യുവാവ് സ്വപ്‌നത്തില്‍ കണ്ട ശിവലിംഗത്തിനു വേണ്ടി ദേശീയപാത കുഴിച്ചു

ഐഎസ്ആര്‍ഒ ചരിത്രം തിരുത്തിക്കുറിച്ച ദിവസം തന്നെയായിരുന്നു ശാസ്ത്ര പുരോഗതിയെ നാണം കെടുത്തിയ വാര്‍ത്തയും പുറത്തുവന്നത്. തെലുങ്കാനയിലെ ജന്‍ഗാവ് ജില്ലിയിലുള്ള പേമ്പാര്‍ത്തി ഗ്രാമത്തിലായിരുന്നു യുവാവ് സ്വപ്‌നത്തില്‍ ദര്‍ശനം നടത്തിയ ശിവലിംഗത്തിനു വേണ്ടി ദേശീയ പാത തുരന്നത്...

യുവാവ് സ്വപ്‌നത്തില്‍ കണ്ട ശിവലിംഗത്തിനു വേണ്ടി ദേശീയപാത കുഴിച്ചു

ശ്രീഹരിക്കോട്ടയില്‍ നിന്നും ജിഎസ്എല്‍വി മാര്‍ക്ക് 3 കുതിച്ചുയര്‍ന്ന സമയം തെലുങ്കാനയില്‍ രാഷ്ട്രീയ നേതാക്കള്‍ യുവാവ് സ്വപ്‌നത്തില്‍ കണ്ട ശിവലിംഗത്തിനു വേണ്ടി ദേശീയപാത തുരക്കുകയായിരുന്നു. ഐഎസ്ആര്‍ഒ ചരിത്രം തിരുത്തിക്കുറിച്ച ദിവസം തന്നെയായിരുന്നു ശാസ്ത്ര പുരോഗതിയെ നാണം കെടുത്തിയ വാര്‍ത്തയും പുറത്തുവന്നത്. തെലുങ്കാനയിലെ ജന്‍ഗാവ് ജില്ലയിലുള്ള പേമ്പാര്‍ത്തി ഗ്രാമത്തിലായിരുന്നു യുവാവ് സ്വപ്‌നത്തില്‍ കണ്ട ശിവലിംഗത്തിനു വേണ്ടി ദേശീയ പാത തുരന്നത്.

ലക്ഷ്മണ്‍ മനോജ് എന്ന യുവാവാണ് സ്വപ്നത്തില്‍ കണ്ട ശിവലിംഗത്തിനായി ദേശീയ പാത കുഴിച്ചത്. ദിവസങ്ങളിലായി തന്റെ സ്വപ്‌നത്തില്‍ എത്തുന്ന ശിവഭഗവാന്‍ ദേശീയ പാതയിലെ ഒരു പ്രത്യേക സ്ഥലം കുഴിച്ചാല്‍ ശിവലിംഗം ലഭിക്കുമെന്നു തന്നോടു പറയാറുണ്ടായിരുന്നുവെന്നായിരുന്നു യുവാവിന്റെ വാദം. വാറംഗല്‍-ഹൈദരാബാദ് ദേശീയ പാതയുടെ നടുക്ക് കുഴിക്കാനായിരുന്നു ലക്ഷ്മണ്‍ മനോജിനു ദര്‍ശനം ലഭിച്ചത്. തുടര്‍ന്നു തന്റെ സ്വപ്‌നത്തെക്കുറിച്ച് ഇയാള്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളോടും പഞ്ചായത്ത് അധികൃതളോടും പറഞ്ഞു.

ലക്ഷ്മണിന്റെ വാദം ആദ്യമൊന്നും ഇവര്‍ ചെവിക്കൊണ്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ ദേശീയ പാത കുഴിച്ചു ശിവലിംഗം പുറത്തെത്തിക്കണമെന്നാവശ്യപെ്ട്ട് അധികാരികളെ സമീപിക്കുന്നുണ്ടായിരുന്നു. ഇക്കാലമത്രയും എല്ലാ തിങ്കളാഴ്ചയും ലക്ഷ്മണ്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് അവിടെ പൂജ നടത്തി വരികയായിരുന്നു.

ലക്ഷ്മണിന്റെ സ്വപ്‌നത്തില്‍ വിശ്വാസം തോന്നിയ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഒടുവില്‍ ഭൂമി കുഴിച്ചു ശിലിംഗം പുറത്തെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷമണിന്റെ നേതൃത്വത്തത്തില്‍ നടന്ന പൂജകള്‍ക്കൊടുവില്‍ ജെസിബി ഉപയോഗിച്ചു ദേശീയ പാത കുഴിച്ചു. പത്ത് അടി കുഴിച്ചാല്‍ ശിവലിംഗം ലഭിക്കുമെന്നായിരുന്നു ലക്ഷ്മണിന് വെളിപാടുണ്ടായത്. എന്നാല്‍ 15 അടി കുഴിച്ചെങ്കിലും ശിവലിംഗം ലഭിച്ചില്ല. അഞ്ചു അടികൂടി കുഴിച്ചു നോക്കിയെങ്കിലും ഒന്നും കാണാത്തതിനെ തുടര്‍ന്നു ഖനനം നിര്‍ത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ദേശീയ പാത 163 ല്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തുകയും ലക്ഷമണ്‍ മനോജിനേയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനുമതിയില്ലാതെയാണ് റോഡ് കുഴിച്ചതെന്നു പൊലീസ് അറിയിച്ചു. പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.