ഒടുവിൽ ഇന്ത്യക്ക് വിജയം; കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ നാൾ വഴികൾ

കുൽഭൂഷൺ ജാദവിനു വധ ശിക്ഷ വിധിച്ച നടപടിയിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി വന്നിരിക്കുന്നു. കുൽഭൂഷൺ ജാദവ് കേസിന്റെ നാൾ വഴികളിലൂടെ..

ഒടുവിൽ ഇന്ത്യക്ക് വിജയം; കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ നാൾ വഴികൾ

ഇന്ത്യന്‍ ചാരസംഘടനയായ റോയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ സേന പാക്കിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റു ചെയ്തത്. കുല്‍ഭൂഷണ് വധശിക്ഷ വിധിച്ച പാക്കിസ്ഥാനു അന്താരാഷ്ട്ര കോടതിയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ച സാഹചര്യത്തിൽ സാഹചര്യത്തില്‍ കേസിന്റെ നാള്‍വഴികളിലൂടെ ഒരു സഞ്ചാരം....

അറസ്റ്റ്

മാര്‍ച്ച് 3, 2016- ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് ചാരപ്രവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റു ചെയ്യുന്നു.

റോ ചാരനെന്ന് ആരോപണം

മാര്‍ച്ച് 24, 2016- കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ചാരസംഘടനയായ റോയ്ക്കു (റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ്) വേണ്ടി ചാരപ്രവൃത്തി നടത്തുകയായിരുന്നുവെന്ന് പാക്ക് സൈന്യം ആരോപിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സമന്‍സ്

മാര്‍ച്ച് 24, 2016- 'ബലൂചിസ്ഥാനിലും കറാച്ചിയിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനായി റോയ്ക്ക് വേണ്ടി കുല്‍ഭൂഷണ്‍ രാജ്യത്ത് നുഴഞ്ഞുകയറിയതിലുള്ള' പ്രതിഷേധം രേഖപ്പെടുത്തി പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സമന്‍സ് അയയ്ക്കുന്നു. '2002ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചതിനാൽ കുല്‍ഭൂഷണ്‍ ജാദവിന് ഇപ്പോൾ സർക്കാരുമായി ബന്ധമില്ലെന്ന്' ഇന്ത്യ മറുപടി നല്‍കുന്നു.


'കുറ്റസമ്മത' വീഡിയോ പുറത്തുവിടുന്നു

മാര്‍ച്ച് 29, 2016- കുല്‍ഭൂഷണ്‍ ജാദവ് കുറ്റസമ്മതം നടത്തുന്നതെന്ന് ആരോപിക്കുന്ന വീഡിയോ പാക്കിസ്ഥാന്‍ പുറത്തുവിടുന്നു. വീഡിയോയില്‍ 'താന്‍ ഇന്ത്യന്‍ നാവികസേനയില്‍ ഓഫീസറാണെന്നും 'റോ'യ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും' ജാദവ് പറയുന്നത് / പറയിപ്പിക്കുന്നത് കേള്‍ക്കാം. കുമ്പസാര വീഡിയോയുടെ ആധികാരകതയില്‍ സംശയം പ്രകടിപ്പിച്ച ഇന്ത്യ വീഡിയോയില്‍ കൃത്രിമം നടന്നിട്ടുള്ളതായി ആരോപിക്കുന്നു.

ബലൂചിസ്ഥാന്‍ പ്രവിശ്യ സർക്കാർ കേസെടുക്കുന്നു

ഏപ്രില്‍ 2016- ഭീകരവാദം, അട്ടിമറി എന്നീ കുറ്റങ്ങളാരോപിച്ച് ബലൂചിസ്ഥാന്‍ പ്രവിശ്യ സർക്കാർ കുല്‍ഭൂഷണിനെതിരെ കേസ് ഫയല്‍ ചെയ്യുന്നു.

മതിയായ തെളിവുകളില്ലെന്ന് പാക്കിസ്ഥാന്‍

ഡിസംബര്‍ 7,2016- പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് കേസുമായി ബന്ധപ്പെട്ട് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നു. കേസില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ കേവലം പ്രസ്താവനകള്‍ മാത്രമാണെന്ന് അദ്ദേഹം പറയുന്നു.


തെളിവുകളില്ലെന്ന പ്രസ്താവനയില്‍ നിന്ന് മലക്കം മറിയല്‍

മാര്‍ച്ച് 3,2017- കേസില്‍ മതിയായ തെളിവുകളില്ലെന്ന പഴയ പ്രസ്താവനയില്‍ നിന്ന് സര്‍താജ് മലക്കം മറിയുന്നു. യാതൊരു സാഹചര്യത്തിലും കുല്‍ഭൂഷണിനെ ഇന്ത്യക്ക് കൈമാറില്ലെന്ന് സര്‍താജ് പാക്കിസ്ഥാന്‍ സെനറ്റില്‍ പറയുന്നു. വിദേശ പൗരന്‍മാരെ കസ്റ്റഡിയില്‍ വയ്ക്കുമ്പോള്‍ പാലിക്കേണ്ട അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു.

വധശിക്ഷാ തീരുമാനം പ്രഖ്യാപിക്കുന്നു

ഏപ്രില്‍ 10,2017- കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിക്കൊല്ലുമെന്ന് പാക്കിസ്ഥാന്‍ സൈന്യം അറിയിക്കുന്നു. സൈനിക കോടതി കുല്‍ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് വധശിക്ഷ നല്‍കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വിവാദ തീരുമാനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം രുക്ഷമാക്കുന്നു. തീരുമാനത്തെ ശക്തമായി അപലപിച്ച ഇന്ത്യ ഇറാനില്‍ നിന്ന് കുല്‍ഭൂഷണിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോയി തെളിവുകളുടെ അഭാവത്തില്‍ വിചാരണയെന്ന പേരില്‍ നാടകം കളിച്ച് വധശിക്ഷക്ക് വിധിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെടല്‍

മെയ് 10,2017- ഇന്ത്യയുടെ പരാതി സ്വീകരിച്ച അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷണ്‍ ജാദവിനെ വധിക്കരുതെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു. പതിനൊന്നംഗ ജൂറിക്ക് മുന്നിൽ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ വാദങ്ങൾ നിരത്തുന്നു.


ഇടക്കാല വിധിയിൽ ഇന്ത്യൻ വിജയം

മെയ് 18,2017 - കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനു വൻ തിരിച്ചടി നൽകി അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഇടക്കാല വിധി. കേസിൽ തീർപ്പുണ്ടാകുന്നതു വരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. വിയന്ന കരാറിന്റെ ലംഘനം നടന്നതായും കുൽഭൂഷൺ ചാരവൃത്തി നടത്തിയെന്ന പാക്കിസ്ഥാന്റെ വാദത്തിനു ബലം നൽകുന്ന തെളിവുകൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു