തെലങ്കാന മോഡല്‍ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനം

പ്ലാസ്റ്റിക്ക് മാലിന്യം ഫീസായി സ്വീകരിക്കുന്ന അസ്സാമിലെ സ്‌കൂള്‍, ഒരു കിലോ പ്ലാസ്റ്റിക്കിന് സൗജന്യമായി ഊണ് നല്‍കുന്ന ചത്തീസ്ഗഢിലെ കഫേ എന്നിവ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഉദാഹരണങ്ങളാണ്

തെലങ്കാന മോഡല്‍ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനം

പരിസ്ഥിതി നശീകരണത്തിന് പ്ലാസ്റ്റിക്ക് നല്‍കുന്ന സംഭാവന ചെറുതല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്നത് ഭരണ സംവിധാനങ്ങള്‍ക്ക് ബാലികേറാ മലയാണ്. എന്നാല്‍ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് നൂതന ആശയങ്ങളുമായാണ് സര്‍ക്കാരും വിവിധ സംഘടനകളും മുന്നോട്ട് വന്നിരിക്കുന്നത്.

പ്ലാസ്റ്റിക്ക് മാലിന്യം ഫീസായി സ്വീകരിക്കുന്ന അസ്സാമിലെ സ്‌കൂള്‍, ഒരു കിലോ പ്ലാസ്റ്റിക്കിന് സൗജന്യമായി ഊണ് നല്‍കുന്ന ചത്തീസ്ഗഢിലെ കഫേ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പ്ലാസ്റ്റിക്ക് കുപ്പികള്‍ പ്ലാസ്റ്റിക്ക് ക്രഷ് മെഷീനുകളില്‍ നിക്ഷേപിച്ചു കൊണ്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം വൈകാതെ തന്നെ ഇന്ത്യന്‍ റെയില്‍വെ നടപ്പിലാക്കും.

ഒരു നൂതന ആശയവുമായി ഈ യജ്ഞത്തില്‍ പങ്കാളികളായിരിക്കുകയാണ് തെലങ്കാനയിലെ മുളുഗു ജില്ല. 'ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി' എന്ന ആശയമാണ് മുളുഗു ജില്ലാ കളക്ടര്‍ സി നാരായണ റെഡ്ഡി മുന്നോട്ട് വെച്ചത്. 174 ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളായ സ്‌ട്രോ, സ്പൂണ്‍, ഗ്ലാസ്, കാരി ബാഗ് തുടങ്ങിയവ സംസ്ഥാനത്ത് നിരോധിക്കുന്നതിന് മുന്നോടിയായാണ് ഈ ആശയം മുന്നോട്ട് വെച്ചത്.

ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക്ക് കളക്ഷന്‍ സെന്ററുകള്‍ വഴി ഗ്രാമങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു. 'പ്ലാസ്റ്റിക്ക് മാലിന്യത്തെ കുറിച്ചും അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു പ്രചോദനമായിട്ടാണ് പകരം അരി നല്‍കുന്നത്. വന്യമൃഗങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പ്രസിദ്ധമാണ് ഞങ്ങളുടെ ജില്ല. ഇത് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അതിനാല്‍ ശുചിത്വം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമ്പോഴും പ്ലാസ്റ്റിക്ക് പ്രതിബന്ധമായി നില്‍ക്കുകയാണ്. 2020 ആകുമ്പോഴേക്കും ഇന്ത്യ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി' കളക്ടര്‍ സി നാരായണ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയിലെ ഓരോ ഗ്രാമത്തിലും ഏതാണ്ട് 1.5 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മാലിന്യം വേര്‍തിരിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ ഇവയെല്ലാം മണ്ണില്‍ തന്നെ കിടക്കും. ടൂറിസ്റ്റ് പ്രദേശങ്ങളില്‍ നിന്നാകട്ടെ രണ്ട് ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന് പകരം അരി എന്ന ആശയം ആവാസവ്യവസ്ഥയുടെ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു.

Read More >>