വാഗ്ദാനം പാലിക്കാവാവില്ല; തെലങ്കാനയില്‍ മുസ്ലീം സംവരണം പത്ത് ശതമാനമാക്കി കുറയ്ക്കാൻ തീരുമാനം

പട്ടികവര്‍ക്കാരുടെ സംവരണത്തിനെക്കുറിച്ച് പഠിച്ച സുധീര്‍ കമ്മീഷനും ചെല്ലപ്പ കമ്മീഷനും നിര്‍ദ്ദേശിച്ചത് പത്ത് ശതമാനം സംവരണം ആയിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്ന പന്ത്രണ്ട് ശതമാനം നല്‍കുന്നത് നിയമപ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നുള്ളതു കൊണ്ടാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച തോത് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.

വാഗ്ദാനം പാലിക്കാവാവില്ല; തെലങ്കാനയില്‍ മുസ്ലീം സംവരണം പത്ത് ശതമാനമാക്കി കുറയ്ക്കാൻ തീരുമാനം

തെലങ്കാനയില്‍ മുസ്ലീം, പട്ടികവര്‍ഗക്കര്‍ക്കുള്ള സംവരണം 10 ശതമാനമാക്കി കുറച്ചേക്കും. തെലങ്കാന രാഷ്ട്രസമിതിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 12 ശതമാനം സംവരണത്തില്‍ നിന്നുമാണ് ഈ കുറവ്. ഇതു സംബന്ധിച്ചുള്ള കരട് ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും.

നിലവില്‍ പിന്നോക്ക വിഭാഗക്കാരായ മുസ്ലീങ്ങള്‍ക്കുള്ള സംവരണം നാല് ശതമാനമാണ്. പട്ടികവര്‍ഗക്കാര്‍ക്ക് നിലവില്‍ ആറ് ശതമാനവുമാണ് സംവരണം. പുതിയ ബില്‍ അനുസരിച്ച് ഇരുകൂട്ടര്‍ക്കും പത്ത് ശതമാനം വീതമാകും സംവരണം.

പട്ടികവര്‍ക്കാരുടെ സംവരണത്തിനെക്കുറിച്ച് പഠിച്ച സുധീര്‍ കമ്മീഷനും ചെല്ലപ്പ കമ്മീഷനും നിര്‍ദ്ദേശിച്ചത് പത്ത് ശതമാനം സംവരണം ആയിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്ന പന്ത്രണ്ട് ശതമാനം നല്‍കുന്നത് നിയമപ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നുള്ളതു കൊണ്ടാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച തോത് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.

തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ചുള്ള സംവരണം നല്‍കുന്നതിനെ തെലങ്കാന ബിജെപി ഘടകം ശക്തമായി എതിര്‍ത്തിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് ചന്ദ്രശേഖര്‍ റാവുവിന്‌റെ സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.

മുസ്ലീങ്ങള്‍ക്ക് പന്ത്രണ്ട് ശതമാനം സംവരണം നല്‍കാനുള്ള നീക്കത്തിനെ ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും വിമര്‍ശിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് നിലവിലുള്ള നാല് ശതമാനം സംവരണവും ഇല്ലാതാക്കരുതെന്ന് ഒവൈസി തെലങ്കാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുതിയ സംവരണം നിലവില്‍ വരുമ്പോള്‍ തെലങ്കാനയില്‍ മൊത്തം സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആയി ഉയരും.