ദളിത് പഠന വിഭാഗങ്ങള്‍ക്ക് ഫണ്ട് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര തീരുമാനം; യുജിസി ഏപ്രില്‍ മുതല്‍ ഫണ്ടുകള്‍ നിര്‍ത്തും

രാജ്യത്തെ ദളിത്, അംബേദ്ക്കര്‍ തത്ത്വചിന്ത, സംവരണം തുടങ്ങിയ പഠനവിഭാഗങ്ങള്‍ക്കുള്ള ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സെന്ററുകള്‍ക്ക് ഇതുവരെ ഫണ്ട് അനുവദിച്ചിരുന്നത്

ദളിത് പഠന വിഭാഗങ്ങള്‍ക്ക് ഫണ്ട് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര തീരുമാനം; യുജിസി ഏപ്രില്‍ മുതല്‍ ഫണ്ടുകള്‍ നിര്‍ത്തും

ദളിത് പഠന ഗവേഷണകേന്ദ്രങ്ങള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദളിത്, അംബേദ്ക്കര്‍ തത്ത്വചിന്ത, സംവരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഗവേഷണ കേന്ദ്രങ്ങള്‍ക്കാണ് കേന്ദ്ര സഹായം ഇല്ലാതാകുന്നത്. പതിനൊന്നം പഞ്ചവത്സര പദ്ധതിയില്‍ (2007-2012) ഉള്‍പ്പെടുത്തിയാണ് മൂപ്പത്തിയഞ്ച് കേന്ദ്ര സര്‍വ്വകാലാശാലകള്‍ അടക്കമുള്ളവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നത്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ(2012-17) പദ്ധതി കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31ന് ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്ന് യുജിസി സര്‍വ്വകലാശാലകളെ അറിയിച്ചിച്ചുണ്ട്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്നാണ് യുജിസി വ്യക്തമാക്കുന്നു. പഞ്ചവത്സര പദ്ധതി പ്രകാരമുള്ള ധനസഹായമാണ് നിര്‍ത്തലാക്കിയതെന്നും മറ്റുള്ളവ തുടരുമെന്നുമാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. പദ്ധതിയിതര ഫണ്ടുകള്‍ നല്‍കുന്നതില്‍ തടസ്സമില്ലെന്ന് യുജിസി ചെയര്‍മാന്‍ വേദ് പ്രകാശും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിരവധി പേര്‍ ദളിത് വിഷയങ്ങളില്‍ എംഫില്ലും, പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. പദ്ധതി ഫണ്ടുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ബാധിക്കുമെന്നാണ് സര്‍വ്വകലാശാലകള്‍ പറയുന്നത്. മാര്‍ച്ച് 31ന് അധ്യാപകരുടെ കലാവധി അവസാനിക്കുമെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. പല അധ്യാപകരും, വിദ്യാര്‍ത്ഥികളും മറ്റ് സെന്ററുകളിലേക്ക് പോയി തുടങ്ങി. വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയിലുള്ള മറ്റ് അധ്യാപകരോട് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രമോദ് കുമാര്‍ വ്യക്തമാക്കുന്നു.

സ്ത്രീ പഠനവുമായി ബന്ധപ്പെട്ട് 1970-കളില്‍ രാജ്യത്തെ നൂറോളം സര്‍വ്വകലാശാലകളില്‍ ആരംഭിച്ച ഗവേഷണകേന്ദ്രങ്ങള്‍ക്ക് പദ്ധതി വിഹിതപ്രകാരമാണ് ഇപ്പോഴും ഫണ്ടുകള്‍ അനുവദിക്കുന്നത്. ഇവിടങ്ങളില്‍ പദ്ധതിപ്രകാരമുള്ള ഫണ്ടുകള്‍ നിര്‍ത്തലാക്കിയിട്ടില്ല. ദളിത് പഠനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കേണ്ടിടത്ത് അവ നിര്‍ത്തലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ഫണ്ടുകള്‍ നിര്‍ത്തലാക്കുന്നത് നല്ല സൂചനയല്ലെന്ന് ദളിത് എഴുത്തുകാരനും അധ്യാപകനുമായ കാഞ്ച ഇളയ്യ പറഞ്ഞു. ദളിത് പഠനങ്ങള്‍ക്കുള്ള സഹായം നിര്‍ത്തലാക്കുമ്പോള്‍ ജ്യോതിഷം, വേദപഠനം തുടങ്ങിയ പഠനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുകയാണെന്നും വിമര്‍ശനമുണ്ട്. യുജിസി നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെയും രാജ്യത്തെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിന് ധനസഹായം നിഷേധിക്കുന്നതിനെതിരെയും നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിരുന്നു. രോഹിത് വെമുല, രാജിനി കൃഷ് ഉള്‍പ്പെടെയുള്ള ഗവേഷക വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത് ഈ വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു.