ആധാറുമായി ബന്ധിപ്പിച്ചില്ല: ആധാർ പ്രൊജക്ട് ഡയറക്ടറുടെ കണക്ഷൻ കട്ട് ചെയ്ത് മൊബൈൽ സേവനദാതാവ്

“ആളുകൾക്ക് ആധാർ കാർഡ് വിതരണം ചെയ്യുന്ന വിഭാഗത്തിന്റെ മേധാവിയായ എനിക്കു തന്നെയാണ് ഈ സ്ഥിതി വന്നത് എന്നതാണ് ഇതിന്റെ വിരോധാഭാസം”- പ്രഭാകർ പറയുന്നു

ആധാറുമായി ബന്ധിപ്പിച്ചില്ല: ആധാർ പ്രൊജക്ട് ഡയറക്ടറുടെ കണക്ഷൻ കട്ട് ചെയ്ത് മൊബൈൽ സേവനദാതാവ്

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാത്തതിന് ആധാർ പ്രൊജക്ട് ഡയറക്ടറുടെ കണക്ഷൻ കട്ട് ചെയ്ത് മൊബൈൽ സേവന ദാതാവ്. ആധാർ സേവനം നൽകുന്ന സർക്കാർ സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ പ്രൊജക്ട് ഡയറക്ടറായ പ്രഭാകർ എച്ച്എൽന്റെ സിം കാർഡ് ആണ് മൊബൈൽ സേവന ദാതാവ് ഡീ ആക്ടിവേറ്റ് ചെയ്തത്. ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ തന്റെ മൊബൈൽ കണക്ഷൻ നിർജീവമായ വിവരം പ്രഭാകർ തന്നെയാണ് അറിയിച്ചത്.

അഞ്ചു ദിവസം മുമ്പാണ് സംഭവമുണ്ടായതെന്ന് പ്രഭാകർ പറയുന്നു. മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിച്ചിട്ടില്ലെന്നും അതിനാൽ കണക്ഷൻ റദ്ദു ചെയ്യുകയാണെന്നും കാണിച്ച് മൊബൈൽ സേവനദാതാവിന്റെ എസ്എംഎസ് ലഭിച്ചതായി പ്രഭാകർ പറഞ്ഞു. എന്നാൽ താൻ മൊബൈൽ കണക്ഷൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് പ്രഭാകർ പറയുന്നത്.

കണക്ഷൻ പുനഃസ്ഥാപിക്കണമെങ്കിൽ വിരലടയാളമടക്കമുള്ള തന്റെ ബയോമെട്രിക് വിവരങ്ങൾ വീണ്ടും നൽകണമെന്നാണ് പ്രഭാകറിനോട് മൊബൈൽ സേവന ദാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ താൻ ആധാർ വിവരങ്ങൾ താൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും മൊബൈൽ നമ്പർ മുമ്പേ തന്നെ ലിങ്ക് ചെയ്തിട്ടുണ്ടെന്നും പ്രഭാകർ പറഞ്ഞു.

"ആളുകൾക്ക് ആധാർ കാർഡ് വിതരണം ചെയ്യുന്ന വിഭാഗത്തിന്റെ മേധാവിയായ എനിക്കു തന്നെയാണ് ഈ സ്ഥിതി വന്നത് എന്നതാണ് ഇതിന്റെ വിരോധാഭാസം. അതിന്റെ നിയമങ്ങളൊക്കെ അറിയാവുന്നയാളാണ് ഞാൻ. മൊബൈൽ സേവനദാതാവ് ആളുകളെ കബളിപ്പിക്കുന്നതിന്റെ തെളിവാണിത്"- പ്രഭാകർ പറയുന്നു. യുഐഡി അതോറിറ്റിയുടെ കർണാടക സംസ്ഥാന പ്രൊജക്ട് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന പ്രഭാകർ എച്ച്എൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള സെന്റർ ഫോർ ഇ ഗവേർണൻസിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.