പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ എഴുപതുകാരന്‍; നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി പര്‍ബാത് മക്‌വാന

101 വയസ് പ്രായമുള്ള തന്റെ അമ്മയാണ് ഇക്കാര്യത്തില്‍ പ്രചോദനമെന്ന് പര്‍ബാത് പറയുന്നു. നിരക്ഷര ആണെങ്കിലും അമ്മക്ക് വിദ്യാഭ്യാസമുള്ളവരേക്കാള്‍ കാര്യങ്ങള്‍ അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ എഴുപതുകാരന്‍; നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി പര്‍ബാത് മക്‌വാന

നിശ്ചയദാര്‍ഢ്യവും ക്ഷമയും കൈമുതലായുള്ളവര്‍ക്ക് നേട്ടങ്ങള്‍ അപ്രാപ്യമല്ലെന്ന് പല സംഭവങ്ങളിലൂടെയും തെളിഞ്ഞിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗുജറാത്തിലെ ജുനാഗഡ് സ്വദേശിയായ പര്‍ബാത് മക്‌വാനയെന്ന 70കാരന്‍. 55 വര്‍ഷം മുമ്പ് നിര്‍ത്തിയ പഠനമാണ് പര്‍ബാത് വീണ്ടും തുടരാന്‍ തീരുമാനിച്ചത്. 15ാം വയസില്‍ പത്താംതരം പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും ഈ എഴുപതാം വയസില്‍ പത്താം ക്ലാസ് പരീക്ഷ വിജയിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഇദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ നടത്തുന്ന പര്‍ബാത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയാണ്.

55 വര്‍ഷം കൊണ്ട് പഠനോപകരണങ്ങളും സിലബസും ഏറെ മാറിയെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. 101 വയസ് പ്രായമുള്ള തന്റെ അമ്മയാണ് ഇക്കാര്യത്തില്‍ പ്രചോദനമെന്ന് പര്‍ബാത് പറയുന്നു. നിരക്ഷര ആണെങ്കിലും അമ്മക്ക് വിദ്യാഭ്യാസമുള്ളവരേക്കാള്‍ കാര്യങ്ങള്‍ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. തിരക്കുപിടിച്ച ജീവിതത്തിനിടയിലും പഠനത്തിനായി ദിവസവും കുറച്ച് മണിക്കൂറുകള്‍ കണ്ടെത്താറുണ്ടെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളോടൊപ്പം ഇടപഴകിയുള്ള ജീവിതമായതിനാല്‍ പഠനം എളുപ്പമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഗുജറാത്ത് സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷാ സെക്രട്ടറി ബി എസ് പാഞ്ചല്‍ പര്‍ബാതിന്റെ ശ്രമത്തെ അഭിനന്ദിച്ചു. മറ്റുള്ളവര്‍ക്ക് അനുകരണീയമായ മാതൃകയാണ് പര്‍ബാതിന്റേതെന്ന് അദ്ദേഹം പറഞ്ഞു.