്‍ത്ത. ഹാജി മസ്താന്‌റെ ദത്തുപുത്രനായ സുന്ദര്‍ ശേഖര്‍ ആണു സൂപ്പര്‍ സ്റ്റാറിനു ഭീഷണിയുമായി എത്തിയിരിക്കുന്നത്.

ഭാരതീയ ന്യൂനപക്ഷ സുരക്ഷാ സംഘ് എന്ന സംഘടനയുടെ ചെയര്‍മാന്‍ ആണു സുലൈമാന്‍ മിര്‍സ എന്നു ഹാജി മസ്താന്‍ വിളിച്ചിരുന്ന സുന്ദര്‍ ശേഖര്‍. തൻ്റെ പിതാവിനെ കള്ളക്കടത്തുകാരനോ അധോലോകനായകനായോ സിനിമയില്‍ അവതരിപ്പിക്കരുത് എന്നാണു സുന്ദറിന്‌റെ ആവശ്യം. ഹാജി മസ്താനെ മോശമായി ചിത്രീകരിച്ചാല്‍ കടുത്ത ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും സുന്ദർ ഭീഷണി മുഴക്കിയിട്ടുണ്ട്.

'അദ്ദേഹത്തിനെ കള്ളക്കടത്തുകാരനോ അധോലോകനായകനോ ആയി ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. അദ്ദേഹത്തിനെതിരേ അത്തരത്തിലുള്ള ഒരു കേസ് പോലും ഉണ്ടായിട്ടില്ല'- സുന്ദര്‍ പറയുന്നു. മസ്താൻ്റെ ജീവിതത്തിലെക്കുറിച്ച് അറിയാന്‍ രജനീകാന്ത് തന്നോടു സംസാരിക്കുന്നതു നല്ലതായിരിക്കും എന്നും സുന്ദര്‍ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടുകാരനാണു ഹാജി മസ്താൻ. ഗൂഡല്ലൂരിലെ പന്നൈക്കുളം ആണു സ്വദേശം. പിന്നീടു മുംബൈയിലേയ്ക്കു ചേക്കേറിയ അദ്ദേഹം പിതാവിൻ്റെ കൂടെ സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പില്‍ ജോലി ചെയ്തിരുന്നു. മസ്താന് ഇരുപത് വയസ്സുള്ളപ്പോള്‍ മുംബൈ ഹാര്‍ബറില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അവിടെ വച്ചു പരിചയപ്പെട്ട ഒരു അറബിയാണു അദ്ദേഹത്തിനെ കള്ളക്കടത്തിൻ്റെ ലോകത്തെത്തിച്ചത്. അറബിയ്ക്കു വേണ്ടി സ്വര്‍ണ ബിസ്‌കറ്റുകള്‍ കടത്തുന്നതായിരുന്നു ജോലി.

പിന്നീട് മുംബൈയിലെ കള്ളക്കടത്തുകാരനായ സുക്കൂര്‍ നാരായണ്‍ ഭാഖിയയ്ക്കു വേണ്ടി ജോലി ചെയ്യാന്‍ തുടങ്ങി. അധോലോകസംഘങ്ങളുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം പതിയെപ്പതിയെ പല ബിസിനസ്സുകളിലും ഏര്‍പ്പെട്ട് സ്വന്തമായൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയായിരുന്നു.

മുംബൈയിലെ ആദ്യത്തെ ആഘോഷിക്കപ്പെട്ട അധോലാകനായകന്‍ എന്നു തന്നെ ഹാജി മസ്താനെ വിശേഷിപ്പിക്കാം. രാഷ്ട്രീയക്കാരുമായും ബോളിവുഡ് നടന്മാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കു വേണ്ടി ഒരുപാടു സഹായങ്ങളും മസ്താന്‍ ചെയ്തിരുന്നു.