ഹാഷിംപുര പോലെ ഇന്നും നീതി തേടുന്ന മല്യാന; ആസൂത്രിത കൂട്ടക്കൊലകൾക്കു പിന്നിലെ പൊലീസ്-ഹിന്ദുത്വ സർക്കാർ ബാന്ധവം

തങ്ങളുടെ നഷ്ടങ്ങൾക്ക് രേഖകളോ തെളിവുകളോ ഇല്ലെന്ന വേദനയോടെ നീതിക്കായി കാത്തിരിക്കുകയാണ് പിറ്റേദിവസം കൂട്ടക്കൊല നടന്ന മല്യാനയിലെ ജനത. ഇതുവരെ പുറത്തുവരാത്ത, കുറ്റക്കാർ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്ന ആ കൂട്ടക്കൊലയെ കുറിച്ചു കൂടിയാണ് ഇവിടെ വിവരിക്കുന്നത്.

ഹാഷിംപുര പോലെ ഇന്നും നീതി തേടുന്ന മല്യാന; ആസൂത്രിത കൂട്ടക്കൊലകൾക്കു പിന്നിലെ പൊലീസ്-ഹിന്ദുത്വ സർക്കാർ ബാന്ധവം

സമൂഹത്തിലെ അധികാര വ്യവസ്ഥക്കു പുറത്തു നിൽക്കുന്നവരെ ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ എങ്ങനെയാണ് പരാജയപ്പെടുത്തുക എന്ന് വെളിവാക്കിയ സംഭവം കൂടിയായിരുന്നു ഹാഷിംപുര മുസ്ലിം കൂട്ടക്കൊല. ഇതിന്റെ ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും ചെറിയൊരു ആശ്വാസമെന്നോണം 31 വർഷങ്ങൾക്കു ശേഷം പ്രതികളെ ​ജീവപര്യന്തം ശിക്ഷ​യ്ക്കു വിധിച്ചപ്പോൾ, തങ്ങളുടെ നഷ്ടങ്ങൾക്ക് രേഖകളോ തെളിവുകളോ ഇല്ലെന്ന വേദനയോടെ നീതിക്കായി കാത്തിരിക്കുകയാണ് പിറ്റേദിവസം കൂട്ടക്കൊല നടന്ന മല്യാനയിലെ ജനത. ഇതുവരെ പുറത്തുവരാത്ത, കുറ്റക്കാർ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്ന ആ കൂട്ടക്കൊലയെ കുറിച്ചു കൂടിയാണ് ഇവിടെ വിവരിക്കുന്നത്.

1985 ലെ ഷാ ബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ രാജീവ് ഗാന്ധി സർക്കാർ നിർമിച്ച നിയമം സർക്കാനെതിരെ മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ഉണ്ടായി. ഇത് മറികടക്കാൻ കോൺഗ്രസ് മൃദു ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ചതിന്റെ ഫലം കൂടിയായിരുന്നു ഹാഷിംപുരയിലും മാലിയെന്നായിലും നടന്ന മുസ്ലിം കൂട്ടക്കൊലകൾ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിരായുധരായ ആളുകളുടെ നേരെ പൊലീസ് നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഹാഷിംപുരയിൽ നടന്നത്.ഹാഷിംപുരയിൽ അന്നു സംഭവിച്ചത്

1987 മെയ് 22- സമയം സന്ധ്യയോടടുക്കുന്നു. റംസാൻ മാസം ആയതിനാൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹാഷിംപുരയിലെ ആളുകൾ എല്ലാം വീട്ടിലുണ്ടായിരുന്നു. പ്ലാറ്റൂൺ കമാൻഡർ സുരീന്ദർ പാൽ സിങിന്റെ നേതൃത്വത്തിലെത്തിയ യുപി പൊലീസിന്റെ സായുധ സേനയായ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റുബുലറി (പിഎസി) സംഘം വീടുകളിൽ കയറി ഇറങ്ങി മുഴുവൻ ആളുകളെയും നിരത്തി നിർത്തി. അതിൽ നിന്നും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും മാറ്റി മറ്റുള്ള പുരുഷന്മാരെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുത്ത ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാതെ രണ്ട് ഒഴിഞ്ഞ പ്രാദേശങ്ങളിൽ നിർത്തി വെടിവച്ചു കൊന്നു. ആദ്യം ജലസേചനത്തിന് ഉപയോഗിക്കുന്ന മുറാദ്‌നഗറിനടുത്തുള്ള അപ്പർ ഗംഗ കനാലിന്റെ അരികിൽ നിർത്തി തൊട്ടടുത്തു നിന്ന് വെടിവച്ചു. ഓരോരുത്തരെയും വെടിവച്ചതിനു ശേഷം അവരുടെ മൃതദേഹങ്ങൾ കനാലിലേക്ക് വലിച്ചെറിഞ്ഞു. വാഹനങ്ങൾ വരുന്നത് കണ്ട് പിഎസി സംഘം ബാക്കിയുള്ളവരെയും കൊണ്ട്‌ മക്കൻപൂരിലെ കനാലിനടുത്തു നിർത്തി വെടിവച്ചു കൊന്നു മൃതദേഹങ്ങൾ കനാലിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രിയിൽ 42 പേരെയാണ് പിഎസി കൂട്ടക്കൊല ചെയ്തത്.

"എന്റെ മക്കൾ വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞു എത്തിയതേ ഉണ്ടായിരുന്നുള്ളു. അപ്പോളാണ് പിഎസിക്കാർ വന്നത്. അവർ ഞങ്ങളുടെ വീടിന്റെ ടെറസ്സിൽ കയറിനിന്നിട്ടു ആരാണ് വെടിവച്ചതെന്നു ചോദിച്ചു. അവരിൽ ഒരാൾ ഡാൻസ് ചെയ്യുകയായിരുന്നു. ഞാൻ എനിക്കറിയില്ല എന്നു പറഞ്ഞപ്പോൾ, പിന്നെ അതാഭ് ബച്ചനാണോ വെടിവെച്ചതെന്നു കളിയാക്കി ചോദിച്ചു. പിന്നെ അവരെന്റെ മകനെ പിടിച്ചുകൊണ്ടുപോയി. അവൻ പിന്നെ തിരിച്ചു വന്നില്ല"-എന്നാണ് കലാപത്തെ നേരിട്ടുകണ്ട ഹാജിറ ബീവി പറഞ്ഞത്. 70 വയസുള്ള അവർ ഇന്നും ഹാഷിംപുരയിലുണ്ട്. അവർക്കു നഷ്ടമായതു മകനെയാണ്. അവരുടെ ഓർമകളിൽ അന്നത്തെ സംഭവങ്ങൾ ഇന്നലെ കഴിഞ്ഞപോലെ തെളിഞ്ഞു കിടപ്പുണ്ട്.വെടിവെപ്പിനു മുമ്പുണ്ടായ കലാപം

1986 ൽ ബിജെപി- സംഘപരിവാർ സംഘടനകൾ രാമക്ഷേത്രം നിർമിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ 1986 ൽ അന്നത്തെ ജില്ലാ ജഡ്ജി ബാബ്‌രി മസ്ജിദ് പൂജകൾക്കായി തുറന്നു കൊടുത്തത് അയോധ്യയിലെയും സമീപ പ്രദേശങ്ങളിലും ഹിന്ദു മുസ്ലിം വിഭാഗീയതയും സംഘർഷവും രൂപപ്പെടുത്തി. സമാന അവസ്ഥയാണ് മീററ്റിലും ഗാസിയാബാദിലും നിലനിന്നിരുന്നത്. ഈ സാഹചര്യത്തിൽ ഉണ്ടായ ചെറിയൊരു ഭൂമി തർക്കം വലിയ കലാപങ്ങളിലേയ്ക്ക് വളർന്നു. ആ വളർച്ചയിൽ ബാബരി മസ്ജിദ്- രാം ജന്മഭൂമി തർക്കത്തിന്റെ വക്താക്കൾ കൃത്യമായ പങ്കു വഹിക്കുകയും ചെയ്തിരുന്നു. രണ്ടു സമുദായങ്ങളുടെയും നേതാക്കൾ വർഗീയത നിറഞ്ഞ പ്രസംഗങ്ങളിലൂടെ പക ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ നീറിനിൽക്കുന്ന സമയത്തുണ്ടായ ഒരു ഭൂമി തർക്കമാണ് മീററ്റിലെ വലിയ കലാപത്തിൽ എത്തിച്ചത്.

മെയ് 16 നു ഒരു ഭൂമി തർക്കത്തിൽ അജയ് ശർമ എന്ന ഒരാൾ വെടിയേറ്റ് മരിച്ചു. അത് ആ ഭാഗത്തു സാധാരണമായ ഒരു സംഭവമായിരുന്നു. നാലുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കണ്ടെത്തുകയും ചെയ്തു. പ്രതികളിൽ ഒരാളായ യാമീൻ എന്ന ആളെ അറസ്റ്റ് ചെയ്യാൻ പൊലീസ് പിഎസിയുടെ സഹായത്തോടെ ശ്രമിച്ചു. എന്നാൽ പൊലീസിനെതിരെയുള്ള പ്രതിഷേധം ശക്തമായിരുന്നു. റംസാൻ മാസം ആയതിനാൽ പൊലീസ് ഹാഷിംപുരയിൽ എത്തിയപ്പോൾ നോമ്പ് തുറക്കുന്ന സമയമായിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് ഉള്ളിലേയ്ക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ അവരെ തടയുകയും പിഎസിക്കാരുടെ തോക്കു പിടിച്ചു വാങ്ങികയും വഴിയിലേക്ക് വലിച്ചു കൊണ്ടുപോകുകയും ചെയ്തു. ആദ്യം പൊലീസും മുസ്ലിങ്ങളും തമ്മിലുണ്ടായിരുന്ന സംഘർഷത്തിന് പെട്ടന്ന് വർഗീയ നിറം വന്നു. ഈ സംഘർഷം വലിയ വർഗീയ കലാപമായി വളർന്നു.
മുസ്ലീം പള്ളിയിൽ നിന്നും ഉച്ചഭാഷിണിയിൽ വിശ്വാസം സംരക്ഷിക്കാൻ ഇറങ്ങണമെന്നു ആരോ വിളിച്ചു പറഞ്ഞു. ഇത് ഹിന്ദുക്കളെയും മുസ്ലീങ്ങളേയും പരിഭ്രാന്തരാക്കി. ഇത് വലിയ അക്രമങ്ങളിലേയ്ക്ക് നയിച്ചു. ആര് ആരെയാണ് കൊല്ലുന്നതെന്നു അറിയാത്ത അവസ്ഥ. ആദ്യ ഘട്ടത്തിൽ 15 പേരോളം കൊല്ലപ്പെടുകയും 350 കടകൾ കത്തി നശിക്കുകയും ചെയ്തു. അനിശ്ചിത കാലത്തേയ്ക്ക് നിരോധനാജ്ഞ നിലവിൽ വന്നു. പട്ടാളത്തെയും കേന്ദ്രസേനയെയും കൂടുതൽ പിഎസിയെയും വിന്യസിച്ചു. എന്നാൽ അപ്പോഴേയ്ക്കും കാലാപം കൂടുതൽ പ്രദേശത്തേയ്ക്കു വ്യാപിച്ചിരുന്നു. രണ്ടു വിഭാഗങ്ങളിലുംപെട്ട നൂറ്റമ്പതോളം പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും വെടിവെപ്പും ബോംബ് സ്ഫോടനങ്ങളും ഉണ്ടായി. 36 ജില്ലകളിൽ നിരോധനാജ്ഞ നിലവിൽ വന്നു. സംസ്ഥാന വ്യാപകമായി പൊതുസമ്മേളനങ്ങൾ നിരോധിച്ചു. പിന്നീടുള്ള 10 ദിവസം തെരുവുകളിൽ ഉയർന്നു കേട്ട ശബദം പൊലീസിന്റെയും പട്ടാളത്തിന്റെയും ബൂട്ടുകളുടേതായിരുന്നു.

മീററ്റിലെ ആറു ലക്ഷത്തോളം വരുന്ന ജനം വീടുകളിൽ ഭയന്ന് കതകടച്ചിരുന്നു. 13,000 ത്തോളം വരുന്ന പൊലീസും പട്ടാളവും നഗരത്തിൽ റോന്തുചുറ്റി. കൂടുതൽ കലാപങ്ങൾക്കും അക്രമണങ്ങൾക്കുമായി രണ്ടു വിഭാഗവും പദ്ധതി ഇടുന്നുണ്ടെന്നു ഇന്റലിജൻസ് വിവരം ലഭിച്ചു. വീടുകളിൽ ആയുധങ്ങളുണ്ടോയെന്നു തിരയാൻ തീരുമാനമായി. സൈന്യം ആളുകളെ വീടുകളിൽ നിന്നും ഒഴിപ്പിക്കും, പുരുഷന്മാർ ലൈസൻസുള്ള ആയുധങ്ങളുമായി പുറത്തു വരണം അവരെ അടുത്തുള്ള സ്ഥലത്തേയ്ക്ക് കൊണ്ടു പോകും, ആയുധങ്ങൾ പൊലീസ് സ്വീകരിക്കും, സിആർപിഎഫ് വനിതാ വിഭാഗം പരിശോധന നടത്തും ഇതായിരുന്നു രീതി. ഇത്തരത്തിൽ വലിയ തോതിൽ ആയുധങ്ങൾ കണ്ടെത്തി. 2000 ൽ അധികം ആളുകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
ഇങ്ങനെ കാര്യങ്ങൾ നിയന്ത്രണത്തിൽ സമാധാനപരമായി പോകുമ്പോഴായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച പൊലീസ് വേട്ട അരങ്ങേറുന്നത്. പിഎസിയോ സൈന്യമോ ഇല്ലാത്ത സ്ഥലത്തായിരുന്നു കൂട്ടക്കൊല നടന്നത്. കലാപകാലത്തു ആ ഭാഗത്തു ആക്രമണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സ്ഥലമായിരുന്നു അത്. വലിയ ഗൂഢാലോചനയാണ് നടന്നെതെന്നു പല മനുഷ്യാവകാശ സംഘടനകളും നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവം നടന്ന മേഖലയിൽ തലേ ദിവസം മാത്രമാണ് പിഎസി എത്തിയത്. തെളിവ് നശിപ്പിക്കുന്നതിനും സാക്ഷികളെ പിന്തിരിപ്പിക്കുന്നതിനും കൃത്യമായ ഇടപെടലുകൾ നടന്നു.

"അവർ ഞങ്ങളെ പിഎസിയുടെ ട്രക്കിൽ പിടിച്ചുകയറ്റി കൊണ്ടുപോയി. കനാലിന്റെ അടുത്ത് ട്രക്ക് എത്തിയപ്പോൾ ഞങ്ങളിൽ ഒരാളെ അവർ പുറത്തിറക്കി തൊട്ടടുത്ത് നിന്ന് വെടിവച്ചു. രക്ഷിക്കണേ എന്ന് പറഞ്ഞു ഞങ്ങൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ അവർ നിരന്തരം വെടി വയ്ക്കാൻ തുടങ്ങി. എനിക്ക് കാലിലാണ് വെടിയേറ്റത്. എന്റെ അമ്മാവന് ചങ്കിലാണ് വെടിയേറ്റത്. അമ്മാവൻ അപ്പോൾ തന്നെ മരിക്കുകയും ചെയ്തു. മരിച്ചു എന്ന് തോന്നിയവരെ കനാലിലേക്ക് എടുത്തെറിഞ്ഞുകൊണ്ടിരുന്നു. കൊന്നു തള്ളുന്നതിനിടയിൽ അവരെന്നെ കനാലിലേക്ക് എറിഞ്ഞു. നേരെത്തെ ചാടിയ രണ്ടുപേർ എന്റെ കാലിൽ പിടിച്ചു രക്ഷപെടുത്തി. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒരുവിധത്തിൽ രക്ഷപെട്ടു. പിന്നീട് കുറച്ചു ലോക്കൽ പൊലീസുകാർ ഞങ്ങളെ പരാതി കൊടുക്കാൻ സഹായിച്ചു. അവർ തന്നെയാണ് ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചതും". രക്ഷപ്പെട്ട സാക്ഷി മുജീബ് പറഞ്ഞതിങ്ങനെയാണ്. "അന്ന് ഞാൻ ചെറുപ്പമായിരുന്നു. വീടുകൾക്കുള്ളിൽ ഉള്ള നെയ്ത്തുശാലകളിലാണ് ജോലി ചെയ്തിരുന്നത്. അയാൾ കൂട്ടക്കൊലയിൽ നിന്നും രക്ഷപെട്ട ആളും സാക്ഷിയുമാണ്. പക്ഷെ എനിക്ക് കോടതിയിൽ പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ല"- അന്നത്തെ സംഭവത്തെ കുറിച്ച് അയാൾ ഓർക്കുന്നതിങ്ങനെയാണ്.മല്യാനയിലെ കൊലപാതകങ്ങൾ

ഹാഷിംപുരയിലെ കൂട്ടക്കൊല നടന്നതിന്റെ പിറ്റേദിവസം മെയ് 23നു അതിനടുത്തു തന്നെയുള്ള മല്യാനയെന്ന എന്ന മറ്റൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെത്തിയ പിഎസിയിലെ പൊലീസുകാർ ഹിന്ദു കലാപകാരികളോടൊപ്പം മുസ്ലീങ്ങളുടെ 200 ലധികം വീടുകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ആളുകളെ വെടിവച്ചു കൊല്ലുകയും ചെയ്തു. അന്നത്തെ സംഭവത്തിൽ 73 പേരാണ് കൊല്ലപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല മാത്രമല്ല ഹാഷിംപുരയിൽ അരങ്ങേറിയത്. സമൂഹത്തിലെ അധികാര വ്യവസ്ഥക്കു പുറത്തു നിൽക്കുന്നവരെ ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ എങ്ങനെയാണ് പരാജയപ്പെടുത്തുക എന്ന് വെളിവാക്കുകയും ചെയ്ത സംഭവം കൂടിയായിരുന്നു അത്. ഇതിന്റെ ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും ചെറിയൊരു ആശ്വാസമെന്നോണം 31 വർഷങ്ങൾക്കു ശേഷം പ്രതികളെ ​ജീവപര്യന്തം ശിക്ഷ​യ്ക്കു വിധിച്ചപ്പോൾ, തങ്ങളുടെ നഷ്ടങ്ങൾക്ക് രേഖകളോ തെളിവുകളോ ഇല്ലെന്ന വേദനയോടെ നീതിക്കായി കാത്തിരിക്കുകയാണ് പിറ്റേദിവസം കൂട്ടക്കൊല നടന്ന മല്യാനയിലെ ജനത. അന്നത്തെ ഗാസിബാദ് എസ്പിയായിരുന്ന വിഭൂതി നാരായൺ റായ് ഇടപെട്ടു എഫ്ഐആർ ഉറപ്പാക്കിയതുകൊണ്ടു മാത്രമാണ് ഹാഷിംപുരയിൽ നടന്ന പൊലീസ് ക്രൂരത പുറത്തറിഞ്ഞത്. എന്നാൽ മല്യാനയിൽ കസ്റ്റഡിയിൽ എടുത്തവരെ ക്രൂരമായി മർദിക്കുകയും ബലം പ്രയോഗിച്ചു രേകഖകളിൽ വിരലടയാളം പതിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തതിനാൽ കേസിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല.ഗാസിയാബാദ് എസ്പിയോട് ലോക്കൽ പൊലീസ് പറഞ്ഞത്

"ലിങ്ക് റോഡ് പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. എസ്ഐ വിബി സിങ് ആയിരുന്നു സ്റ്റേഷൻ ഹൗസ് ഓഫീസർ. ഏകദേശം രാത്രി ഒൻപതു മണിക്ക് വെടിയൊച്ച കേട്ട സിങ് കൊള്ളക്കാരാണെന്നു കരുതി ഒരു കോൺസ്റ്റബിളിനെയും കൂട്ടി ബൈക്ക് എടുത്തു സംഭവസ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. കുറച്ചു ദൂരം ചെന്നപ്പോഴേയ്ക്കും വലിയ വേഗതയിൽ ഒരു ട്രക്ക് അവരുടെ നേരെ വരുന്നത് കണ്ടു. അയാൾ വെട്ടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ വാഹനത്തിനടിയിൽ പെടുമായിരുന്നു. മഞ്ഞ നിറമുള്ള ട്രക്കിൽ കാക്കിയിട്ട ആളുകൾ ഇരിക്കുന്നത് കണ്ടു വണ്ടിയിൽ 41 എഴുതിയിരിക്കുന്നതും കണ്ടു. ഏതൊരു പൊലീസുകാരനും അത് പിഎസി 41ാം ബറ്റാലിയന്റെ ട്രക്ക് ആണെന്ന് മനസിലാകും"- അന്നത്തെ ഗാസിയാബാദ് എസ്പി ആയിരുന്ന വിഭൂതി നാരായൺ പറയുന്നു.

പിഎസി ട്രക്ക് ഈ വഴിയിലൂടെ ആ സമയം എന്തിനാണ് പോകുന്നതെന്ന് സിങ്ങിന് സംശയം തോന്നി. വെടിയൊച്ച കേട്ടതും ട്രക്കും തമ്മിൽ ബന്ധം ഉണ്ടെന്നും അയാൾ സംശയിച്ചു. തുടർന്ന് അദ്ദേഹവും കോൺസ്റ്റബിളും വെടിയൊച്ച കേട്ട സ്ഥലത്തേയ്ക്ക് പോയി. മകൻപൂർ അടുക്കാറായപ്പോൾ അവർ ആ ദാരുണമായ ദൃശ്യം കണ്ടു. കനാലിലും അതിന്റെ ചെരുവിലും റോഡിലൂടെ ശവങ്ങൾ കിടക്കുന്നു. അപ്പോൾ അവർക്ക് വെടിയൊച്ച കേട്ടതും ട്രക്കും തമ്മിൽ ഉള്ള ബന്ധം മനസിലായി- വിഭൂതി നാരായൺ അയാളുടെ പുസ്തകത്തിൽ പറയുന്നു. വിഭൂതി നാരായണിന്റെ അടുത്തെത്തിയ വിബി സിങ് സംഭവിച്ച കാര്യങ്ങൾ നാരായണിനോട് പറഞ്ഞു. നാരായണിന്റെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.അന്വേഷണം

സംഭവം പുറത്തറിഞ്ഞതോടെ മനുഷ്യാവകാശ സംഘടനകളും ന്യുനപക്ഷ സംഘടനകളും പ്രക്ഷോഭങ്ങൾ നടത്തി. പ്രധാനമന്ത്രി രാജീവ് ഗാന്ധി കലാപ പ്രദേശങ്ങൾ സന്ദർശിച്ചു. മനുഷ്യാവകാശ സംഘടനയായ പിയുസിഎല്ലിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് രജീന്ദർ സച്ചാർ, ഐകെ ഗുജ്റാൾ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തി. സമിതി 1987 ജൂൺ 23 നു റിപ്പോർട്ട് സമർപ്പിച്ചു. യുപി സർക്കാർ രണ്ടു ഏജൻസികളെയാണ് അന്വേഷണം ഏൽപ്പിച്ചത്. ഒന്ന് ക്രൈം ബ്രാഞ്ച് (സിബിസിഐഡി), മറ്റൊന്ന് കമ്മീഷൻ. തുടക്കം മുതൽ യുപി സർക്കാർ മെല്ലപ്പോക്കു നയമാണ് ഈ വിഷയത്തിൽ എടുത്തത്. ആറു വർഷം കൊണ്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയത്. രണ്ടു വർഷത്തിന് ശേഷം റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷൻ 1995 ൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരകളും ബന്ധുക്കളും അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നവരെ ഈ റിപ്പോർട്ട് പുറത്തു വിട്ടിരുന്നില്ല.

വൈകി വന്ന നീതി?

അന്വേഷണത്തിനു ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ സിആർപിസി 197ാം വകുപ്പ് പ്രകാരം കുറ്റപത്രം സമർപ്പിച്ചത് 1996 ലാണ്. പ്രതികളായ പൊലീസുകാരോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. 1994 നും 2000 നും ഇടയിൽ 23 തവണയാണ് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ വച്ച് ഇവർക്ക് വാറന്റ് അയച്ചത്. 1998 നും ഏപ്രിൽ 2000 ത്തിനും ഇടയിൽ 17 തവണ ജാമ്യം ലഭിക്കാത്ത വാറന്റുകൾ അയച്ചു. എന്നിട്ടും ഹാജരാകാതിരുന്ന ഇവർ പൊതുജന പ്രതിഷേധത്തെ തുടർന്ന് 2000 ലാണ് ഗാസിയാബാദ് ജില്ലാ കോടതിയിൽ കീഴടങ്ങിയത്. അവിടെ നിന്നും ജാമ്യം ലഭിച്ച ഇവർ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇരകളും ബന്ധുക്കളും സമർപ്പിച്ച ഹർജി പ്രകാരം സുപ്രീംകോടതി ഗാസിയാബാദ് ജില്ലാക്കോടതിയിൽ നിന്നും ഡൽഹിയിലെ കോടതിയിലേക്ക് മാറ്റി. 2004 വരെ യുപി സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. 2004 ൽ നിയമിച്ച ആളെ പിന്നീട് യോഗ്യത ഇല്ലെന്നു കണ്ടു നീക്കം ചെയ്യേണ്ടി വന്നു. അവസാനം വിചാരണ തുടങ്ങിയത് ജൂലൈ 2006 നാണ്.2015 മാർച്ച് 21 ന് ഡൽഹിയിലെ തിസ് ഹസാരെ കോടതി തെളിവുകൾ ഇല്ലെന്നു പറഞ്ഞ് 16 പ്രതികളെയും വെറുതെ വിട്ടു. ഈ വിധി തള്ളിയാണ് ഇന്നലെ ഡൽഹി ഹൈക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 31 വർഷങ്ങൾക്കു ശേഷമാണ് ഇരകൾക്കും ബന്ധുക്കൾക്കും നീതി ലഭിച്ചത്. എന്നാൽ മാലിയന്നായിലെ 73 പേരുടെ കുടുംബങ്ങൾ ഇന്നും നീതിക്കുവേണ്ടി കാത്തുനിൽക്കുകയാണ്. ജനാധിപത്യവും സർക്കാരും നീതിന്യായ വ്യവസ്ഥയും നീതിയും എന്നെങ്കിലും ആ വഴി വരുമെന്ന് കരുതി.

Read More >>