ഈ നാല് ജഡ്ജിമാര്‍ക്കെതിരെ ഏഴുപേര്‍ ചേര്‍ന്ന് കോടതിയലക്ഷ്യ കേസെടുത്തേക്കാം ; ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍

"നാല് ജഡ്ജിമാര്‍ പ്രസ് കോണ്‍ഫറന്‍സ് നടത്തി. അതൊരു നല്ല കാര്യമാണ്. എങ്കില്‍ പോലും ഈ നാല് ജഡ്ജിമാര്‍ക്കെതിരെ ഏഴുപേര്‍ കൂടിയിട്ട് കോടതിയലക്ഷ്യ കേസെടുക്കാം. സുപ്രീം കോടതി ജഡ്ജിമാരുടെ ഇത്തരത്തിലുള്ള നീക്കം ഒരു സുവര്‍ണാവസരമാണ്. ഇതിനെ നെഗറ്റീവ് ആയിട്ടല്ല ഞാന്‍ കാണുന്നത്, ഇതൊരു പരിഷ്കരണത്തിന്‍റെ ആദ്യപടിയാണ്." ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ മാത്യൂസ് ജെ നെടുംപാറ സംസാരിക്കുന്നു.

ഈ നാല് ജഡ്ജിമാര്‍ക്കെതിരെ ഏഴുപേര്‍ ചേര്‍ന്ന് കോടതിയലക്ഷ്യ കേസെടുത്തേക്കാം ; ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രധാന കുറ്റാരോപിതനായ ജസ്റ്റിസ് ലോയ വധക്കേസിനെ തുടര്‍ന്ന് കോടതി വിട്ട് പുറത്തെത്തി ജുഡീഷ്യറിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാര്‍ക്കെതിരെ ഏഴ് ജഡ്ജിമാര്‍ ചേര്‍ന്ന് കോടതിയലക്ഷ്യം ചുമത്തിയേക്കാമെന്ന് ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകനും മലയാളിയുമായ മാത്യൂസ് നെടുംപാറ നാരദാന്യൂസിനോട് പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ് ഇന്ത്യന്‍ ജുഡീഷ്യറിയിലെ സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവില്‍ കഴിഞ്ഞ ജസ്റ്റിസ് കര്‍ണനാണ് ആദ്യമായി ജുഡീഷ്യറിക്കെതിരെ സംസാരിച്ചത്- മാത്യൂസ് പറഞ്ഞു.

കൊല്‍ക്കത്ത ഹെെക്കോടതിയില്‍ ജഡ്ജ് പദവിയില്‍ തുടരുന്നതിനിടെയായിരുന്നു നടപടി. വിചാരണ കൂടാതെയായിരുന്നു ജസ്റ്റിസ് കര്‍ണന് നടപടി നേരിടേണ്ടിവന്നത്. എന്നാല്‍ താനെപ്പോഴും സത്യത്തിന്‍റെ കൂടെയാണ് നില്‍ക്കുന്നതെന്നും തീവ്രവാദിയല്ലെന്നും അംബേദ്കറിന്‍റെ വളര്‍ത്തുപുത്രനാണെന്നും ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിച്ചത് ഒളിവില്‍ കഴിഞ്ഞ കാലത്തായിരുന്നു.

നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെയും ഇന്ത്യന്‍ നിയമസംവിധാനത്തിനെതിരെയും ആരോപണങ്ങളുന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ സാഹചര്യത്തില്‍ ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ മാത്യൂസ് ജെ നെടുംപാറ സംസാരിക്കുന്നു.

"ജസ്റ്റിസ് കര്‍ണനാണ് ആദ്യമായി ജുഡീഷ്യല്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിച്ചത്. കാരണം ആരും പറയാന്‍ ധൈര്യപ്പെടില്ല, സ്‌കാന്‍ഡലം ജസ്റ്റിഷ്യ ക്യൂറെ എന്നൊരു പഴയ സങ്കല്‍പമുണ്ട്. റോമന്‍ ലോയില്‍, സ്കാന്‍ഡലെെസിങ് ദ കോര്‍ട്ട്. കോടതി അലക്ഷ്യം എന്നത് റോമന്‍ ലോയുടെ അത്രയും പഴക്കമുള്ള സങ്കല്‍പമാണ്. കോടതിയലക്ഷ്യത്തിന് ആളുകളെ കൊന്നുകളഞ്ഞിട്ടുമുണ്ട്. സുപ്രീം കോടതിക്കും ഹൈക്കോടതിക്കും കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരം ഭരണഘടനയില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ട് ഈ കോടതിയലക്ഷ്യം എന്നു പറഞ്ഞിട്ട് ഏത് കൊലകൊമ്പനും പേടിച്ചു വഴങ്ങിപ്പോകും. അതുകൊണ്ട് ആരും കോടതിയെ വിമര്‍ശിക്കാന്‍ മെനക്കെടില്ല. വിമര്‍ശിച്ചുകഴിഞ്ഞാല്‍ കോടതിയോട് മാപ്പ് പറഞ്ഞ് പോകുകയൊക്കെയാണ് ചെയ്യാറുള്ളത്. ആദ്യമായിട്ട് ഞാന്‍ മാപ്പ് പറയില്ല എന്ന് പറയുന്നത് ഇഎംഎസ് നമ്പൂതിരിപ്പാടാണ്. അതുകഴിഞ്ഞ് രണ്ടാമത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍.

നാല് ജഡ്ജിമാര്‍ പ്രസ് കോണ്‍ഫറന്‍സ് നടത്തി. അതൊരു നല്ല കാര്യമാണ്. എങ്കില്‍ പോലും ഈ നാല് ജഡ്ജിമാര്‍ക്കെതിരെ ഏഴുപേര്‍ കൂടിയിട്ട് കോടതിയലക്ഷ്യ കേസെടുക്കാം. കര്‍ണനെ നിയമിച്ചത് പ്രസിഡന്റാണ്, കര്‍ണനെതിരെ നടപടിയെടുക്കേണ്ടിയിരുന്നത് പ്രസിഡന്റാണ്, പാര്‍ലമെന്റാണ്. കര്‍ണനെ ഇംപീച്ച് ചെയ്യേണ്ടത് രാജ്യസഭയിലെയും ലോക്‌സഭയിലെയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടുകൂടിയാണ്. അങ്ങനെ മാത്രമേ കര്‍ണനെ ഇംപീച്ച് ചെയ്യാന്‍ പാടുള്ളൂ. ഇത് അതൊന്നും ഇല്ലാതെ ആദ്യത്തെ ദിവസം തന്നെ പറഞ്ഞു ഞങ്ങള്‍ താങ്കളുടെ ഭരണപരവും നിയമപരവുമായ എല്ലാ അധികാരങ്ങളും പിന്‍വലിക്കുന്നു എന്ന്. ഇംപീച്ച് ചെയ്യുകയും ചെയ്തു ആറുമാസത്തേക്ക് തടവിലിടുകയും ചെയ്തു. കര്‍ണന്‍ നല്ലയാളാണോ അല്ലയോ എന്നുള്ളതല്ല ചോദ്യം. എങ്ങനെയാണ് കര്‍ണനോട് പെരുമാറിയത്? അതാണ് ചോദ്യം.

ഇങ്ങനെ ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. അധികാരമുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യാന്‍ പോലും, വാദിക്കാന്‍ പോലും അവസരം നല്‍കിയില്ല. കര്‍ണന് ചാര്‍ജ് ഷീറ്റില്ല. കര്‍ണന് വാദിക്കാന്‍ വക്കീലില്ല. വക്കീലില്ലാതെ, കോടതി വിധിയില്ലാതെ കര്‍ണനെ ശിക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ ആരും പറയുന്നില്ല, കാരണം എന്നെയും പിടിച്ച് ജയിലിലിട്ടാലോ എന്നാണ് പേടിയുണ്ട്, അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ആറുമാസം ജയിലില്‍ കിടന്നത് അത്ര ചെറിയ കാര്യമാണോ? അതുകൊണ്ടാണ് കര്‍ണന്റെ കുടുംബം കര്‍ണന്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് വിലക്കുന്നത്.

ദീപക് മിശ്രയ്ക്ക് ചെറിയ പ്രായത്തില്‍ തന്നെ ചീഫ് ജസ്റ്റിസ് ആകാന്‍ കഴിഞ്ഞു. ചീഫ് ജസ്റ്റിസിന്റെ മകനായതുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡിനും ഉയര്‍ച്ച സാധിച്ചു. വൈ വി ചന്ദ്രചൂഡ് തന്നെയാണ് അതിനുവേണ്ട എല്ലാ നടപടികളും ചെയ്തത്. 40 വയസ്സിലൊക്കെ ജഡ്ജിയാകാന്‍ കഴിയുന്നത് സുപ്രീം കോടതി ജഡ്ജിന്റെ മക്കള്‍ക്കൊക്കെ മാത്രമേയുള്ളൂ. വ്യക്തിപരമായി ഒരു ജഡ്ജിയോടും വിരോധമില്ല പക്ഷേ വ്യവസ്ഥയോട് പ്രശ്‌നങ്ങളുണ്ട്.

നാഷണല്‍ ലോയേഴ്‌സ് ക്യാംപെയ്ന്‍ ഫോര്‍ ട്രാന്‍സ്പരന്‍സി ആന്‍ഡ് റിഫോംസ് എന്ന പേരില്‍ ഒരു ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്. കേരളത്തിലും ഉണ്ട്. പക്ഷേ കേരളത്തില്‍ താരതമ്യേന ഭേദപ്പെട്ട വ്യവസ്ഥിതിയാണ്. സൗത്ത് ഇന്ത്യ മൊത്തം ഭേദമാണ്. സുപ്രീം കോടതിയില്‍ 95% ജഡ്ജിമാരും ബ്രാഹ്മണരും ഉപരിവര്‍ഗക്കാരുമാണ്. ബോംബെ ഹൈക്കോടതിയിലൊക്കെ എല്ലാ സീനിയര്‍ ജഡ്ജിമാരും ബ്രാഹ്മണരാണ്. മറ്റു സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ല. ജഡ്ജ്മാരായി നിയമിക്കപ്പെടുന്നത് മുന്‍ ജഡ്ജിമാരുടെ ബന്ധുക്കളും കുടുംബക്കാരും ഒക്കെയാണ്. ഉയര്‍ന്ന ജാതിക്കാരും ബ്രാഹ്മണരുമായവര്‍. ഇതൊന്നും ആരും പറയാന്‍ ധൈര്യപ്പെടുന്നില്ല, ഒരു വക്കീലായിക്കഴിഞ്ഞ് പറയുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് ഇതൊന്നും പറയാന്‍ ആരെയും കിട്ടുകയില്ല.

സുപ്രീം കോടതി ജഡ്ജിമാരുടെ ഇത്തരത്തിലുള്ള നീക്കം ഒരു സുവര്‍ണാവസരമാണ്. ഇതിനെ നെഗറ്റീവ് ആയിട്ടല്ല ഞാന്‍ കാണുന്നത്, ഇതൊരു റിഫോര്‍മേഷന്‍ ആദ്യപടിയാണ്. എന്നെ സംബന്ധിച്ച് കോടതിയാണ് ടെംപിള്‍. ഞാന്‍ 34 വര്‍ഷമായി അതിലുണ്ട്, അതൊരു ടെംപിള്‍ ആയിത്തന്നെ ഇരിക്കണമെന്നാണ്. കോടതി വ്യവസ്ഥയോടുളള ആത്മാര്‍ത്ഥമായ സ്‌നേഹം കൊണ്ടാണ് അത് പറയുന്നത്. ഈ വ്യവസ്ഥ പരമമാണ്. പക്ഷേ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കഴിയുന്നത് അതിനകത്തെ ക്രൂരതകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് മാത്രമാണ്. പല അഭിഭാഷകരും പറയുന്നതുകേട്ടിട്ടുണ്ട്, നമ്മുടെ വ്യവസ്ഥയാണ്, നമ്മളായിട്ട് അതിനെപ്പറ്റി മോശമായി പറയാന്‍ പാടില്ല, അതുകൊണ്ട് എന്ത് വൃത്തികേടുണ്ടെങ്കിലും മറച്ചുപിടിക്കണം, അതിനോടെനിക്ക് യോജിപ്പില്ല. ഇത്തരം കാര്യങ്ങളെല്ലാം പുറംലോകമറിയണം. അതിനെ ഇല്ലായ്മ ചെയ്യണം. അത് മൂടിവെച്ചുകൊണ്ട് എന്താണ് കാര്യം? പരിപൂര്‍ണ സുതാര്യതയാണ് പരിഹാരം, അതുമാത്രമേ പരിഹാരമുള്ളൂ. കോടതിയലക്ഷ്യം കൊണ്ട് ആള്‍ക്കാരെ പേടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. സാധാരണ ജനങ്ങള്‍ക്കും കോടതിയെ വിമര്‍ശിക്കാനുള്ള അവസരം കൊടുക്കുക. ആര്‍ക്കൊക്കെ വിമര്‍ശിക്കാം? നല്ല ഇംഗ്ലീഷും നല്ല വിവരവുമുള്ളവര്‍ക്ക് കോടതിയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പറ്റിയാലേ കോടതിയലക്ഷ്യത്തില്‍ പെടാതെ എന്തെങ്കിലും പറഞ്ഞ് നില്‍ക്കാന്‍ പറ്റൂ അല്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ കഴുത്തിന് പിടിക്കും. അതുമാറിയിട്ട് സാധാരണക്കാര്‍ക്കും വലിയ വിദ്യാഭ്യാസമില്ലാത്തവര്‍ക്കും ഈ വ്യവസ്ഥിതിയെ വിമര്‍ശിക്കാന്‍ പറ്റണം. വിമര്‍ശിച്ചാല്‍ ഈ വ്യവസ്ഥിതി തകര്‍ന്നൊന്നും പോകില്ല."- അഡ്വക്കേറ്റ് മാത്യൂസ് പറഞ്ഞു.

Read More >>