ഡൽഹി പോലീസിൽ മുസ്ലിം പ്രാതിനിധ്യം കുറയുന്നു

നാല് വർഷങ്ങൾക്കു മുൻപ് 2013 ഇൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം സേനയിലെ മുസ്ലിം പ്രാതിനിധ്യം 1485 ആയിരുന്നു. ക്രമാനുഗതമായി മുസ്ലിങ്ങളുടെ എണ്ണം ഡൽഹി പോലീസിൽ കുറഞ്ഞു വരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡൽഹി പോലീസിൽ മുസ്ലിം പ്രാതിനിധ്യം കുറയുന്നു

ഡൽഹി പോലീസിൽ മുസ്ലിങ്ങളുടെ എണ്ണം കുറയുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മൊത്തം പോലീസ് സേനയുടെ 1.7 ശതമാനം മാത്രമാണ് മുസ്ലിങ്ങളുടെ പ്രാതിനിധ്യം. 76348 പേരിൽ 1300 പേരാണ് മുസ്ലിങ്ങളുള്ളത്. നാല് വർഷങ്ങൾക്കു മുൻപ് 2013 ഇൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം സേനയിലെ മുസ്ലിം പ്രാതിനിധ്യം 1485 ആയിരുന്നു. ക്രമാനുഗതമായി മുസ്ലിങ്ങളുടെ എണ്ണം ഡൽഹി പോലീസിൽ കുറഞ്ഞു വരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് ജനസംഖ്യാ അനുപാതമാണ് ഡൽഹി പോലീസിനുള്ളത്. 361 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നാണ് അവിടുത്തെ കണക്ക്. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകൾ പുറം ലോകമറിഞ്ഞത്. മൊത്തം 2940 പേരുള്ള വടക്കു കിഴക്കൻ ജില്ലകളിൽ നിന്ന് 123 പേർ മുസ്ലിങ്ങളാണ്. തെക്കു കിഴക്കൻ ജില്ലകളിൽ നിന്ന് 3592 ഇൽ 126 പേരും ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള മദ്ധ്യ ജില്ലകളിൽ നിന്നും 1341 പേരിൽ നിന്നും വെറും 55 പേരുമാണ് മുസ്ലിങ്ങൾ.

2006 ഇൽ രജീന്ദർ സച്ചാറിന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഉന്നതാധികാര സമിതി സർക്കാർ ജോലികളിൽ മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റി കൃത്യമായ നിർദേശങ്ങൾ നൽകിയതാണ്. പോലീസ് സ്റ്റേഷനുകളിൽ മുസ്ലിം പൊലീസുകാരെ കൂടുതലായി നിയമിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടതായിരുന്നു നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത്. മതപരമായ വൈവിധ്യത്തിന് അതിന്റെതായ പോരായ്മകളുണ്ടെങ്കിലും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇത് വഴി സാധിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. കഴിഞ്ഞ വർഷത്തെ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മുസ്ലിങ്ങളിൽ നിന്ന് ലഭിച്ച ഏറ്റവും കൂടുതൽ പരാതി ഡൽഹി പോലീസിനെതിരെയാണ്. 109 പരാതികളിൽ 36 എണ്ണം, ഏതാണ്ട് 33 ശതമാനമാണ് പരാതികളുടെ കണക്ക്. പൊലീസിലെ മുസ്ലിം പ്രാതിനിധ്യം അന്ന് 4 ശതമാനത്തോളമുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 1999 മുതൽ ഇന്ത്യയിലെ മുഴുവൻ മുസ്ലിം പോലീസ് പ്രാതിനിധ്യം 3 മുതൽ 3 .14 ശതമാനത്തിനിടയിലാണ്. ഇന്ത്യൻ ജനസംഖ്യയുടെ 14 .2 ശതമാനമുള്ള മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കാനുള്ള പോലീസുകാരുടെ എണ്ണം ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ തീരെ കുറവാണ്.

പോലീസ് ഡിപ്പാർമെന്റുകൾ ഈ പ്രശ്നം ഗൗരവമായി എടുക്കുകയും പരിഹാരമാർഗങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. മുംബൈ പോലീസ് 'മിഷൻ ദോസ്തി' എന്ന പേരിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് വിദഗ്ധ പരിശീലനം നൽകാനും മത്‌സര പരീക്ഷകളിൽ വിജയം നേടാനും സഹായിക്കുന്നുണ്ട്. പോലീസ് അടക്കമുള്ള സർക്കാർ ഉദ്യോഗങ്ങളിലേക്ക് എത്തിപ്പെടാൻ അവരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.

Read More >>